ചെറുതല്ല, ചെറുധാന്യങ്ങൾ

വീടുകളിൽ എള്ളും പഞ്ഞപ്പുല്ലും കൃഷി ചെയ്ത് ധാരാളമായി കഴിച്ചു വളർന്ന പഴയ തലമുറയ്ക്ക് ജീവിതശൈലീരോഗങ്ങൾ അന്യമായിരുന്നു
ചെറുതല്ല, ചെറുധാന്യങ്ങൾ

#റീന വർഗീസ് കണ്ണിമല

ജീവിതശൈലീ രോഗങ്ങൾ- ഒരു നാൽപ്പതു വർഷം മുമ്പ് കേരളീയർ ഇതൊക്കെ വിരളമായേ കേട്ടിരുന്നുള്ളൂ. വാതരോഗങ്ങളല്ലാതെ ഇന്ന് കണ്ടു വരുന്ന ജീവിതശൈലീരോഗങ്ങളൊന്നും അത്ര സുപരിചിതങ്ങളായിരുന്നില്ല അക്കാലങ്ങളിൽ. ശുദ്ധജലവും ശുദ്ധവായുവും മാത്രമല്ല, വിഷമില്ലാതെ പാടത്തുനിന്നു കൊയ്തെടുത്ത തൊണ്ടിയരിയും നാടൻ കുത്തരിയിനങ്ങളുമാണ് കേരളത്തിന്‍റെ തീൻ മേശകളെ അന്ന് അലങ്കരിച്ചിരുന്നത്. സ്കൂളുകളിൽ കുട്ടികൾക്ക് ചെറുധാന്യങ്ങളിലൊന്നായ മേയ്സ് ആണ് ഉപ്പുമാവായി നൽകിയിരുന്നത്. വീടുകളിൽ എള്ളും പഞ്ഞപ്പുല്ലും കൃഷിചെയ്ത് ധാരാളമായി കഴിച്ചു വളർന്ന ആ തലമുറയ്ക്ക് ജീവിതശൈലീരോഗങ്ങൾ അന്യമായിരുന്നതിനു കാരണവും മറ്റൊന്നല്ല.

മുത്തശ്ശിമാർ തങ്ങളുടെ പേരക്കുട്ടികൾക്ക് വിളർച്ചയുണ്ടാകാതിരിക്കാൻ കാരെള്ളും കരിപ്പെട്ടിയും ചെറിയ കയ്യുരലിലിട്ട് ഇടിച്ചുരുട്ടി ഉരുളകളാക്കി നൽകിയിരുന്നു. ഇത് വിളർച്ചയെ തടുക്കാൻ മാത്രമല്ല, ബുദ്ധിക്ക് ഉണർവും നൽകിയിരുന്നു.

അട്ടപ്പാടിയിലെ ആദിവാസികളിൽ നിന്ന് മില്ലറ്റുകളെ കുറിച്ച് നമുക്കൊത്തിരി പഠിക്കാനുണ്ട്. അവരുടെ പരമ്പരാഗത ഭക്ഷണം തന്നെ തിന, ചാമ, ചോളം, റാഗി തുടങ്ങിയ ഈ മില്ലറ്റുകളാണ്. അട്ടപ്പാടി പോലുള്ള പ്രദേശത്ത് അധികം ജലസേചന സൗകര്യമില്ലാതെ തന്നെ ഇവ നന്നായി വളരും. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് തൂക്കം കൂടാനും ഉണർവും ഉത്സാഹവുമുണ്ടാകാനും ചാമക്കഞ്ഞിയാണ് നൽകിയിരുന്നതെന്ന് ഒരു ആദിവാസി മുത്തശ്ശി പറഞ്ഞതോർക്കുന്നു.

