കനേഡിയൻ മലയാളി വിദ്യാർഥിക്ക് സൺറൈസ് ആശുപത്രിയിൽ പുതുജീവൻ

ന്യുമോണിയ ശ്വാസകോശം തകർത്തു, തൊറാസിക് ശസ്ത്രക്രിയയിലൂടെ അനന്ത് കൃഷ്ണ ഹരീഷിനെ വീണ്ടെടുത്ത് സൺറൈസ്
Sunrise recover Anant Krishna Harish after thoracic surgery

തൊറാസിക് ശസ്ത്രക്രിയയിലൂടെ അനന്ത് കൃഷ്ണ ഹരീഷിനെ വീണ്ടെടുത്ത് സൺറൈസ്

FILE PHOTO

Updated on

കൊച്ചി: ക്യാനഡയിൽ ഉപരിപഠനത്തിനിടെ ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്‍റെ പ്രവർത്തനം ഗുരുതരമായി തകരാറിലായ മലയാളി വിദ്യാർഥിക്ക് കൊച്ചിയിലെ സൺറൈസ് ആശുപത്രിയിൽ പുതുജീവൻ. 9മണിക്കൂർ നീണ്ട അതിസങ്കീർണമായ ശ്വാസകോശ ശസ്ത്രക്രിയയാണ് വിജയകരമായത്. ഒന്‍റാറിയോയിലെ ബാരിയിൽ പ്രവർത്തിക്കുന്ന ഗ്രിഗോറിയൻ കോളെജിലെ മൂന്നാം വർഷ മെക്കാട്രോണിക്സ് വിദ്യാർഥിയായ അനന്ത് കൃഷ്ണ ഹരീഷ് എന്ന ഇരുപതുകാരനെ കഴിഞ്ഞ സെപ്റ്റംബറിലാണ് നെഞ്ചുവേദന, പനി, കടുത്ത

ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്നാണ് ക്യാനഡയിലെ ഒരു പ്രമുഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അവിടെ നടത്തിയ പരിശോധനകളില്‍, ശ്വാസകോശത്തിന് ചുറ്റും പല ഭാഗങ്ങളിലായി അണുബാധിത ദ്രാവകം കെട്ടിക്കിടക്കുന്ന മള്‍ട്ടി ലോക്കുലേറ്റഡ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥ കണ്ടെത്തി. അവിടെ വച്ച് ഭാഗികമായി ദ്രാവകം നീക്കം ചെയ്യുകയും പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. എന്നാല്‍ ക്ഷയരോഗസാധ്യത സംശയിച്ച ഡോക്റ്റര്‍മാര്‍ മുന്‍കരുതല്‍ നടപടിയായി അനന്തിനെ ഐസൊലേഷന്‍ റൂമിലാക്കി.

ക്ഷയരോഗം ഇല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചെങ്കിലും, ഇതിനിടയില്‍ അനന്തിന് നാല്പത് ദിവസത്തോളം ഐസൊലേഷനില്‍ തുടരേണ്ടിവന്നു. ഇതിനിടെ നെഞ്ചുവേദനയും ശ്വാസതടസവും കൂടുതല്‍ രൂക്ഷമായി. മരുന്നുകളും നെഞ്ചില്‍ ട്യൂബ് ഘടിപ്പിച്ച് ദ്രാവകം നീക്കം ചെയ്യുന്ന ചികിത്സകളും നല്‍കിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനശേഷി കുറഞ്ഞ് സ്ഥിതി ആശങ്കാജനകമായതോടെ കുടുംബം ചികിത്സയ്ക്കായി അനന്തിനെ നാട്ടിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2025 നവംബര്‍ 18-ന് കൊച്ചിയിലെത്തിയ അനന്തിനെ സണ്‍റൈസ് ആശുപത്രിയിലെ തോറാസിക് സര്‍ജറി വിഭാഗത്തില്‍ ഉടനെ പ്രവേശിപ്പിച്ചു. സി.ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനകളില്‍, ഇടത് ശ്വാസകോശത്തിനുള്ളിലെ അണുബാധ പഴകി പഴുപ്പിന് കട്ടികൂടി വിവിധ ഭാഗങ്ങളായി കെട്ടിക്കിടന്ന് മള്‍ട്ടി ലോക്കുലേറ്റഡ് എംപൈമ എന്ന ഗുരുതര അവസ്ഥയിലേക്ക് രോഗം മൂര്‍ച്ഛിച്ചതായി കണ്ടെത്തി. ഇത് കാരണം നെഞ്ച് ഭാഗം ചുരുങ്ങി ഇടത് ശ്വാസകോശം വികസിക്കാന്‍ കഴിയാത്ത ട്രാപ്പ്ഡ് ലങ്ങ് അവസ്ഥയിലായിരുന്നു.

