കേരളത്തിൽ മസ്തിഷ്ക ജ്വരം വർധിക്കുന്നു

ജാഗ്രതയോടെ ആരോഗ്യ വകുപ്പ്
Encephalitis on the rise in Kerala

കേരളത്തിൽ മസ്തിഷ്ക ജ്വരം വർധിക്കുന്നു

symbolic 

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് മസ്തിഷ്ക ജ്വര കേസുകൾ വർധിക്കുന്നതിൽ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്. ഈ വർഷം ഇതു വരെ 73 പേർക്കാണ് മസ്തിഷ്ക ജ്വരം(അക്യൂട്ടച് എൻസെഫലൈറ്റിസ് സിൻഡ്രോം-എഇഎസ്) സ്ഥിരീകരിച്ചത്. എട്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുമ്പെങ്ങും ഇല്ലാത്ത വിധം ഒന്നിലധികം നിപ പ്രൈമറി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മസ്തിഷ്ക ജ്വര വ്യാപനത്തെ അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.

ഈ മാസം മാത്രം 37 മസ്തിഷ്ക ജ്വരക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വടക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. എഇഎസ് സ്ഥിരീകരിക്കുന്നവരിൽ നിപ പരിശോധന നിർബന്ധമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

വർധിച്ചു വരുന്ന കേസുകളും മരണങ്ങളും

ഈ മാസം മാത്രം സംസ്ഥാനത്ത് 37 പേർക്കാണ് എഇഎസ് ബാധിച്ചത്. രണ്ടു മരണം ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ 100 പേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. 33 മരണങ്ങളാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. എന്നാൽ ഈ വർഷം ഇത്രയുമായപ്പോഴേയ്ക്കും വൻ തോതിൽ എഇഎസ് രോഗബാധ കുതിച്ചുയരുകയാണ്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിലാണ് കൂടുതൽ രോഗികളുള്ളത്.

നിപ-എഇഎസ്: സമാനതകളും പരിശോധനയിലെ അപാകതകളും

നിപയുടെ ലക്ഷണങ്ങളുമായി മസ്തിഷ്ക ജ്വര ലക്ഷണങ്ങൾക്ക് സമാനതകളുണ്ട്. എന്നാൽ എഇഎസ് സ്ഥിരീകരിക്കുന്നവരിൽ നിപ പരിശോധന നടത്തുന്നത് വിരളമാണ് എന്ന് ആരോഗ്യ വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം വടക്കൻ ജില്ലകളിൽ നാലു പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഈ നാലു കേസുകളും പ്രാഥമിക കേസുകളാണെന്നതും രോഗ ഉറവിടം ഇപ്പോഴും അവ്യക്തമായി തുടരുന്നതും ആശങ്ക വർധിപ്പിക്കുന്നു. കൂടുതൽ നിപ കേസുകൾ ഉണ്ടായിരിക്കാനുള്ള സാധ്യതയും ആരോഗ്യ വിദഗ്ധർ തള്ളിക്കളയുന്നില്ല. അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം സ്ഥിരീകരിക്കുന്നവരിൽ നിർബന്ധമായും നിപ ട്രൂനാറ്റ് പരിശോധന നടത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു.

മസ്തിഷ്ക ജ്വരത്തിനു പുറമേ ഇൻഫ്ലുവൻസയും

മസ്തിഷ്ക ജ്വരത്തിനു പുറമേ ഇൻഫ്ലുവൻസ കേസുകളിലും വലിയ വർധനവാണുള്ളത്. ഈ വർഷം ഇതുവരെ 2562 പേർക്കാണ് ഇൻഫ്ലുവൻസ റിപ്പോർട്ട് ചെയ്തത്. ഇതിൽ 1087കേസുകളും ഈ മാസമാണ് റിപ്പോർട്ട് ചെയ്തത്. 22 മരണങ്ങളിൽ ഒൻപതും ഈ മാസം ആയിരുന്നു. സ്കൂളുകൾ തുറന്നതും മഴ കനത്തതും എല്ലാം ഇൻഫ്ലുവൻസ രോഗവ്യാപനത്തിനു കാരണമാകാം എന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.

നിപ സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഏഴു വർഷം

നിപ സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഏഴു വർഷം പിന്നിടുമ്പോഴും രോഗ ഉറവിടം ഇപ്പോഴും വ്യക്തമല്ല. കേരളത്തിൽ ഈ രോഗം എങ്ങനെയാണ് പടരുന്നതെന്ന് ഇതു വരെ കണ്ടെത്താനായിട്ടില്ല. രോഗ ഉറവിടം, രോഗപ്പകർച്ചാ സാഹചര്യങ്ങൾ എന്നിവയിൽ വ്യക്തതയില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്. നിലവിലെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com