

കിളികളുടെ പ്രിയ ഭക്ഷണം.കിളി ഞാവൽപ്പഴങ്ങൾ. ആരോഗ്യ നിഷ്ഠയുള്ള കിളികൾ എത്ര കാര്യമായാണ് കിളി ഞാവൽപ്പഴങ്ങൾ കഴിക്കുന്നതെന്നോ? ഷുഗർ ഞാവലെന്നുമുണ്ട് കേരളത്തിൽ ഇതിനു മറ്റൊരു വിളിപ്പേര്.ഇതിൽ നിന്നു കാര്യം മനസിലായിക്കാണുമല്ലോ. ടൈപ്പ് 2 ഡയബറ്റിക്സിന് കിളി ഞാവൽ പഴങ്ങൾ ഏറെ നല്ലതാണ്.അങ്ങനെയാണ് കിളി ഞാവലിനെ ഷുഗർ ഞാവൽ എന്ന് വിളിച്ചു തുടങ്ങിയത്.
Duke’s eye, Coral berry എന്നൊക്കെയാണ് ഇംഗ്ലീഷിൽ ഇതിനു വിളിപ്പേര്. പ്രത്യേകിച്ചു പരിചരണം ഒന്നും കൊടുത്തില്ലെങ്കിലും നന്നായി ഫലം തരുന്ന ഈ ചെടി നാലു മീറ്ററോളം മാത്രമേ ഉയരം വയ്ക്കൂ. മുറ്റത്തൊരു കിളി ഞാവലുണ്ടെങ്കിൽ ഉദ്യാനശോഭയേകാൻ കിളികളുടെ ആറാട്ടായിക്കോളും. വിരുന്നെത്തുന്ന കിളികൾ കിളി ഞാവൽപ്പഴങ്ങൾ മാത്രമല്ല, സമീപത്തെ ക്ഷുദ്ര കീടങ്ങളെയും ഭക്ഷിക്കും.അത് കർഷകർക്ക് വളരെ ഉപകാരം ചെയ്യും.
നല്ല സൂര്യ പ്രകാശമുള്ള സ്ഥലത്തും തണലുള്ളിടത്തും ഒരു പോലെ നന്നായി ഫലം നൽകും കിളി ഞാവൽ.അലങ്കാരച്ചെടിയായും ഔഷധച്ചെടിയായും ഒരു പോലെ വളർത്താവുന്ന സസ്യമാണിത്. പ്രമേഹ രോഗത്തെ ശമിപ്പിക്കും എന്നതിനാൽ ചവർപ്പു കലർന്ന ഇതിന്‍റെ ഫലം കഴിക്കുന്നതും ജൂസാക്കി കുടിക്കുന്നതും പ്രമേഹ രോഗികൾക്ക് നന്ന്. കിളി ഞാവലിനെ കുറിച്ച് മുമ്പേ മനസിലാക്കിയിട്ടുള്ള തായ് ലൻഡിലെ പാരമ്പര്യ വൈദ്യത്തിൽ ഇതിന്‍റെ കായകൾ പനിക്കും വയറിളക്കത്തിനും മരുന്നായി ഉപയോഗിച്ചു വരുന്നു.ഇതു കൊണ്ട് വീഞ്ഞും ഉണ്ടാക്കാം.