വികസനത്തിന്‍റെ മറവിൽ അവരുടെ പരമ്പരാഗത കൃഷികൾ അവസാനിപ്പിച്ചും കമ്യൂണിറ്റി കിച്ചൺ പോലുള്ള അശാസ്ത്രീയ മാർഗങ്ങളവലംബിച്ചും അവരുടെ ആരോഗ്യം നമ്മൾ തൂത്തെറിഞ്ഞു. സിക്കിൾ സെൽ അനീമിയ അവരിൽ പടരുന്നതിന്‍റെ കാരണവും ഗർഭാവസ്ഥയിലും അല്ലാതെയും കുഞ്ഞുങ്ങൾ മരണപ്പെടുന്നതും അവിടെ പതിവായി. ഇതെല്ലാം അവരുടെ ആരോഗ്യശീലത്തിൽ നാട്ടുകാർ ചെലുത്തിയ അശാസ്ത്രീയ കടന്നു കയറ്റം കൊണ്ടുണ്ടായതായിരുന്നു.

എന്നാൽ, നിലവിൽ അട്ടപ്പാടി കേരളത്തിന്‍റ മില്ലറ്റ് ഗ്രാമമാണ്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് അട്ടപ്പാടിയിലെ മില്ലറ്റ് കൃഷി തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശക്തമായ പരിശ്രമങ്ങൾ നടത്തിത്തുടങ്ങിയത്. എന്തായാലും അതു വിജയം കണ്ടതിന്‍റെ ആശ്വാസത്തിലാണ് ആദിവാസികൾ.

പ്രമേഹത്തെയും ഹൃദ്‌രോഗത്തെയും രക്തസമ്മർദത്തെയുമെല്ലാം ചെറുക്കാൻ കൃത്യമായ മില്ലറ്റ് ഉപയോഗം കൊണ്ടു സാധിക്കും. എന്നാൽ ഒരേ സമയം ഒന്നിൽ കൂടുതൽ മില്ലറ്റുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. റാഗി അയൺ, കാൽസ്യം എന്നിവ കൂടുതലടങ്ങിയതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതും ഹൃദയത്തെ സംരക്ഷിക്കുന്നതുമാണ്. കോഡോ മില്ലറ്റ് അറിയപ്പെടുന്നതു തന്നെ ഷുഗർ അരി എന്നാണ്. എന്നാൽ തണുത്ത ശരീരപ്രകൃതമുള്ളവർക്ക് കോഡോ മില്ലറ്റ് വിപരീത ഫലം ചെയ്യും.

ജീവിതശൈലീരോഗങ്ങളുടെ അനിയന്ത്രിതമായ വർധനവിനെ തുടർന്ന് ഇന്ത്യ ചെറുധാന്യങ്ങൾക്കും ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വലിയ പ്രാധാന്യമാണ് അടുത്തകാലത്തായി നൽകി വരുന്നത്. അതു കൊണ്ടാണ് 2018 ചെറുധാന്യ വർഷമായി ഇന്ത്യ ആചരിച്ചത്. തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മില്ലറ്റ് രാജ്യത്തെ പതിനാലു സംസ്ഥാനങ്ങൾക്ക് മില്ലറ്റ് ഉൽപാദനത്തിനായി സാമ്പത്തിക സഹായവും നൽകിയിരുന്നു. ഇതോടെ 2021ആയപ്പോഴേക്കും ഇന്ത്യയുടെ മില്ലറ്റ് ഉൽപാദനം 164 ലക്ഷം ടണ്ണിൽ നിന്ന് 176 ലക്ഷം ടണ്ണായി ഉയർന്നു. മില്ലറ്റിന്‍റെ കയറ്റുമതിയുടെ വർധനവിലും ഇതു പ്രകടമായി. മില്ലറ്റിനു നൽകുന്ന ഈ പ്രോത്സാഹനം ഇന്ത്യ ലോകമെമ്പാടും പ്രചരിപ്പിക്കുകയാണിപ്പോൾ. ഇന്ത്യ മുൻകൈയെടുത്തതിനെ തുടർന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്ഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ 2023 ചെറുധാന്യ വർഷമായി ആചരിക്കുകയാണ്. ഇതിനെ തുടർന്നാണ് കേന്ദ്ര ബജറ്റിൽ മന്ത്രി നിർമലാ സീതാരാമൻ മില്ലറ്റ് പ്രചരണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com