
ഡോ. എ.കെ. ബാലചന്ദ്രൻ മകൾ അനുവിനൊപ്പം
ജോയ് മാടശേരി
അങ്കമാലി: കൊച്ചി മഹാനഗരത്തിന്‍റെ ഉപഗ്രഹ നഗരമായ അങ്കമാലിയിൽ ദന്ത ചികിത്സാ രംഗത്ത് 51 വർഷത്തെ സേവന പാരമ്പര്യമുള്ള ഡോ. എ.കെ. ബാലചന്ദ്രനെ ആദരിക്കുന്നു. സമൂഹത്തിന്‍റെ ദന്താരോഗ്യത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ മാനിച്ചാണ് ബുധനാഴ്ച അങ്കമാലിയിൽ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്.
ദന്താരോഗ്യത്തിന്‍റെ പ്രാധാന്യവും ആവശ്യകതയും കേരളീയ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങും മുൻപേ അങ്കമാലി പട്ടണത്തിൽ ഒരു ഡെന്‍റൽ ക്ലിനിക്ക് തുടങ്ങിയ ആളാണ് ഡോ. ബാലചന്ദ്രൻ. കാലടി അമ്പാട്ട് വീട്ടിൽ എ.കെ. ബാലചന്ദ്രൻ 1973ൽ തിരുവനന്തപുരം ഡെന്‍റൽ കോളെജിൽ നിന്ന് ഒന്നാം റാങ്കോടെയാണ് ബിഡിഎസ് പാസായത്. 1974ൽ കൊടകരയിലും പിന്നീട് കാലടിയിലും ഡെന്‍റൽ ക്ലിനിക്ക് തുടങ്ങി.
1978ൽ എംഡിഎസ് പഠനത്തിനായി വീണ്ടും തിരുവനന്തപുരത്തേക്ക്. ഉപരിപഠനം കഴിഞ്ഞ് അങ്കമാലി പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് ടൗൺ കപ്പേളയ്ക്കു സമീപം ഡെന്‍റൽ ക്ലിനിക്ക് തുറന്നു. 1980ലായിരുന്നു അത്. 1988ൽ അങ്കമാലി നഗരസഭ സ്വന്തമായി കെട്ടിടം പണിതപ്പോൾ ക്ലിനിക്ക് നഗരസഭാ കെട്ടിടത്തിലേക്കു മാറ്റി. അന്നുതൊട്ട് ഇന്നോളം അങ്കമാലിയിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ദന്ത പരിപാലനത്തിൽ സജീവമാണ് ഡോ. ബാലചന്ദ്രൻ.
ദന്ത ചികിത്സയിലെ ഏറ്റവും പുതിയ പുരോഗതികളെക്കുറിച്ച് കാലികമായി അറിയാനുള്ള ഡോക്റ്ററുടെ പ്രതിബദ്ധത, രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുന്നു. പതിവ് പരിശോധനകൾ മുതൽ സങ്കീർണമായ നടപടിക്രമങ്ങൾ വരെ നീളുന്ന അദ്ദേഹത്തിന്‍റെ അനുകമ്പയും കരുതലും നിറഞ്ഞ സമീപനത്തിലൂടെ ഡോ. ബാലചന്ദ്രൻ എണ്ണമറ്റ വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതത്തെ സ്പർശിച്ചു.
നീണ്ട 51 വർഷത്തെ സേവന കലയളവിൽ കഴിഞ്ഞ 26 വർഷമായി കൈത്താങ്ങായി, സഹായിയായി നിഴൽ പോലെ ഒരാൾ കൂടെയുണ്ട്. നാലു പെൺമക്കളിൽ മൂത്തയാളായ ഡോ. അനു. അച്ഛന്‍റെ പാത പിന്തുടർന്ന് അദ്ദേഹത്തോടൊപ്പം ക്ലിനിക്കിൽ സേവനം ചെയ്യുന്ന മകളും മികച്ച ദന്ത ഡോക്റ്റർ എന്ന പേര് ഇതിനകം സമ്പാദിച്ചുകഴിഞ്ഞു. ഡോ. അനുവിന്‍റെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ക്ലിനിക് നഗരസഭാ കെട്ടിടത്തിനു സമീപമുള്ള കല്ലൂക്കാരൻ ടവറിലേക്ക് തത്കാലത്തേയ്ക്ക് മാറുകയാണ്. അങ്കമാലി നഗരസഭാ കെട്ടിടം മോടിപിടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം.
''അച്ഛനെന്ന സ്ഥാനത്തേക്കാളുപരി അദ്ദേഹത്തെ ഒരു മികവുറ്റ ദന്ത ഡോക്റ്ററായി കാണാനാണ് എനിക്കിഷ്ടം, ഡോക്റ്ററെന്ന നിലയിൽ അദ്ദേഹത്തിന് രോഗികളും പൊതുസമൂഹവും നൽകുന്ന ആദരവ് എന്നെ വല്ലാതെ ആകർഷിച്ചിരുന്നു''- ഡോ. അനു മെട്രൊ വാർത്തയോടു പറഞ്ഞു. ''അമ്മയാണെന്‍റെ പ്രചോദനവും വഴികാട്ടിയും. നാലു മക്കളിൽ ഒരാളെങ്കിലും അച്ഛന്‍റെ പാത പിന്തുടരണമെന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു. ആ നറുക്ക് വീണത് എനിക്കാണ്'', ഡോ. അനു കൂട്ടിച്ചേർത്തു.
ഡോ. ബാലചന്ദ്രന്‍റെ പത്നി ഉഷ കാലടി സ്വദേശിനി തന്നെയാണ്. അദ്ദേഹത്തിന്‍റെ മറ്റ് മൂന്ന് മക്കളിൽ ഒരാൾ ബിസിനസ് രംഗത്തും, മറ്റൊരാൾ അഭിഭാഷകയായും, മൂന്നാമത്തെയാൾ ആയുർവേദ ഡോക്റ്ററായും പ്രവർത്തിക്കുന്നു.
ബുധനാഴ്ച രാവിലെ നടത്തുന്ന ചടങ്ങിൽ അങ്കമാലി എംഎൽഎ റോജി എം. ജോൺ ഡോ. ഡോ. എ.കെ. ബാലചന്ദ്രനെ ആദരിക്കും. അങ്കമാലി മുനിസിപ്പൽ ചെയർമാൻ ഷിയോ പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ഗതാഗത മന്ത്രി അഡ്വ. ജോസ് തെറ്റയിൽ ആശംസയർപ്പിക്കും. കേരള ഡെന്‍റൽ കൗൺസിൽ പ്രസിഡന്‍റ് ഡോ. സന്തോഷ് തോമസ്, വാർഡ് മെംബർ ലില്ലി ജോയ്, കോൺഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡന്‍റ് ആന്‍റു മാവേലി, സിപിഎം ഏരിയ സെക്രട്ടറി കെ.പി. റജീഷ്, ബിജെപി ജില്ലാ പ്രസിഡന്‍റ് എം.എ. ബ്രഹ്മരാജ്, അങ്കമാലി മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജോണി കുര്യാക്കോസ് എന്നിവർ സംസാരിക്കും.