ഇനി രക്തദാതാക്കളെ തേടി അലയേണ്ട: ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്പ് വരുന്നു

ഈ വര്‍ഷം അവസാനത്തോടെ ആപ്പും പോര്‍ട്ടലും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമം
Blood bank traceability app to find blood donors

ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്പ് വരുന്നു

പ്രതീകാത്മക ചിത്രം

Updated on

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാൻ കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ 'ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍' സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

പൊതുജനങ്ങള്‍ക്ക് രക്തത്തിന്‍റെ ലഭ്യത കൃത്യമായി അറിയാന്‍ ഒരു പോര്‍ട്ടല്‍ കൂടി ഈ പദ്ധതിയുടെ ഭാഗമായി തയാറായിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഈ പോര്‍ട്ടല്‍ ജനങ്ങള്‍ക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇത് യാഥാർഥ്യമാവുന്നതോടെ എവിടെ നിന്നും രക്ത ബാങ്കുകളിലെ വിവരങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

രക്തത്തിന്‍റെ ലഭ്യത ഉറപ്പുവരുത്താനായി സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകളോ ബ്ലഡ് ബാങ്കുകളോ സജ്ജമാക്കിയിട്ടുണ്ട്. രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്കു നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കുകയും അപൂര്‍വ രക്തത്തിനായി കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കുകയും ചെയ്തു. ഇതു കൂടാതെയാണ് ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ സജ്ജമാക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ കെ- ഡിസ്‌ക്, കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍, ഇ ഹെല്‍ത്ത് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

വരുന്ന വര്‍ഷങ്ങളില്‍ 100 ശതമാനം സന്നദ്ധ രക്തദാനം എന്ന സുപ്രധാന ലക്ഷ്യം കൈവരിക്കാനും ലക്ഷ്യമിടുന്നു. എല്ലാ ബ്ലഡ് ബാങ്കുകളേയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ പ്ലാറ്റ്ഫോമാണ് ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍. സര്‍ക്കാര്‍ തലത്തിലെ കൂടാതെ സ്വകാര്യ ബ്ലഡ് ബാങ്കുകളെക്കൂടി ഈ സോഫ്റ്റ് വെയറിലേക്ക് സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ലഭ്യമായ രക്തം ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ദൃശ്യമാക്കുന്നതിനും എല്ലാവര്‍ക്കും ഒരേ നിലവാരത്തിലുള്ള സുരക്ഷയും പരിചരണവും ഉറപ്പാക്കുന്നതിനും ഇതിലൂടെ സഹായിക്കും.

ഈ മാസം മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ പദ്ധതി ആരംഭിക്കും. തുടര്‍ന്ന് ഈ വര്‍ഷം തന്നെ കേരളം ഒട്ടാകെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com