ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലമായാണ് കർക്കിടകത്തെ കാണുന്നത്.
freepik.com
എൻ. അജിത്കുമാർ
ശരീരത്തിന്‍റെ പ്രതിരോധ ശേഷി കുറയുന്ന കാലമായതിനാല്‍ ശരീരത്തിനു ശ്രദ്ധ നല്‍കേണ്ട കാലമാണ് കർക്കിടകം. അതിനാലാണ് ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയായി കര്‍ക്കിടകത്തെ കാണുന്നത്.
താള്, തകര, ചീര, മത്തന്‍, കുമ്പളം, ചേന, ഉഴുന്ന്, പയറ്, ആനത്തൂവ, നെയ്യുണ്ണി എന്നിവയാണ് പത്തിലകള്‍. കര്‍ക്കിടകത്തില്‍ പത്തില കൂട്ടണം എന്നാണ് ചൊല്ല്. ഈ ഇലകളെല്ലാം അരിഞ്ഞിട്ട് ചെറുചൂടോടെ കഴിച്ചാല്‍ പൊതുവെ പ്രതിരോധശേഷി കുറയുന്ന ഇക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിക്കും. പത്തിലകളില്‍ ദേവന്മാര്‍ അമൃത് തളിക്കുന്ന കാലമാത്രെ കര്‍ക്കിടകം.
ചേമ്പ് വര്‍ഗത്തില്‍പ്പെട്ട സസ്യമാണ് താള്. തോട്ടിന്‍ വക്കത്തും ചതുപ്പുകളിലും കര്‍ക്കിടകമാസത്തില്‍ താള് നന്നായി വളരുന്നു. ഇലയുടെ നടുക്കുള്ള ചുവന്ന പൊട്ട് കണ്ട് താളിനെ എളുപ്പം തിരിച്ചറിയാം. താളിന്‍റെ തളിരിലയാണ് നല്ലത്. കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. ദഹനത്തിനും താള് നല്ലതാണ്.
ചെറിയ ദുര്‍ഗന്ധമുള്ള ഇലകളും മഞ്ഞപ്പൂക്കളുമായി പറമ്പിലും തൊടിയിലും ധാരാളം വളരുന്ന ഏകവര്‍ഷി ചെടിയാണ് തകര. സന്ധ്യയോടുകൂടി ഇലകള്‍ മടങ്ങുന്നത് ഇതിന്‍റെ ഒരു സ്വഭാവമാണ്. മലബന്ധം, ചൊറി, ചിരങ്ങ്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം തകരയില നല്ലതാണ്. ഇതിന് വിഷത്തെ നിര്‍വീര്യമാക്കാനുള്ള ശേഷിയുമുണ്ട്. ലെഗുമിനോസ കുടുംബത്തില്‍പ്പെട്ട തകരയുടെ ശാസ്ത്രനാമം സെന്ന ടോറ.
വീട്ടുവളപ്പിലെ ഒരു പ്രധാന കിഴങ്ങുവിളയാണ് ചേന. അരേസീയ കുടുംബത്തില്‍പ്പെട്ട ചേനയുടെ ശാസ്ത്രനാമം അമോര്‍ഫോഫാലസ് പെയ്‌നി ഫോളിയസ് എന്നാണ്. വാതം, അര്‍ശ്ശസ് എന്നീ രോഗങ്ങള്‍ക്ക് നല്ലതായതിനാല്‍ ചേന വൈദ്യനാണെന്നാണ് പഴമക്കാര്‍ പറയാറ്. ചേനയിലയില്‍ മാംസ്യവും ധാതുലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. മൂപ്പെത്താത്ത ചേനയിലയാണ് തോരന് നല്ലത്.
ഓണക്കാലത്തേയ്ക്കുള്ള മത്തന്‍ നട്ടാല്‍ കര്‍ക്കിടകത്തില്‍ മത്തനില പറിക്കാം. മത്തന്‍റെ കുരുന്നിലയില്‍ ജീവകം എ ധാരാളമുണ്ട്. കുക്കൂര്‍ബിറ്റ മൊഷിറ്റ എന്നാണ് മത്തന്‍റെ ശാസ്ത്രനാമം.
