

അവക്കാഡോ
കൊച്ചി: പലവിധ ജീവിത ശൈലി അസുഖങ്ങൾ മൂലം കഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്ത. ഒരു പഴത്തിലൂടെ രോഗപ്രതിരോധ മാർഗമെങ്കിൽ പിന്നെ ഒന്നും ചിന്തിക്കാനില്ല. കരീബിയൻ ദ്വീപുകളിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയ ലോറേസി വർഗത്തിൽപ്പെട്ട പച്ച തോടുളള ഫലമാണ് താരം. പഴം അന്വേഷിച്ച് എങ്ങും പോകണ്ട നമ്മുടെ വഴിയോരങ്ങളിൽ നിന്ന് ഈ പഴം ലഭിക്കും. വില അൽപ്പം കൂടുമെങ്കിലും പോഷക സമ്പുഷ്ടമായ ഫലമാണിത്. വെറെ ആരുമല്ല കക്ഷി, അവക്കാഡോയാണ് താരം.
വിറ്റാമിൻ സി, ഇ, കെ, ബി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ വെണ്ണപഴം എന്ന അവക്കാഡോ. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ പ്രത്യേകിച്ച് ഒലിയിക് ആസിഡ് അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.
ഈ കൊഴുപ്പുകൾ എൽഡിഎൽ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോളിന്‍റെ അളവ് വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് റിപ്പോർട്ട്. ശരീരഭാരം നിയന്ത്രിക്കാനും ഈ പഴം സഹായിക്കും. അവക്കാഡോയിലെ ഉയർന്ന നാരുകൾ വിശപ്പും കലോറി ഉപഭോഗവും കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ അവക്കാഡോ ഉൾപ്പെടുത്തുന്നത് അമിത വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ആന്‍ററി ഓക്‌സിഡന്‍റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അവക്കാഡോകളിൽ അടങ്ങിയിട്ടുണ്ട്.
ഈ സംയുക്തങ്ങൾ റെറ്റിനയിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറച്ചും പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു. പ്രമേഹ സാധ്യതയെയും ഇവ ഇല്ലാതാകുമെന്നും റിപ്പോർട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
അവാക്കാഡോയിലെ വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍ററുകളും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തെ രൂപപ്പെടുത്തുന്നു. വിറ്റാമിൻ ഇ അൾട്രാവയലറ്റ് വികിരണവും പരിസ്ഥിതി മലിനീകരണവും മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും അകാല വാർദ്ധക്യവും ചുളിവുകളും തടയാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, അവോക്കാഡോകളിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ജലാംശം നിലനിർത്തുകയും മൃദുലത നിലനിർത്തുകയും ചെയ്യുന്നു.
അവക്കാഡോകളിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡുകൾ തലച്ചോറിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്നു. അവക്കാഡോ പതിവായി കഴിക്കുന്നത് മെമ്മറി, ഏകാഗ്രത, മൊത്തത്തിലുള്ള തലച്ചോറിന്‍റെ ആരോഗ്യം എന്നിവ നിലനിർത്താൻ സഹായിച്ചേക്കാം.