അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കാനുള്ള ആക്ഷൻ പ്ലാൻ പുതുക്കി

വിദ്യാര്‍ഥികള്‍ക്കും ജലാശയങ്ങളുമായി ഇടപഴകുന്നവര്‍ക്കും അവബോധം നല്‍കണം. അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുളങ്ങളിലെ സമീപത്ത് അവബോധ ബോര്‍ഡുകള്‍ സ്ഥാപിക്കണം
Amoebic encephalitis action plan

അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കാനുള്ള ആക്ഷൻ പ്ലാൻ പുതുക്കി

freepik

Updated on

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ (വണ്‍ഹെല്‍ത്ത്) അധിഷ്ഠിതമായി ആക്ഷന്‍പ്ലാന്‍ പുതുക്കി. രോഗ പ്രതിരോധം, രോഗ നിര്‍ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷന്‍ പ്ലാനാണ് തയാറാക്കിയത്. അവബോധ ക്യാംപെയ്ൻ, രോഗ നിര്‍ണയ ശേഷി വര്‍ധിപ്പിക്കല്‍, ആക്ടീവ് കേസ് സര്‍വൈലന്‍സ്, പരിസ്ഥിതി നിരീക്ഷണവും ഹോട്ട് സ്‌പോട്ട് മാപ്പിംഗും, ചികിത്സയും മരുന്ന് ലഭ്യതയും, ഗവേഷണം എന്നീ മേഖലകള്‍ അടിസ്ഥാനമാക്കിയാണ് ആക്ഷന്‍ പ്ലാന്‍. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

എല്ലാ വര്‍ഷവും വേനല്‍ക്കാലത്തിന് തൊട്ട് മുമ്പേ മുതല്‍ അവബോധം ശക്തമാക്കണം. ആരോഗ്യ, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിപ്പിച്ച് അവബോധം നടത്തണം. വിദ്യാര്‍ഥികള്‍ക്കും ജലാശയങ്ങളുമായി ഇടപഴകുന്നവര്‍ക്കും അവബോധം നല്‍കണം. അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുളങ്ങളിലെ സമീപത്ത് അവബോധ ബോര്‍ഡുകള്‍ സ്ഥാപിക്കണം. അമീബിക്ക് മസ്തിഷ്‌ക ജ്വരം തന്മാത്രാ, ജീനോമിക് രോഗനിര്‍ണയത്തിനുള്ള സംസ്ഥാനത്തെ അപെക്‌സ് സെന്ററുകളായി സംസ്ഥാന പിഎച്ച് ലാബ്, തോന്നക്കല്‍ ഐഎവി എന്നിവ പ്രവര്‍ത്തിക്കും. അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള പിസിആര്‍ പരിശോധന പിഎച്ച് ലാബില്‍ ആരംഭിച്ചു. തിരുവനന്തപുരം , കോഴിക്കോട് മെഡിക്കല്‍ കോളെജുകളിലെയും മൈക്രോബയോളജി വിഭാഗങ്ങളെ അമീബിക് മസ്തിഷ്‌ക ജ്വരം രോഗനിര്‍ണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കും.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും കേരള സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വകുപ്പും ചേര്‍ന്ന് തയാറാക്കിയ അമീബകളുടെ വര്‍ധനവിനെ ബാധിക്കുന്ന പാരിസ്ഥിതിക ഘടകങ്ങളെക്കുറിച്ചുള്ള കർമ പദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കണം. ചികിത്സയ്ക്കാവശ്യമായ മില്‍റ്റെഫോസിന്‍ മരുന്നിന്‍റെ ലഭ്യത കെഎംഎസ് സിഎല്‍ മുഖേന ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയെക്കുറിച്ചുള്ള ഒരു ഓണ്‍ലൈന്‍ പരിശീലന മൊഡ്യൂള്‍ സംസ്ഥാന പരിശീലന സൈറ്റില്‍ ലഭ്യമാക്കും. ചണ്ഡീഗഢിലെ പിജിഐഎംഇആറിലെ മെഡിക്കല്‍ പാരാസൈറ്റോളജി വിഭാഗവുമായും പോണ്ടിച്ചേരിയിലെ എവിഎം ഇന്‍സ്റ്റിറ്റ്യൂട്ടുമായും സഹകരിച്ച് ഗവേഷണം ശക്തമാക്കും. സ്വതന്ത്രമായി ജീവിക്കുന്ന അമീബയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന അജീവീയവും ജൈവികവുമായ ഘടകങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുമായും കേരള സര്‍വകലാശാലയിലെ പരിസ്ഥിതി എഞ്ചിനീയറിംഗ് വകുപ്പുമായും സഹകരിച്ച് പഠിക്കും.

വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇപ്പോഴും അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2024ല്‍ 38 കേസുകളും 8 മരണവും 2025ല്‍ 12 കേസുകളും 5 മരണവും ഉണ്ടായിട്ടുണ്ട്. ആരംഭ സമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് കൊണ്ടാണ് അവരില്‍ ഭൂരിഭാഗം പേരേയും രക്ഷിക്കാനായത്. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കുളത്തിൽ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ജല സ്രോതസുകളില്‍ വെള്ളത്തിന്‍റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്‍റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com