Maria Dennis and Dennis Joseph during the Harward Certificate Program graduation

മരിയ ഡെന്നിസും ഡെന്നിസ് ജോസഫും ഹാർവാർഡ് പ്രോഗ്രാമിന്‍റ സർട്ടിഫിക്കറ്റ് ദാനച്ചടങ്ങിൽ.

സഹപാഠികളായ അച്ഛനും മകളും- ആരോഗ്യ രംഗത്ത് ഒരു വേറിട്ട സമീപനം

ആരോഗ്യരംഗത്തെ വ്യത്യസ്ത മേഖലകളുടെ യോജിച്ച പ്രവർത്തനം കൊണ്ട് ഗുണപരമായ എന്തൊക്കെ മാറ്റങ്ങൾ വരുത്താനാകുമെന്നതിന് ഉദാഹരണമാണ് അങ്കമാലിക്കാരായ ഡെന്നിസ് ജോസഫും മകൾ മരിയയും

MV Desk

ദിവസേനയെന്നോണം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ആരോഗ്യരംഗം. പക്ഷേ, അവിടെ എപ്പോഴും മുൻഗണന രോഗികളുടെ സുരക്ഷയ്ക്കു തന്നെ. ഇക്കാര്യത്തിൽ ഒരുമയോടെയുള്ള പ്രവർത്തനം കൊണ്ട് ഗുണപരമായ എന്തൊക്കെ മാറ്റങ്ങൾ വരുത്താനാകുമെന്നതിന് ഉദാഹരണമാണ് അങ്കമാലിക്കാരായ ഡെന്നിസ് ജോസഫിന്‍റെയും മകൾ മരിയ ഡെന്നിസിന്‍റെയും പ്രയത്നം. ആശുപത്രി അഡ്മിനിസ്ട്രേഷൻ രംഗത്ത് പരിചയസമ്പന്നനാണ് ഡെന്നിസ്. ദന്ത ഡോക്റ്ററായ മരിയയുമൊത്ത്, രോഗീ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് അദ്ദേഹം.

കുവൈറ്റിലെ റോയൽ ഹയാത്ത് ആശുപത്രിയിൽ ക്വാളിറ്റി വിഭാഗം ഡയറക്റ്ററാണ് ഡെന്നിസ്. നേതൃത്വവും വിശകലന വൈദഗ്ധ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഹാർവാർഡ് മെഡിക്കൽ സ്കൂളിന്‍റെ സുരക്ഷ, ഗുണനിലവാരം, ഇൻഫോർമാറ്റിക്സ്, ലീഡർഷിപ്പ് (Safety, Quality, Informatics, and Leadership - SQIL) സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ചേരുന്നത്. അദ്ദേഹത്തിന്‍റെ അഭിനിവേശം കണ്ടാണ്, പെരിയോഡോണ്ടിസ്റ്റും ഇംപ്ലാന്‍റോളജിസ്റ്റുമായ മരിയയും ഈ പ്രോഗ്രാമിൽ ചേരാൻ തീരുമാനിക്കുന്നത്.

വ്യത്യസ്ത പശ്ചാത്തലങ്ങൾ, ഒരേ ലക്ഷ്യം

ഡെന്നിസും മരിയയും ആരോഗ്യ സംരക്ഷണത്തിന്‍റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരാണ് - ഒരാൾ അഡ്മിനിസ്ട്രേഷനിലും മറ്റൊരാൾ ക്ലിനിക്കൽ പ്രാക്റ്റീസിലും നിന്നുള്ളവർ. എന്നാൽ, തങ്ങളുടെ പ്രവർത്തനമേഖലകൾ പരസ്പരപൂരകമാണെന്ന് അവർ തിരിച്ചറിയുകയായിരുന്നു. ആശുപത്രി മാനേജ്‌മെന്‍റിൽ പശ്ചാത്തലമുള്ള ഡെന്നിസ്, സിസ്റ്റങ്ങൾ മെച്ചപ്പെടുത്തുന്നതിന് പരമാവധി ഡേറ്റ ഉപയോഗിക്കുന്നതിൽ ഉത്സുകനായിരുന്നു.

''ഡേറ്റയെ ഉപയോഗപ്രദമായ ഇൻഫർമേഷനുകളാക്കി മാറ്റാനുള്ള കഴിവ് ആരോഗ്യ പരിപാലന രംഗത്ത് നേതൃപരമായ റോളുകളിൽ പ്രവർത്തിക്കുന്നവർക്ക് അത്യന്താപേക്ഷിതമാണ്,''ഡെന്നിസ് പറഞ്ഞു.

