
പ്രൊഫ. മേയർ ബ്രെസിസ്
getty image
മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ പുരുഷന്മാർ സാധാരണയായി ഉപയോഗിക്കുന്ന ജനപ്രിയ ഗുളികയാണ് ഫിനാസ്റ്ററൈഡ്. പൊതുവെ ഈ ഗുളിക സ്ഥിരമായി ഉപയോഗിക്കുന്നവരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ പോലുള്ള ദൂഷ്യ ഫലങ്ങൾ ഉണ്ട് എന്നത് സുവിദിതമാണ്. എന്നാലിപ്പോൾ പുതിയ ഒരു പഠനം കൂടി പുറത്തു വിട്ടിരിക്കുകയാണ് ജറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റി.
പുരുഷന്മാരിലെ മുടി കൊഴിച്ചിൽ, ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർ പ്ലാസിയ (BPH) തുടങ്ങിയ അവസ്ഥകളുടെ ചികിത്സയിലാണ് ഈ മരുന്നു ജനപ്രിയമായത്. എന്നാൽ ജറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനത്തിലെ കണ്ടെത്തലുകൾ ഫിനാസ്റ്ററൈഡ് ഉപയോഗിക്കുന്നവരിൽ വിഷാദം, ഉത്കണ്ഠ എന്നിവ വർധമാനമായ തോതിൽ ഉണ്ടാകുന്നതായും അത് ആത്മഹത്യയിലേയ്ക്കു നയിക്കുന്നതായും ആണ്.
ഫിനാക്സ്, ഫിൻപേഷ്യ, ഫിൻകാർ എന്നിവയാണ് ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡുകൾ. ഇതിന്‍റെ ഒരു മില്ലിഗ്രാം, അഞ്ചു മില്ലിഗ്രാം ഗുളികകൾ ഓൺലൈനിലും ലഭ്യമാണ്. സാധാരണ ഡോക്റ്ററുടെ കുറിപ്പടി പ്രകാരം മാത്രമേ ഈ മരുന്ന് നൽകാറുള്ളു.1997ലാണ് ഈ മരുന്ന് വിപണിയിൽ ഇറങ്ങിയത്.
ഹീബ്രു യൂണിവേഴ്സിറ്റി ഓഫ് ജറുസലേമിലെ പ്രൊഫ. മേയർ ബ്രെസിസ് നീണ്ട ഇരുപതു വർഷക്കാലം നടത്തിയ ഗവേഷണ പഠനങ്ങളിലാണ് ഈ വസ്തുതയുള്ളത്. ടെസ്റ്റോസ്റ്റിറോണിനെ ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണായി(DHT) പരിവർത്തനം ചെയ്യുന്നത് ഫിനാസ്റ്ററൈഡ് ഉപയോഗം തടയുന്നു. ഈ പ്രവർത്തനത്തിൽ തലച്ചോറിലെ മാനസികാവസ്ഥ നിയന്ത്രണവുമായി ബന്ധപ്പെട്ട അലോപ്രെഗ്നലോൺ പോലുള്ള ന്യൂറോസ്റ്റീറോയിഡുകളെ ഇത് തടസപ്പെടുത്തുന്നു.
ഇത് പോസ്റ്റ്-ഫിനാസ്റ്ററൈഡ് സിൻഡ്രോം എന്നു വിളിക്കപ്പെടുന്ന നീണ്ടു നിൽക്കുന്ന ലക്ഷണങ്ങളുടെ റിപ്പോർട്ടുകളിൽ ഉറക്കമില്ലായ്മ, പരിഭ്രാന്തി മൂലമുണ്ടാകുന്ന ആക്രമണങ്ങൾ, വൈജ്ഞാനിക വൈകല്യം, ചികിത്സ നിർത്തിയതിനു ശേഷവും മാസങ്ങളോ വർഷങ്ങൾ പോലുമോ നീളുന്ന ആത്മഹത്യാ പ്രവണത എന്നിവ ഉൾപ്പെടുന്നു.
ഇത്രയൊക്കെയായിട്ടും ഈ മരുന്നിനെതിരെ ബന്ധപ്പെട്ടവർ യാതൊരു നടപടിയും എടുക്കുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഇതിനെതിരെയുള്ള പ്രവർത്തനങ്ങളിലാണ് പ്രൊഫ.മേയർ ബ്രെസിസ്.ഒരു സൗന്ദര്യ വർധക മരുന്ന് എങ്ങനെയാണ് പുരുഷന്മാരെ, പ്രത്യേകിച്ചും യുവജനങ്ങളെ കൊന്നൊടുക്കുന്നത് എന്നത് ഈ ഗവേഷണം തെളിയിക്കുന്നു. ഇത്തരം കൊലപാതക മരുന്നുകൾ എങ്ങനെ അംഗീകരിക്കപ്പെടുന്നു, നിരീക്ഷിക്കപ്പെടുന്നു, നിർദേശിക്കപ്പെടുന്നു എന്നീ കാര്യങ്ങളിൽ ഉടൻ മാറ്റം വരുത്തണമെന്നാണ് ബ്രെസിസിന്‍റെ ആവശ്യം.