പാമ്പുകടി: ആരോഗ്യ വകുപ്പ് ഡയറക്റ്ററുടെ പ്രത്യേക നിർദേശങ്ങൾ

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ എല്ലാ ജില്ലാ മെഡിക്കൽ ഓഫിസർമാരുടെയും അടിയന്തര യോഗം വിളിച്ച് ആരോഗ്യ വകുപ്പ് ഡയറക്റ്റർ.
Snake bite: Special instructions  Director Health Department

പാമ്പുകടി: ആരോഗ്യ വകുപ്പ് ഡയറക്റ്ററുടെ പ്രത്യേക നിർദേശങ്ങൾ

file photo

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ എല്ലാ ജില്ലാ മെഡിക്കൽ ഓഫിസർമാരുടെയും അടിയന്തര യോഗം വിളിച്ച് ആരോഗ്യ വകുപ്പ് ഡയറക്റ്റർ. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന കേസുകളിൽ പാമ്പു കടിക്കുള്ള സാധ്യതയും കർശനമായി പരിശോധിക്കണമെന്ന് ആശുപത്രികൾക്ക് നിർദേശം നൽകി.

അടുത്തിടെ റിപ്പോർട്ട് ചെയ്ത മൂന്ന് മരണങ്ങളിലും ആദ്യഘട്ടത്തിൽ പാമ്പുകടി സ്ഥിരീകരിക്കാൻ കഴിയാഞ്ഞത് ഗൗരവകരമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. പലപ്പോഴും മരണം സംഭവിച്ച ശേഷമാണ് പാമ്പുകടിയാണെന്ന വിവരം പുറത്തുവരുന്നത്.

ഈ സാഹചര്യത്തിൽ വിവിധ നിർദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. രോഗികൾ വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിൽ പോലും പാമ്പുകടിയേൽക്കാനുള്ള സാധ്യത തള്ളിക്കളയരുത്. വേനൽ കടുത്തതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർധിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് ആശുപത്രികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ആന്‍റിവെനം സ്റ്റോക്ക് ചെയ്യുന്നതിൽ ജില്ലാ മെഡിക്കൽ ഓഫിസർമാർ ജാഗ്രത പുലർത്തണമെന്നുമാണ് നിർദേശം.

സർക്കാർ ആശുപത്രികളിൽ ആന്‍റിവെനം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും മരുന്നിന് ക്ഷാമമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്റ്റർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മൂന്ന് ജീവനുകളാണ് നഷ്ടമായത്. തൃശൂർ കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേൽക്കുകയും എട്ടു വയസുകാരനായ ആൽജോ മരിക്കുകയും ചെയ്തു.

തിരുവനന്തപുരം ചിറയിൻകീഴിൽ ഉറക്കത്തിനിടയിൽ മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് എട്ടു വയസുകാരനായ ദിക്ഷലും കായംകുളത്ത് വിവാഹ സൽക്കാരത്തിന് എത്തിയ 42 വയസുകാരി സെലീനയും കഴിഞ്ഞ ദിസങ്ങളിൽ പാമ്പുകടിയേറ്റ് മരിച്ചിരുന്നു.

ഈ സംഭവങ്ങളിൽ ആശുപത്രികൾ പാമ്പുകടി തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടെന്ന ആരോപണം കുടുംബാംഗങ്ങൾ ഉയർത്തിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com