കോഴിക്കോട് ബീച്ചിൽ ഭീമൻ ഹൃദയം; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ആസ്റ്റർ മിംസ്

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നിർമിച്ച മണൽ ഹൃദയ ശിൽപ്പം ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടി. കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള ക്യാംപെയിനും പ്രഖ്യാപിച്ചു.
Giant Sand Heart Sculpture on Kozhikode Beach Enters India Book of Records

കോഴിക്കോട് ബീച്ചിൽ നിർമിച്ച മണൽ ശിൽപ്പം.

Updated on: 

കോഴിക്കോട്: ലോക ഹൃദയദിനത്തിൽ കോഴിക്കോടിന്‍റെ കടപ്പുറത്ത് മണലിൽ വിരിഞ്ഞത് മനുഷ്യഹൃദയത്തിന്‍റെ ഏറ്റവും വലിയ ശിൽപ്പം. ശിൽപ്പകലയ്ക്കും സാംസ്കാരിക പാരമ്പര്യത്തിനും പേരുകേട്ട കോഴിക്കോടിന്‍റെ തീരത്ത്, ആസ്റ്റർ മിംസ് ആശുപ്രതി നിർമിച്ച ഈ മണൽ ശിൽപ്പം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി.

30 അടി നീളവും 30 അടി വീതിയുമുള്ള ഈ ഭീമൻ ഹൃദയ ശിൽപ്പത്തിനാണ് അംഗീകാരം ലഭിച്ചത്. പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷാണ് മനുഷ്യഹൃദയത്തിന്‍റെ ഘടനയും പ്രവർത്തനങ്ങളും തന്മയത്വത്തോടെ മണലിൽ പുനഃസൃഷ്ടിച്ചത്.

ബീച്ചിൽ നടന്ന ചടങ്ങിൽ, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് പ്രതിനിധികളിൽനിന്ന് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡോ. ഗോപിനാഥ് മാമ്പള്ളികളം ഔദ്യോഗിക റെക്കോഡ് സർട്ടിഫിക്കറ്റും ഉപഹാരവും ഏറ്റുവാങ്ങി. കലയും ആരോഗ്യ ബോധവത്കരണവും സാമൂഹിക സേവനവും കോർത്തിണക്കി സംഘടിപ്പിച്ച ഹൃദയദിന പരിപാടിയിൽ, ഈ അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡോ. ഗോപിനാഥ് മാമ്പള്ളികളം പറഞ്ഞു.

10,000 ചുവടുകൾ, ഒരു കുഞ്ഞു ഹൃദയത്തിന്‍റെ ജീവിതം

ഹൃദയദിനത്തോട് അനുബന്ധിച്ചുള്ള വാക്കത്തൺ നടപ്പാതയിലും നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ചടങ്ങിൽ, കുട്ടികൾക്കുള്ള സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള "ഹാർട്ട് ടു ഹാർട്ട് കെയർ" ക്യാംപെയിനും സിഒഒ ഗോപിനാഥ് മാമ്പള്ളികളം പ്രഖ്യാപിച്ചു.

ഓരോ വ്യക്തിയുടെയും 10,000 ചുവടുകൾക്ക് പകരമായി, നിർധനരായ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് നിശ്ചിത പണം മാറ്റിവയ്ക്കുകയും, ശേഷം ആ പണം ഉപയോഗിച്ച് കുട്ടികളുടെ സർജറി പൂർത്തീകരിക്കുകയും ചെയ്യുന്നതാണ് ഈ ക്യാംപെയിനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ വർഷം ഇതേ ക്യാംപെയിനിലൂടെ 36 കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും, ഹൃദയ സംരക്ഷണത്തോടൊപ്പം ഒരു കുഞ്ഞു ഹൃദയത്തിന്‍റെ സംരക്ഷണത്തിനും വേണ്ടിയാണ് ഈ ക്യാംപെയിൻ നടത്തുന്നതെന്നും ഇന്‍റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. സൽമാൻ സലാഹുദ്ദീൻ പറഞ്ഞു. തുടർന്ന്, ഹൃദയ സംരക്ഷണത്തിന്‍റെ ഭാഗമായി പൊതുജന ചർച്ചകൾക്ക് ആസ്റ്റർ മിംസിലെ പ്രമുഖ കാർഡിയോളജിസ്റ്റുകൾ നേതൃത്വം നൽകി.

Giant Sand Heart Sculpture on Kozhikode Beach Enters India Book of Records

ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സ് പ്രതിനിധികൾ ആസ്റ്റർ മിംസിന് സർട്ടിഫിക്കറ്റ് കൈമാറുന്നു.

കാൽ നൂറ്റാണ്ടിന്‍റെ സേവനത്തിന് ഇരട്ടിമധുരം

ആസ്റ്റർ മിംസിന്‍റെ കാൽ നൂറ്റാണ്ടിന്‍റെ സേവനം പൂർത്തിയാക്കുന്ന ഈ സുവർണ വേളയിൽ ലഭിച്ച ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടം ഇരട്ടി മധുരമാണ് നൽകുന്നതെന്ന് ആശുപ്രതി മാനേജ്മെന്‍റ് വ്യക്തമാക്കി. ഡോ. ഗോപിനാഥ് മാമ്പള്ളികളം (സിഒഒ), ഡോ. സൽമാൻ സലാഹുദ്ദീൻ (ഇന്‍റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവി), ഡോ. ജയേഷ് ഭാസ്കരൻ, ഡോ. ഗിരീഷ് വാര്യർ (പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം മേധാവി), ഡോ. സുദീപ് കോശി കുര്യൻ, ഡോ. സന്ദീപ് മോഹനൻ, ഡോ. ബിജോയ്.കെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

logo
Metro Vaartha
www.metrovaartha.com