കോവിഡ് ബാധിച്ചവരില്‍ മുമ്പുണ്ടായിരുന്ന വൈറസുകള്‍ വീണ്ടും സജീവം

ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെയും യുഎസിലെയും ക്യാനഡയിലെ ഒന്‍റാറിയോയിലെയും 20ലേറെ ബയോമെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷകരുടെ പഠനത്തിലാണ് ഇതു കണ്ടെത്തിയത്
Pre-existing viruses reactivate in people infected with Covid

കോവിഡ് ബാധിച്ചവരില്‍ മുമ്പുണ്ടായിരുന്ന വൈറസുകള്‍ വീണ്ടും സജീവം

Updated on

ബോസ്റ്റൺ: ഗുരുതരമായ കോവിഡ് ബാധ ശരീരത്തിൽ നേരത്തെയുണ്ടായ അണുബാധകൾക്കു ശേഷം നിശ്ചലാവസ്ഥയിൽ തുടരുന്ന ചില വൈറസുകളെ വീണ്ടും സജീവമാക്കുന്നതായി പുതിയ പഠനം.ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെയും യുഎസിലെയും ക്യാനഡയിലെ ഒന്‍റാറിയോയിലെയും 20ലേറെ ബയോമെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 1154 കോവിഡ് രോഗികളിൽ നിന്നും ഒരു വർഷത്തിനിടയിൽ ശേഖരിച്ച രണ്ടു ലക്ഷത്തിലേറെ സാമ്പിളുകളാണ് ഗവേഷകർ പരിശോധിച്ചത്.

കോവിഡിന് കാരണമാകുന്ന സാർസ്-കോവ്-2 (SARS-CoV-2 - Severe Acute Respiratory Syndrome Coronavirus 2) വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള ആദ്യ 40 ദിവസത്തിനുള്ളില്‍ 11 വ്യത്യസ്ത നിശ്ചല വൈറസുകള്‍ വീണ്ടും സജീവമായതായി ഗവേഷകര്‍ കണ്ടെത്തി. എപ്സ്റ്റീന്‍-ബാര്‍ വൈറസ്, സൈറ്റോമെഗലോവൈറസ്, ഹെര്‍പീസ് സിംപ്ലക്‌സ് വൈറസ്-1 എന്നിവയുള്‍പ്പെടെയുള്ള നിരവധി ഹെര്‍പീസ് വൈറസുകളും അനെല്ലോവിരിഡേ വിഭാഗത്തില്‍പ്പെടുന്ന വൈറസുകളും വീണ്ടും സജീവമായതായി കണ്ടെത്തി. സാധാരണയായി ആരോഗ്യമുള്ളവരില്‍ നിര്‍ജീവമായി തുടരുന്ന ഈ വൈറസുകള്‍ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വീണ്ടും സജീവമാകാം.

മിക്ക മുതിര്‍ന്നവരിലും കാണപ്പെടുന്ന അനെല്ലോവിരിഡേ വൈറസിന്‍റെ വീണ്ടുമുള്ള സജീവത ദീര്‍ഘകാല ശാരീരിക വൈകല്യവും കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നതായും പഠനം കണ്ടെത്തി. പ്രാഥമിക കോവിഡ് അണുബാധയ്ക്ക് ശേഷം നാലാഴ്ചയിലേറെ രോഗലക്ഷണങ്ങള്‍ തുടരുന്ന അവസ്ഥയാണ് ലോങ് കോവിഡ്. അതേസമയം, എപ്സ്റ്റീന്‍-ബാര്‍ വൈറസും സൈറ്റോമെഗലോവൈറസും രോഗപ്രതിരോധ ശേഷി കുറയുന്നതിനെക്കാള്‍ ശരീരത്തിലെ വീക്കത്തോടുള്ള പ്രതികരണമായാണ് വീണ്ടും സജീവമായതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഗുരുതരമായ രോഗാവസ്ഥയില്‍ വൈറസുകള്‍ വീണ്ടും സജീവമാകുന്നതിന്റെ ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരു രീതിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

ഇതോടെ സംഭവത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. പുനഃസജീവമായ വൈറസുകള്‍ രോഗത്തിന്‍റെ തീവ്രതയില്‍ ഏതെങ്കിലും പങ്കുവഹിക്കുന്നുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്നും ഇത് യാദൃശ്ചികമായ സംഭവമായിരിക്കാനും സാധ്യതയുണ്ടെന്നും പഠനത്തില്‍ പങ്കെടുത്ത ഡോ. വില്യം ഷാഫ്‌നര്‍ പറഞ്ഞു. അതേസമയം, അനെല്ലോവൈറസുകള്‍ ഇതുവരെ മനുഷ്യരില്‍ രോഗമുണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അവയ്ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളില്‍ പങ്കുണ്ടോ എന്ന് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ അറിയിച്ചു. ഗുരുതര കോവിഡ് ഒഴിവാക്കുന്നതിനായി പ്രായമായവര്‍ ഉള്‍പ്പെടെയുള്ള അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങളില്‍ വാക്‌സിനേഷന്‍ തുടരുന്നത് പ്രധാനമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

logo
Metro Vaartha
www.metrovaartha.com