
പ്രോട്ടീൻ പൗഡറുകളിൽ അപകടകരമാം വിധം ലെഡ്
Photo: Scott Meadows/Consumer Reports
ജിംനേഷ്യത്തിൽ പോകുന്നതും ശരീരം സംരക്ഷിക്കുന്നതും യുവജനങ്ങളിൽ ഏറെ പ്രിയതരമായ ഒരു കാര്യമാണിന്ന്. സ്ത്രീ പുരുഷ ഭേദമെന്യേ ഇപ്പോൾ ആൾക്കാർ ജിമ്മിൽ പോകുന്നതും പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കുന്നതും സാധാരണമായിക്കഴിഞ്ഞു. ചിലരാകട്ടെ ഭക്ഷണം പോലും ഉപേക്ഷിച്ച് പ്രോട്ടീൻ പൗഡറുകൾ ഉപയോഗിച്ചുള്ള ഷേക്കുകളും മറ്റുമാണ് ദൈനംദിന ഭക്ഷണക്രമത്തിൽ ഉപയോഗിക്കുന്നത്.
എന്നാൽ അടുത്ത കാലത്തായി കേരളത്തിൽ ജിംനേഷ്യത്തിൽ പോകുകയും പ്രോട്ടീൻ പൗഡറുകൾ സ്ഥിരമായി ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്ന യുവാക്കളിൽ കുഴഞ്ഞു വീണുള്ള മരണം സാധാരണമായിരിക്കുന്നു. പലപ്പോഴും വേ പ്രോട്ടീൻ സപ്ലിമെന്‍റുകളും മറ്റും ഓൺലൈനായി വരുത്തിയാണ് ഇക്കൂട്ടർ കഴിക്കാറ്.
എന്നാൽ നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷം അമെരിക്കയിലെ കൺസ്യൂമർ റിപ്പോർട്ട്സ് നടത്തിയ അന്വേഷണത്തിൽ നിലവിലെ 23 ജനപ്രിയ പ്രോട്ടീൻ പൗഡർ കമ്പനികൾ ഉൽപാദിപ്പിക്കുന്ന പൗഡറുകളിൽ 400 ശതമാനം മുതൽ 600 ശതമാനം വരെ ലെഡ് അടങ്ങിയിരിക്കുന്നു എന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തു വരുന്നത്
. പേരുകൾ മാറിയാലും നമ്മുടെ കേരളത്തിൽ ലഭ്യമാകുന്ന പ്രോട്ടീൻ പൗഡറുകളിലും ഇതു തന്നെയാകാം സംഭവിക്കുന്നത് എന്ന ആശങ്കയിലേയ്ക്കാണ് ഈ അന്വേഷണം വഴി തെളിക്കുന്നത്. പ്രോട്ടീൻ പൗഡറിനോടുള്ള ആരോഗ്യ ഭ്രമം വർധിച്ചതാണ് കൂടിയ അളവിൽ ലെഡ് ഉപയോഗിക്കുന്നതിലേയ്ക്കു നയിച്ചത് എന്ന് അന്വേഷകർ വിലയിരുത്തുന്നു.
23 പ്രോട്ടീൻ പൗഡറുകളിലും റെഡി-ടു-ഡ്രിങ്ക് ഷേക്കുകളിലുമാണ് ഹെവി മെറ്റൽ ആയ ലെഡിന്‍റെ അളവ് അത്യധികം കൂടിയതായി കണ്ടെത്തിയത്. ഇത്തരം പ്രോട്ടീൻ പൗഡറുകൾ പണം മുടക്കി വാങ്ങി കഴിക്കുന്നതിലും നല്ലത് ആരോഗ്യ ദായകമായ ഭക്ഷണശീലമാണ് എന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.