വെണ്ണ തോൽക്കുമുടലിന് വെണ്ണപ്പഴം

ഏക പൂരിത കൊഴുപ്പാണ് അവക്കാഡോയുടെ 75 ശതമാനവും.
Avocado saturated fat
അവക്കാഡോ
Updated on

അടുത്ത കാലത്താണ് അവക്കാഡോ നമ്മുടെ വിപണികളിൽ സ്ഥാനം പിടിച്ചത്. ഇപ്പോഴിതാ ഈ വിദേശി നമ്മുടെ തൊടികളിലും സ്ഥാനം പിടിച്ചിരിക്കുന്നു. വെണ്ണപ്പഴം എന്നും പേരുള്ള അവക്കാഡോ വെണ്ണ തോൽക്കുമുടൽ നൽകാൻ പോന്ന ഔഷധ ഗുണമുള്ള ഫലമാണ്. പ്രായം കൂടുമ്പോൾ ചർമത്തിൽ ഉണ്ടാകുന്ന ചുളിവുകൾ നീക്കാനും ചർമത്തിൽ കൊളാജന്‍റെ അളവ് വർധിപ്പിച്ച് ചർമസൗന്ദര്യം നിലനിർത്താനും അവക്കാഡോയ്ക്ക് അത്ഭുതകരമായ കഴിവുണ്ട്.

ഏക പൂരിത കൊഴുപ്പാണ് അവക്കാഡോയുടെ 75 ശതമാനവും.വാഴപ്പഴത്തിലുള്ളതിനെക്കാൾ 60 ശതമാനം പൊട്ടാസ്യം, വൈറ്റമിൻ ബി,വൈറ്റമിൻ ഇ, വൈറ്റമിൻ കെ എന്നിവയാൽ സമ്പുഷ്ടമാണ് ഈ ഫലം.നാരുകളും ധാരാളമായി അടങ്ങിയ ഫലമാണ് അവക്കാഡോ.അതു കൊണ്ടു തന്നെ മെലിയാൻ ആഗ്രഹിക്കുന്നവർക്ക് അവക്കാഡോ ടോസ്റ്റ് വളരെ ഉപകാരപ്പെടും.

ഊർജ സമ്പുഷ്ടമായ അവക്കാഡോയിലെ പൂരിത കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് ഏറെ സഹായകമാണ്. ഒരു മനുഷ്യന് പ്രതിദിനം ആവശ്യമായ ഫൈബറിന്‍റെ പകുതിയോളം ഒരു ഇടത്തരം വലിപ്പമുള്ള അവക്കാഡോയിൽ നിന്നു ലഭിക്കും.

വയറിൽ അമിതകൊഴുപ്പ് അടിഞ്ഞു കൂടുന്നവരുടെ സുഹൃത്താണ് അവക്കാഡോ. വയറിൽ അടിയുന്ന കൊഴുപ്പ് കുറയ്ക്കുന്നതിനും ആരോഗ്യകരമായ ശരീരം നിലനിർത്തുന്നതിനും പ്രതിദിനം ഓരോ അവക്കാഡോ വീതം കഴിക്കുന്നത് സഹായകമാണ്.

ഇതിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് വയറിലെ അധിക കലോറിയെ എരിയിച്ചു കളയുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന അവക്കാഡോ ശരീരത്തിൽ രക്തചംക്രമണം വർധിപ്പിക്കുകയും തലച്ചോറിന്‍റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. വയറിന്‍റെ സുഹൃത്തായ ഈ ഫലം കുടലിന്‍റെ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്റ്റീരിയകളുടെ വളർച്ചയ്ക്കും ഉത്തമമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com