അൽഷിമേഴ്സ് - ഓർമകൾ മറയുമ്പോൾ... | Alzheimer's detection, care

അൽഷിമേഴ്സ് - ഓർമകൾ മറയുമ്പോൾ...

zavgorodniy_d

ഓർമകൾ മറയുമ്പോൾ...

അൽഷിമേഴ്‌സ് രോഗവും കുടുംബത്തിന്‍റെ കരുതലും
Summary

ഒരു വ്യക്തിയുടെ ഓർമകളെ മാത്രമല്ല, ചിന്തകളെയും പെരുമാറ്റത്തെയും സ്വഭാവത്തെയുമൊക്കെ മാറ്റിമറിക്കുന്ന അൽഷിമേഴ്സ് രോഗത്തിന്‍റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതും, പരിചരണത്തിന്‍റെ പ്രാധാന്യം മനസിലാക്കുന്നതും, മാനസികമായി തയാറെടുക്കുന്നതും നിർണായകമാണ്. രോഗിയെയും കുടുംബാംഗങ്ങളെയും ഒരുപോലെ സങ്കടപ്പെടുത്തുന്ന ദീർഘമായ യാത്രയെ അഭിമുഖീകരിക്കാൻ ഇത് അനിവാര്യമാണ്.

ഡോ. ബി. പാർത്ഥസാരഥി

അൽഷിമേഴ്‌സ് രോഗം (Alzheimer's disease - ആൽറ്റ്സൈമേഴ്സ് ഡിസീസ്) എന്നത് കേവലം മറവിയുടെ രോഗമല്ല, അതിനുമപ്പുറം ആഴത്തിലുള്ള വെല്ലുവിളികൾ നിറഞ്ഞ ഒരു അവസ്ഥയാണ്. ഈ രോഗം ഒരു വ്യക്തിയുടെ ഓർമകളെ മാത്രമല്ല, ചിന്തകളെയും പെരുമാറ്റത്തെയും സ്വഭാവത്തെയും പതുക്കെ മാറ്റിമറിക്കുന്നു. ഇത് രോഗിയെയും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങളെയും ഒരുപോലെ സങ്കടപ്പെടുത്തുന്ന ഒരു നീണ്ട യാത്രയാണ്. ഈ സാഹചര്യത്തിൽ, രോഗത്തിന്‍റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതും, പരിചരണത്തിന്‍റെ പ്രാധാന്യം മനസിലാക്കുന്നതും, മാനസികമായി തയാറെടുക്കുന്നതും നിർണായകമാണ്.

രോഗസാധ്യത

അൽഷിമേഴ്സ് - ഓർമകൾ മറയുമ്പോൾ... | Alzheimer's detection, care

freepik.com

പ്രായം കൂടുന്നതനുസരിച്ച് അൽഷിമേഴ്‌സ് വരാനുള്ള സാധ്യത വർധിക്കുമെങ്കിലും, ഇത് വാർധക്യത്തിന്‍റെ സ്വാഭാവികമായ ഒരു അവസ്ഥയല്ല. സാധാരണയായി 65 വയസിനു ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. 65നും 84നും ഇടയിൽ പ്രായമുള്ള പതിമൂന്നിൽ ഒരാൾക്കും, 85 വയസിനു മുകളിലുള്ള മൂന്നിൽ ഒരാൾക്കും ഈ രോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

പ്രായമല്ലാത്ത മറ്റു ചില ഘടകങ്ങളും രോഗസാധ്യത വർധിപ്പിക്കുന്നുണ്ട്. പുകവലി, അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്റ്ററോൾ, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ അൽഷിമേഴ്‌സിനു കാരണമാകാറുണ്ട്. ജനിതകമായ കാരണങ്ങളും ഇതിൽ ഒരു ഘടകമാണ്; മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ അൽഷിമേഴ്സ് ഉണ്ടെങ്കിൽ രോഗസാധ്യത 25% വർധിക്കും.

ആദ്യ ലക്ഷണങ്ങൾ

അൽഷിമേഴ്സ് - ഓർമകൾ മറയുമ്പോൾ... | Alzheimer's detection, care
Oksana Fishkis

അൽഷിമേഴ്‌സിന്‍റെ ലക്ഷണങ്ങൾ വളരെ സാവധാനമാണ് കണ്ടുതുടങ്ങുന്നത്. ചെറിയ ഓർമക്കുറവായിരിക്കും മിക്കവാറും തുടക്കം. ക്രമേണ ചിന്താശേഷിക്കും യുക്തിബോധത്തിനും മാറ്റങ്ങളുണ്ടാകുന്നു, തുടർന്ന് ആശയക്കുഴപ്പവും പെരുമാറ്റത്തിലുള്ള മാറ്റങ്ങളും പ്രകടമാകും. ഈ ലക്ഷണങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. കാരണം, ഇത് നേരത്തേയുള്ള ചികിത്സയ്ക്കും, രോഗത്തിന്‍റെ പുരോഗതി കുറയ്ക്കുന്നതിനും, വരാനിരിക്കുന്ന വെല്ലുവിളികൾ നേരിടാൻ കുടുംബാംഗങ്ങളെ സജ്ജരാക്കുന്നതിനും സഹായിക്കും.