മരിയയെ സംബന്ധിച്ചിടത്തോളം, ജോലിയോടുള്ള സമീപനത്തിൽ തന്നെ മാറ്റം വരുത്താൻ സഹായിക്കുന്നതായിരുന്നു ഹാർവാർഡ് പ്രോഗ്രാം. ദന്തരോഗവിദഗ്ധ എന്ന നിലയിൽ, ഇൻഫർമാറ്റിക്‌സിലൂടെ രോഗീ പരിചരണം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്ന തിരിച്ചറിവാണ് ഇതിലൂടെ മരിയയ്ക്കു കിട്ടിയത്.

''ഞാൻ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് ആശുപത്രി മാനെജ്‌മെന്‍റ് സിസ്റ്റത്തിൽ ഇൻവെസ്റ്റ് ചെയ്യുക എന്നതായിരുന്നു'', മരിയ പറഞ്ഞു. തന്‍റെ പ്രാക്റ്റീസിനുള്ള ശരിയായ ഉപകരണങ്ങൾ തെരഞ്ഞെടുക്കാൻ പ്രോഗ്രാം സഹായകമായെന്നും മരിയ കൂട്ടിച്ചേർക്കുന്നു.

രോഗീ പരിചരണത്തിലെ പുതിയ സമീപനം

രോഗികളെ അവരുടെ തന്നെ പരിചരണത്തിന്‍റെ പ്രധാന ഭാഗമാക്കുന്നതിന്‍റെ പ്രാധാന്യം മനസിലാക്കാനും പ്രോഗ്രാം സഹായിച്ചു. ചികിത്സ സംബന്ധിച്ച തീരുമാനങ്ങളിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തുന്നതു വഴി കൂടുതൽ മെച്ചപ്പെട്ട ഫലം നൽകുമെന്നാണ് ഡെന്നിസിന്‍റെ വിശ്വാസം.

''കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ചികിത്സാ പദ്ധതികൾ രൂപപ്പെടുത്തുന്ന രീതി വലിയൊരു ചുവടുവയ്പ്പാണ്'', അദ്ദേഹം പറഞ്ഞു.

മരിയ തന്‍റെ ക്ലിനിക്കിൽ ഈ ആശയം പ്രായോഗികമാക്കുകയും, അതിന്‍റെ ഗുണങ്ങൾ വേഗത്തിൽ തന്നെ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു.

''ചികിത്സാ പദ്ധതികളിൽ രോഗികളെ കൂടുതലായി ഉൾപ്പെടുത്തുന്നത് അവരെ കൂടുതൽ തൃപ്തരാക്കുന്നുണ്ട്'', മരിയ സാക്ഷ്യപ്പെടുത്തുന്നു.

നേതൃമികവ് വർധിപ്പിക്കുക

SQIL പ്രോഗ്രാം വഴി സാങ്കേതികമായ കഴിവുകൾ മാത്രമല്ല പഠിപ്പിക്കുന്നത്. മികച്ച പ്രൊഫഷനലുകളായി വളരാനുള്ള പിന്തുണ കൂടിയാണ് അതിൽനിന്നു കിട്ടുന്നത്. പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം മരിയയ്ക്ക് അഡ്മിനിസ്ട്രേഷൻ, ക്ലിനിക് കോഓർഡിനേറ്ററായി സ്ഥാനക്കയറ്റവും കിട്ടി.

''നേതൃപരമായ കാര്യങ്ങളെ വേറിട്ട രീതിയിൽ സമീപിക്കാൻ ഈ പ്രോഗ്രാം എന്നെ സഹായിച്ചിട്ടുണ്ട്. തീരുമാനങ്ങൾ എടുക്കുന്നതിൽ ആത്മവിശ്വാസം നൽകുകയും ചെയ്തു'', മരിയ പറഞ്ഞു.

ഇപ്പോൾ അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ അക്രഡിറ്റേഷൻ സർവേയർ കൂടിയാണ് ഡെന്നിസ്. തന്‍റെ നേതൃശേഷി മെച്ചപ്പെടുത്തിയതിന് അദ്ദേഹവും ഹാർവാർഡ് പ്രോഗ്രാമിനു നന്ദി പറയുന്നു.

