പ്രമേഹ സാധ്യതയില്‍ പ്രധാന പങ്ക് ഫ്രൈ ചെയ്ത കാര്‍ബോ ഹൈഡ്രേറ്റുകള്‍ക്ക്

കാര്‍ബോ ഹൈഡ്രേറ്റുകള്‍ അത്രയും ദോഷകരമല്ലെങ്കിലും, വറുക്കുന്നത് അവയെ വിഷലിപ്തമാക്കും. ഇത് മെലിഞ്ഞ വ്യക്തികളില്‍ പോലും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കും.
പ്രമേഹ സാധ്യതയില്‍ പ്രധാന പങ്ക് ഫ്രൈ ചെയ്ത കാര്‍ബോ ഹൈഡ്രേറ്റുകള്‍ക്ക് | Diabetes fried carbohydrate

ഫ്രഞ്ച് ഫ്രൈസ്.

freepik.com

Updated on

കൊച്ചി: ഫ്രൈ ചെയ്ത കാര്‍ബോ ഹൈഡ്രേറ്റുകളുടെ ഉപഭോഗം ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും ഗുരുതരമായ വിധത്തില്‍ പ്രമേഹ രോഗ സാധ്യത ഉയര്‍ത്തുന്നുവെന്ന് ഇന്‍റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ (ഐഡിഎഫ്) പ്രസിഡന്‍റ് പീറ്റര്‍ ഷ്വാര്‍സ്.

റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഒഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ (ആര്‍എസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിച്ച ഡോ. ഷ്വാര്‍സ്, കാര്‍ബോ ഹൈഡ്രേറ്റുകള്‍ അത്രയും ദോഷകരമല്ലെങ്കിലും, വറുക്കുന്നത് അവയെ വിഷലിപ്തമാക്കുമെന്നും ഇത് മെലിഞ്ഞ വ്യക്തികളില്‍ പോലും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

''പ്രോട്ടീന്‍ കുറഞ്ഞ അളവില്‍ കഴിക്കുന്നതും, എണ്ണയില്‍ വറുത്ത കാര്‍ബോഹൈഡ്രേറ്റുകളുടെ പതിവ് ഉപഭോഗവും, അന്തരീക്ഷ മലിനീകരണവും എല്ലാം ചേര്‍ന്ന് ഇന്ത്യക്കാരില്‍ രോഗസാധ്യത പ്രത്യേകിച്ചും വർധിപ്പിക്കുന്നു,'' ഡോ. ഷ്വാര്‍സ് പറഞ്ഞു.

ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് ഡോ. ഷ്വാര്‍സ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നഗരങ്ങളിലെ വായുവിന്‍റെ ഗുണനിലവാരം ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു എന്ന് മാത്രമല്ല, അന്തരീക്ഷവായു ഏറ്റവും മലിനമായ ലോകത്തിലെ നഗരങ്ങളുടെ പട്ടികയില്‍ നിരവധി ഇന്ത്യന്‍ നഗരങ്ങളുണ്ടെന്നതും അതില്‍ നമ്മുടെ ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹി ഒന്നാം സ്ഥാനത്താണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗനിര്‍ണയ രംഗത്ത്, പ്രമേഹ പരിചരണത്തില്‍ പരിവര്‍ത്തനാത്മക പങ്ക് വഹിക്കാന്‍ കഴിവുള്ള എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററിങ് സെന്‍സറുകളെക്കുറിച്ച് ഡോ. ഷ്വാര്‍സ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

നിലവില്‍ വിലയേറിയതാണെങ്കിലും, മൂന്ന് വര്‍ഷത്തിനുള്ളില്‍ അവയുടെ വില ഗണ്യമായി കുറയുമെന്നും, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ രോഗികള്‍ക്ക് താങ്ങാവുന്ന വിലയില്‍ അവ ലഭ്യമാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'കാര്‍ഡിയോവാസ്കുലര്‍ റിസ്ക് പ്രിവന്‍ഷന്‍ ഇന്‍ ടൈപ്പ് 2 ഡയബറ്റിസ് ഇന്‍ലോവര്‍-മിഡില്‍-ഇന്‍കം കണ്‍ട്രീസ്' എന്ന വിഷയത്തിലുള്ള സിമ്പോസിയത്തില്‍ ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. വി. മോഹന്‍, ഡോ. ഡി. പ്രഭാകരന്‍, ഡോ. ഡെന്നിസ് സേവ്യര്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയില്‍നിന്നുള്ള പ്രമുഖ വിദഗ്ദ്ധരും പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com