

മൂത്രത്തിൽ രക്തം കാണുന്നുണ്ടോ? കിഡ്നി ക്യാൻസറിന്‍റെ ലക്ഷണമായിരിക്കാം
കിഡ്നി ക്യാൻസർ വളരെ സൈലൻഡായ രോഗമാണ്. നമ്മൾ അറിയാതെ മാസങ്ങളോളം അത് നമ്മുടെ ശരീരത്തിലുണ്ടാകും. രോഗം മൂർച്ഛിക്കുമ്പോഴാവും നമ്മൾ ക്യാൻസർ ബാധിതരാണെന്ന വിവരം അറിയുക. ഇതോടെ ചികിത്സയും വെല്ലുവിളി നിറഞ്ഞതാവും. എന്നാൽ ക്യാൻസർ ശരീരത്തെ കാർന്നു തിന്നുന്നതിനു മുൻപായി ശരീരം ചില ലക്ഷണങ്ങൾ കാണിക്കും എന്നാണ് പഠനങ്ങളിൽ പറയുന്നത്.
മൂത്രത്തിൽ രക്തം കാണുന്നത് കിഡ്നി ക്യാൻസറിന്‍റെ ലക്ഷണമായിരിക്കാം എന്നാണ് പറയുന്നത്. ഏറ്റവും ആദ്യം പ്രത്യക്ഷമാകുന്ന ലക്ഷണങ്ങളിൽ ഒന്നാണ് അത്. എന്നാൽ മൂത്രത്തിൽ രക്തം കാണുന്നതെല്ലാം ക്യാൻസർ ആയിരിക്കണമെന്നില്ല. രക്തം കാണുന്നത് തനിയെ ഇല്ലാതാവുകയോ വേദനയില്ലാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ അധികം വൈകാതെ തന്നെ വൈദ്യപരിശോധന നടത്തേണ്ടതുണ്ട്. ഏറ്റവും പെട്ടെന്ന് രോഗം സ്ഥിരീകരിക്കുന്ന ക്യാൻസർ പെട്ടെന്ന് ഭേദമാക്കാനും ജീവൻ രക്ഷിക്കാനും സഹായകമാകും.
വളരെ സൈലൻഡായാണ് കിഡ്നിയിൽ ക്യാൻസർ വരുന്നത്. വേദനയോ മറ്റ് ലക്ഷണങ്ങളോ കാണിക്കില്ല. കിഡ്നിയുടെ മൂത്രം സംഭരിക്കുന്ന പെൽവിസിലേക്കോ കാലിസീൽ സിസ്റ്റത്തിലേക്കോ ക്യാൻസർ ബാധിക്കുമ്പോഴാണ് മൂത്രത്തിൽ രക്തം കാണുന്നത്. ഈ ഭാഗത്താണ് ആദ്യം ക്യാൻസർ പ്രത്യക്ഷപ്പെടുന്നതെങ്കിൽ വളരെ നേരത്തെ മൂത്രത്തിൽ രക്തം പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാൽ മൂത്രത്തിൽ രക്തം കാണുന്നത് വളരെ കുറച്ചുനാൾ മാത്രമേയുണ്ടാകൂ. വളരെ പെട്ടെന്ന് തനിയെ നിൽക്കുന്നതിനാൽ പലരും ശ്രദ്ധിക്കില്ല. എന്നാൽ മൂത്രത്തിൽ രക്തം കണ്ടാൽ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ചിലപ്പോൾ ഇതിലൂടെ നിങ്ങൾക്ക് ജീവൻതന്നെ രക്ഷിക്കാനായെന്ന് വരും.