കരുതലും വെല്ലുവിളികളും

അൽഷിമേഴ്സ് - ഓർമകൾ മറയുമ്പോൾ... | Alzheimer's detection, care
cff999

ഓരോ അൽഷിമേഴ്‌സ് രോഗിക്കും അവർക്കു താങ്ങും തണലുമായി ഒരു കുടുംബാംഗമോ പരിചാരകനോ വേണം. പരിചരണത്തിന്‍റെ മാനസികവും ശാരീരികവുമായ സമ്മർദം അവർക്ക് പലപ്പോഴും നേരിടേണ്ടിവരുന്നു. ഒരു പരിചാരകൻ നേരിടാനിടയുള്ള ചില ബുദ്ധിമുട്ടുകൾ ഇവയാണ്:

  • മാനസിക സമ്മർദം: പ്രിയപ്പെട്ടവരുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്ന കാഴ്ച വലിയ മാനസിക സമ്മർദമുണ്ടാക്കും.

  • ശാരീരിക ബുദ്ധിമുട്ടുകൾ: രോഗിയുടെ ദൈനംദിന കാര്യങ്ങൾക്കായി കൂടുതൽ സഹായം ആവശ്യമുള്ളതുകൊണ്ട് ശാരീരികമായ അധ്വാനം വർധിക്കുന്നു.

  • സാമൂഹിക ഒറ്റപ്പെടൽ: പരിചരണത്തിന്‍റെ ഉത്തരവാദിത്വ വർധിക്കുമ്പോൾ, പലപ്പോഴും സ്വന്തം സുഹൃദ്ബന്ധങ്ങളിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നു അവർക്ക് പിൻവലിയേണ്ടി വരുന്നു.

  • സാമ്പത്തിക ബുദ്ധിമുട്ടുകൾ: ദീർഘകാല പരിചരണത്തിന് വലിയ സാമ്പത്തികച്ചെലവുകൾ വന്നേക്കാം.

ഈ വെല്ലുവിളികൾ മനസിലാക്കുക എന്നതാണ് പരിചരിക്കുന്നവരെ പിന്തുണയ്ക്കുന്നതിനുള്ള ആദ്യപടി. അവഗണിക്കാൻ പാടില്ലാത്ത, ഈ യാത്രയിലെ നിശ്ശബ്ദ പോരാളികളാണ് അവർ.

വൈകാരിക പിന്തുണ

അൽഷിമേഴ്സ് - ഓർമകൾ മറയുമ്പോൾ... | Alzheimer's detection, care

freepik.com

അൽഷിമേഴ്‌സ് രോഗിയെ ഒറ്റയ്ക്കു പരിചരിക്കുന്നത് അസാധ്യമാണ്. കുടുംബങ്ങൾ സഹായം തേടുകയും അത് സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പിന്തുണയ്ക്കുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ചില വഴികൾ ഇതാ:

  • സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരുമായി ആശയങ്ങൾ പങ്കുവെക്കുന്നത് വൈകാരിക ആശ്വാസം നൽകും.

  • മാനസിക സമ്മർദം, വിഷാദം എന്നിവയെ നേരിടാൻ വിദഗ്ധരുടെ സഹായം (കൗൺസിലിങ്) തേടുന്നത് നല്ലതാണ്.

  • ഡേ കെയർ സെന്‍ററുകൾ, റെസ്പൈറ്റ് കെയർ, ബോധവത്കരണ പരിപാടികൾ എന്നിവ പരിചാരകരുടെ ജോലിഭാരം കുറയ്ക്കും.

  • കുടുംബാംഗങ്ങളുടെ പങ്കാളിത്തം: ഉത്തരവാദിത്വങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ പങ്കുവയ്ക്കുന്നതു വഴി, ഒരാളിൽ മാത്രം ഭാരം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാം.

കരുണയോടെ, കരുതലോടെ...

അൽഷിമേഴ്സ് - ഓർമകൾ മറയുമ്പോൾ... | Alzheimer's detection, care

freepik.com

അൽഷിമേഴ്‌സ് രോഗം വെറുമൊരു ചികിത്സാവിഷയം മാത്രമല്ല, മാനുഷികമായ ഒരു വെല്ലുവിളികൂടിയാണ്. ഈ രോഗത്തിനു പരിഹാരമില്ലെങ്കിലും, ശരിയായ പിന്തുണയിലൂടെ ഈ യാത്രയെ നമുക്ക് കൂടുതൽ എളുപ്പമുള്ളതാക്കാൻ കഴിയും. രോഗികളെ പരിചരിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവരുടെ ഓർമകൾ മാത്രമല്ല, അവരുടെ അന്തസും സന്തോഷവും കൂടി നിലനിർത്താനാണ് ശ്രമിക്കുന്നത്. ഓരോ ഘട്ടത്തിലും അവർക്കും രോഗിക്കും അവശ്യമായ പിന്തുണ നൽകുക എന്നതാണ് ഈ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അൽഷിമേഴ്സ് - ഓർമകൾ മറയുമ്പോൾ... | Alzheimer's detection, care

ഡോ. ബി. പാർത്ഥസാരഥി

(അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റാണ് ലേഖകൻ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com