

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടത്തിയ ദുബായ് റണ്ണിൽ 3.1 ലക്ഷം ആളുകൾ പങ്കെടുത്തു.
AI generated summary, newsroom reviewed
ദുബായ്: ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്‍റെ പത്താം പതിപ്പിന്‍റെ ഭാഗമായി സംഘടിപ്പിച്ച ദുബായ് റണ്ണിന്‍റെ എട്ടാം പതിപ്പിൽ വൻ ജനപങ്കാളിത്തം. 3.1 ലക്ഷത്തിലധികം ആളുകളാണ് ഇത്തവണത്തെ കൂട്ടയോട്ടത്തിൽ അണിചേർന്നത്. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും പരിപാടിയുടെ ആവേശത്തിൽ പങ്കുചേർന്നു. ഷെയ്ഖ് സായിദ് റോഡിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
കുടുംബങ്ങളായും സുഹൃത്തുക്കളായും എത്തിയവർ 5, 10 കിലോമീറ്റർ ദൂരങ്ങളിൽ ഓട്ടത്തിലും നടത്തത്തിലും പങ്കുചേർന്നു. ഒൻപതു മാസം പ്രായമുള്ള കുഞ്ഞ് മുതൽ 79 വയസുള്ളവർ വരെ കൂട്ടയോട്ടത്തിന്‍റെ ഭാഗമായി. രണ്ടു വയസുകാരി മിധയും കൂട്ടയോട്ടത്തിനെത്തി.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവച്ച വിഡിയോയിലും പ്രവാസി ഇന്ത്യക്കാരുടെ കൂറ്റൻ യുഎഇ പതാക ഇടംപിടിച്ചു. കർണാടകയിലെ ബേറി സമൂഹാംഗങ്ങൾ ഉൾപ്പെടുന്ന ദുബായ് ബേറീസാണ് തുടർച്ചയായ രണ്ടാം വർഷവും പതാകയുമായി എത്തിയത്.
കഴിഞ്ഞ വർഷം 30 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള പതാകയുമായെത്തിയ സംഘം ഇത്തവണ വീതി 5 മീറ്ററായി കൂട്ടി. നൂറോളം സന്നദ്ധപ്രവർത്തകർ ചേർന്നാണ് പതാക വഹിച്ചത്. 'യുഎഇയെ ഓർത്ത് അഭിമാനം' എന്ന് അറബിക്കിലും ഇംഗ്ലിഷിലുമുള്ള സന്ദേശവും ദുബായ് ബേറീസ് ലോഗോയും പതിച്ച ബാനറുകളും സംഘത്തിനൊപ്പമുണ്ടായിരുന്നു.
യുഎഇ വ്യോമസേനയുടെ പ്രദർശന വിഭാഗമായ അൽ ഫുർസാന്‍റെ വിമാനങ്ങൾ ആകാശഭ്യാസം നടത്തി. മോട്ടർ ഘടിപ്പിച്ച പാരാഗ്ലൈഡറുകളും ആകാശത്ത് വർണം വിതറി. 'ഡ്രസ് യുവർ റൺ' മത്സരവും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിലെത്തുന്ന 10 പേർക്ക് 10,000 ദിർഹം വീതം സമ്മാനം നൽകും. വിജയികളെ ഈ മാസം 29ന് പ്രഖ്യാപിക്കും.
AI generated summary, newsroom reviewed