''വെല്ലുവിളികളെ നേരിടാനും വ്യത്യസ്ത നേതൃത്വ ശൈലികൾ മനസിലാക്കാനുമുള്ള മാർഗങ്ങളാണ് ഈ പ്രോഗ്രാം വഴി എനിക്കു കിട്ടിയത്'', അദ്ദേഹം പറഞ്ഞു.

ആഗോള ശൃംഖലയുടെ ഭാഗം

ലോകമെമ്പാടുമുള്ള പ്രൊഫഷനലുകളുമായി പരിചയപ്പെടാൻ സാധിച്ചു എന്നതായിരുന്നു പ്രോഗ്രാമിന്‍റെ ഏറ്റവും വലിയ പ്രയോജനങ്ങളിലൊന്ന്. കുവൈറ്റിലിരുന്ന് വെർച്വൽ വർക്ക്‌ഷോപ്പുകളിൽ പങ്കെടുക്കുന്നതിന്‍റെ ബുദ്ധിമുട്ടുകൾക്കിടയിലും, ഡെന്നിസും മരിയയും ഇവരുമായുള്ള ചർച്ചകളുടെ മൂല്യം തിരിച്ചറിഞ്ഞു.

''വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി സംസാരിച്ചതു വഴിയാണ്, ഹെൽത്ത് കെയർ മേഖലയിലെ വെല്ലുവിളികൾ എല്ലായിടത്തും ഒരുപോലെയാണെന്ന് എനിക്കു മനസിലായത്'', മരിയ പറഞ്ഞു.

കുവൈറ്റിലെ ഹാർവാർഡ് ക്ലബ്ബിലൂടെ ഡെന്നിസ് ഈ പ്രോഗ്രാമിലെ സഹപാഠികളുമായുള്ള ബന്ധം നിലനിർത്തുന്നു.

''ഞാൻ എവിടെ പോയാലും ഹാർവാർഡിൽ നിന്നുള്ള ഒരാളെ കണ്ടുമുട്ടുന്നു'', അദ്ദേഹം പറഞ്ഞു.

അളവില്ലാത്ത അഭിമാനം

പ്രോഗ്രാമിന്‍റെ സർട്ടിഫിക്കറ്റ് ദാനച്ചടങ്ങിൽ, ക്ലാസ് പ്രസംഗം നടത്താൻ തെരഞ്ഞെടുത്തത് ഡെന്നിസിനെ ആയിരുന്നു. മരിയ കൂടി ഉൾപ്പെട്ട സദസിനു മുന്നിൽ അവിസ്മരണീയ മുഹൂർത്തമായിരുന്നു അദ്ദേഹത്തിനത്. അച്ഛൻ ആദരിക്കപ്പെടുന്നതിനു സാക്ഷിയാകുന്നത്, മകളെന്ന നിലയിൽ അഭിമാന നിമിഷമായിരുന്നു എന്ന് മരിയയും പറയുന്നു.

ഡെന്നിസിനെ സംബന്ധിച്ചിടത്തോളം, സർട്ടിഫിക്കറ്റ് നേടുന്നതിലും ഉപരിയാണ് ഈ പഠനയാത്ര. താൻ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുടെ വളർച്ചയ്ക്കു കൂടി സഹായമാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

''എന്‍റെ സഹപ്രവർത്തകർക്ക് അവരുടെ കരിയറിൽ പിന്തുണ നൽകാനുള്ള മാർഗങ്ങൾ കൂടിയാണ് ഈ പ്രോഗ്രാമിലൂടെ ഞാൻ പഠിച്ചത്'', അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത തൊഴിലുകൾക്കും വ്യത്യസ്ത തലമുറകൾക്കും ഇടയിലുള്ള ടീം വർക്ക് ആരോഗ്യ സംരക്ഷണത്തിൽ അർഥവത്തായ മാറ്റം സൃഷ്ടിക്കുമെന്നാണ് ഡെന്നിസും മരിയയും തെളിയിക്കുന്നത്. പഠനം ഒരിക്കലും അവസാനിക്കാത്ത പ്രക്രിയയാണെന്നും, സഹകരണം എന്നത് രോഗീ പരിചരണം മെച്ചപ്പെടുത്തുന്നതിലെ പ്രധാന ഘടകമാണെന്നും ഈ അച്ഛന്‍റെയും മകളുടെയും കഥയിലൂടെ വീണ്ടും വ്യക്തമാകുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com