അനന്ത് ഒരേയൊരു ശ്വാസകോശത്തിന്‍റെ സഹായത്തിലാണ് ശ്വസിച്ചിരുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയോതോറാസിക് സര്‍ജന്‍ ഡോ. നാസര്‍ യൂസഫ് പറഞ്ഞു.ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അനന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 15 × 12 × 4 സെന്റീ മീറ്റര്‍ വലുപ്പമുള്ള സിമന്റുപോലുള്ള കട്ടിയായി മാറിയ പാളികള്‍ നെഞ്ച് ഭിത്തിയോടും ഡയഫ്രത്തിനോടും ചേര്‍ന്ന് ശ്വാസകോശത്തെ പൂര്‍ണ്ണമായി കുടുക്കിയ അവസ്ഥയിലായിരുന്നു. ഒന്‍പത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയില്‍, ഈ കട്ടിയുള്ള പാളികള്‍ ഓരോ മില്ലീമീറ്ററായി നീക്കം ചെയ്യുകയായിരുന്നു.

പ്ല്യൂറെക്റ്റമി, ഡീകോര്‍ട്ടിക്കേഷന്‍ എന്നിവ ഉള്‍പ്പെടുന്ന അതിസൂക്ഷ്മമായ ശസ്ത്രക്രിയയ്ക്കിടെ ശ്വാസകോശത്തിന്റെ ഉപരിതലത്തില്‍ ഉണ്ടായ എയര്‍ ലീക്കുകളും പരിഹരിച്ചുവെന്ന് ഡോ. നാസര്‍ യൂസഫ് പറഞ്ഞു ശ്വാസകോശത്തിന്‍റെ താഴത്തെ ഭാഗം നെഞ്ചിന്‍റെ ഭിത്തിയോടും ഡയഫ്രത്തിനോടും ചേര്‍ന്ന് ഒട്ടിപ്പിടിച്ച നിലയില്‍ നിന്ന് സൂക്ഷ്മമായി വേര്‍പെടുത്തി. ശസ്ത്രക്രിയക്ക് നിരവധി യൂണിറ്റ് രക്തവും ആവശ്യമായി വന്നു. ശസ്ത്രക്രിയയ്ക്കുശേഷം അനന്തിനെ ഉടന്‍ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി. അടുത്ത ദിവസം തന്നെ നടക്കാന്‍ സാധിച്ചു.

തുടര്‍ പരിശോധനകളില്‍, ഇത് സങ്കീര്‍ണ്ണമായ ബാക്റ്റീരിയല്‍ ന്യൂമോണിയ മൂലമുണ്ടായ അവസ്ഥയാണെന്നും ക്ഷയരോഗം കാന്‍സര്‍ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും സ്ഥിരീകരിച്ചു. നവംബര്‍ 27-ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അനന്ത് ആശുപത്രി വിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഒരു നില പോലും കയറാന്‍ പ്രയാസപ്പെട്ടിരുന്ന അനന്ത്, ആശുപത്രി വിട്ടപ്പോഴേക്കും ഏഴ് നിലകള്‍ വരെ അനായാസം കയറുന്ന നിലയിലേക്ക് ആരോഗ്യനില വീണ്ടെടുത്തിരുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം ശ്വാസകോശം വീണ്ടും വികസിക്കാന്‍ സഹായിക്കുന്ന തരത്തില്‍ നേരത്തെ തന്നെ നടക്കാന്‍ തുടങ്ങിയതും, കൃത്യമായ ഫിസിയോതെറാപ്പിയും ഏറെ നിര്‍ണായകമായി ഡോക്റ്റര്‍മാര്‍ പറഞ്ഞു. ന്യൂമോണിയയ്ക്ക് ശേഷം തുടരുന്ന നെഞ്ചുവേദനയോ ശ്വാസതടസമോ ഒരിക്കലും ലഘുവായി കാണരുതെന്നും സമയബന്ധിതമായ പരിശോധനയും വിദഗ്ധ ചികിത്സയും അനിവാര്യമാണെന്നും ഡോ. നാസര്‍ യൂസഫ് വ്യക്തമാക്കി.

അനന്ത് ഇപ്പോള്‍ പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തു. പഠനം തുടരാനായി ഉടന്‍ കാനഡയിലേക്ക് മടങ്ങും.സണ്‍റൈസ് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഡോ. നീതു തമ്പി, പള്‍മണോളജിസ്റ്റ്; ഡോ. നാസര്‍ യൂസഫ്, മിനിമലി ഇന്‍വേസീവ് തൊറാസിക് സര്‍ജന്‍ ഡോ. ശോഭ പി, മെഡിക്കല്‍ സൂപ്രണ്ട്, വിദ്യാത്ഥി അനന്ത് കൃഷ്ണന്‍, മാതപിതാക്കളായ ഡോ. പൂര്‍ണ്ണിമ ടി.എ, ഹരീഷ് ബി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com