
നിങ്ങൾ മിസോഫോണിയ രോഗത്തിന് അടിമയാണോ...?
മറ്റുളളവർ ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതിന്‍റെ ശബ്ദം നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ടോ...? ചിലർക്കത് ചെറിയ രീതിയിലാകാം. മറ്റു ചിലർക്ക് അസഹനീയവും. അവരെ ഇത് വല്ലാതെ അസ്വസ്ഥരാക്കും, പരിഭ്രാന്തരാക്കും. അങ്ങനെയുള്ളവർക്ക് ഏറെക്കുറെ ഉറപ്പിക്കാം, ഇത് സെലക്റ്റീവ് സൗണ്ട് സെൻസിറ്റിവിറ്റി സിൻഡ്രോം എന്ന രോഗമാണ്, അഥവാ മിസോഫോണിയ!
മിസോഫോണിയയുടെ കാരണം
മിസോഫോണിയയുടെ കാരണങ്ങൾ ശാസ്ത്ര ലോകത്തിന് പൂർണമായും കണ്ടെത്താൻ സാധിച്ചിട്ടില്ല. എങ്കിലും ചില സൂചനകൾ ലഭ്യമാണ്.
ചില കാരണങ്ങൾ
* മസ്തിഷ്കത്തിൽ ശബ്ദവും ഭാവനയും തമ്മിലുള്ള ബന്ധത്തിലെ വ്യതിയാനം: കേൾവി കേന്ദ്രവും ലിംബിക് സിസ്റ്റവും തമ്മിലുളള ബന്ധത്തിന് ആവശ്യത്തിലധികം തീവ്രതയുണ്ടാകുന്ന അവസ്ഥയാണിത്.
* അമിഗ്ദല ആവശ്യത്തിൽ കൂടുതലായി പ്രവർത്തിക്കുന്നത്: മസ്തിഷ്കത്തിന്‍റെ ലിംബിക് സിസ്റ്റത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഘടകമാണ് അമിഗ്ദല. ഭയവും ആശങ്കയും കോപവും നിയന്ത്രിക്കുകയാണ് ഇതിന്‍റെ ധർമം. എന്നാൽ, അമിഗ്ദലയുടെ അമിതമായ പ്രവർത്തനം കാരണം അപകടകരമല്ലാത്ത കാര്യങ്ങൾ പോലും അപകടകരമായി തെറ്റിദ്ധരിക്കപ്പെടും. ഇതുമൂലം ഹൃദയമിടിപ്പ് കൂടുക, വിയർപ്പ്, കോപം, അസ്വസ്ഥത തുടങ്ങിയവ അധികമായി ഉണ്ടാകും.
* ജനിതക സ്വഭാവം: കുടുംബത്തിൽ ഒരാൾക്കെങ്കിലും മിസോഫോണിയ ഉണ്ടായാൽ അത് ജനിതകപരമായി പിൻതലമുറയിലെ മറ്റു ചിലർക്കെങ്കിലും വരാൻ സാധ്യതയുണ്ട്. എന്നാൽ, ഇതിന്‍റെ ജീനുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.
* ബാല്യകാല അനുഭവങ്ങൾ: ബാല്യത്തിൽ കേട്ട ചില ശബ്ദങ്ങളുമായി ബന്ധപ്പെട്ട നെഗറ്റീവ് ഓർമകൾ മിസോഫോണിയയ്ക്കു കാരണമായി മാറാം. ഉദാഹരണത്തിന്, വീട്ടിൽ ആരെങ്കിലും ശബ്ദത്തോടെ ഭക്ഷണം കഴിക്കുക, പേന ക്ലിക്ക് ചെയ്യുന്നതിന്‍റെ ശബ്ദം, സ്കൂളിലെ ചില ശബ്ദങ്ങൾ എന്നിവ.
* മറ്റ് മാനസികാവസ്ഥകൾ:
ഉത്കണ്ഠാ രോഗം (Anxiety disorder)
ഉത്കണ്ഠ, ഭയം, പരിഭ്രാന്തി എന്നിവ സാധാരണയെക്കാൾ കൂടുതലായി അനുഭവപ്പെടുന്ന അവസ്ഥ.
ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD)
അനിയന്ത്രിതമായ ചിന്തകളും ആവർത്തിച്ചുള്ള പെരുമാറ്റങ്ങളും ഉള്ള ഒരു മാനസികാരോഗ്യ അവസ്ഥ.
പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD)
എന്തെങ്കിലുമൊരു ആഘാതം നേരിട്ട ശേഷമുണ്ടാകുന്ന പ്രത്യേക മാനസികാരോഗ്യ അവസ്ഥ.
ചെവിയിൽ പ്രത്യേക ശബ്ദം (TINNITU)
ഇതിൽ ആളുകൾക്ക് അവരുടെ ചെവിയിൽ ഒരു ശബ്ദം കേൾക്കുന്നു, അത് മറ്റൊരാൾക്ക് കേൾക്കാൻ കഴിയില്ല.
ചികിത്സാ മാർഗങ്ങൾ
സൗണ്ട് തെറാപ്പി, അഥവാ Tinnitus retraining therapy (TRT)
കോഗ്നിറ്റിവ് ബിഹേവിയറൽ തെറാപ്പി
മൈൻഡ്ഫുൾനെസ് & മെഡിറ്റേഷൻ
നോയ്സ് ക്യാൻസലിങ് ഹെഡ്ഫോൺസ്
പരിസര നിയന്ത്രണം
മാനസിക രോഗമാണോ...?
ഇത് നിലവിൽ ഔദ്യോഗികമായി മാനസിക രോഗങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ന്യൂറോളജിക്കൽ - മാനസിക അവസ്ഥയായി ഗവേഷകർ കാണുന്നുണ്ട്.