കുക്കൂര്‍ബിറ്റേസി കുടുംബത്തില്‍പ്പെട്ട കുമ്പളത്തിന്‍റെ ശാസ്ത്രനാമം ബെനിന്‍ കാസ ഹിസ്പീഡ എന്നാണ്. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, നാരുകള്‍ എന്നിവ ധാരാളമുള്ള കുമ്പളത്തില മലമൂത്രശോധന എളുപ്പമാക്കുന്നതിനും സഹായിക്കുന്നു.
സാധാരണ ചീരയേക്കാള്‍ മുള്ളന്‍ ചീരയാണ് പത്തിലത്തോരന് നല്ലത്. ധാരാളം ഔഷധഗുണമുള്ള മുള്ളന്‍ചീര കുടല്‍ രോഗങ്ങള്‍ക്കും ത്വക് രോഗങ്ങള്‍ക്കും വളരെ നല്ലതാണ്. കൃഷി ചെയ്യാതെ തന്നെ വെളിപ്പറമ്പുകളിലം വഴിയോരങ്ങളിലും മുള്ളന്‍ചീര വളരുന്നു.
ചൊറിയണം, ചെന്തോട്ടി, കുപ്പത്തൂവ, കൊടുത്തൂവ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇതിന്‍റെ ഇല നല്ലൊരിലക്കറിയാണെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. ഇല ചൊറിച്ചിലുണ്ടാക്കുന്നതുകൊണ്ട് പലര്‍ക്കും അടുക്കാന്‍ പേടിയാണ് എന്നതാണ് സത്യം. ചൊറിച്ചില്‍ മാറാന്‍ ഒന്നോ, രണ്ടോ തവണ ഇവനെ വെള്ളത്തില്‍ മുക്കിയെടുത്താല്‍ മതി. ഇതിന്‍റെ ഇലകൊണ്ട് രുചികരമായ തോരനും കറിയുമൊക്കെ ഉണ്ടാക്കാം.
ഒരുകാലത്ത് തൊടികളിലും പറമ്പിലും വഴിയരികിലും ധാരാളം പടര്‍ന്നുകയറിക്കിടന്നിരുന്ന നെയ്യുണ്ണിയെ ഇന്ന് കണികാണാനില്ല. ഇതിന്‍റെ ഇലയുടെ ആകൃതി കൈപ്പത്തി പോലെയായതിനാല്‍ ഐവിരലിക്കോവ എന്നും വിളിക്കാറുണ്ട്. ഇതിന്‍റെ കുഞ്ഞു കോവയ്ക്ക പോലുള്ള കായയ്ക്ക് ശിവലിംഗത്തോടു സാമ്യമുള്ളതിനാല്‍ ശിവലിംഗി എന്നാണ് സംസ്‌കൃതത്തില്‍ അറിയപ്പെടുന്നത്. പനി, നീര് എന്നിവയ്ക്ക് ഫലപ്രദമായ ഔഷധമാണ് നെയ്യുണ്ണി.
ലെഗുമിനോസി കുടുംബത്തില്‍പ്പെട്ട പയറിന്‍റെ ശാസ്ത്രനാമം വിഗ്‌ന അംഗിക്കുലേറ്റ എന്നാണ്. പയറിനേക്കാള്‍ രുചിയാണ് കര്‍ക്കിടകത്തില്‍ പയറിലയ്ക്ക്.
മഴയെ ആശ്രയിച്ച് കേരളത്തിലൊട്ടാകെ ഒരുകാലത്ത് ഉഴുന്നു കൃഷി ചെയ്തിരുന്നു. മൂന്നുമാസംകൊണ്ട് ഉഴുന്നു പറിക്കാന്‍ പ്രായമാകും. അതുകൊണ്ട് കര്‍ക്കിടകമാകുമ്പോഴേയ്ക്ക് എല്ലാവീട്ടിലും ഉഴുന്നില തോരന്‍ വയ്ക്കാന്‍ റെഡിയാകും. പാപ്പിലോനേസി കുടുംബത്തില്‍പെട്ട ഉഴുന്നിന്‍റെ ശാസ്ത്രനാമം ഫാസിയോളസ് മുംഗോ.
കര്‍ക്കിടകമാകുമ്പോഴേക്ക് ചേനയും ചേമ്പും വിളവെടുക്കാന്‍ പാകമാകും. കര്‍ക്കിടകത്തില്‍ പറിച്ചെടുക്കാന്‍ പാകത്തില്‍ ചെറുചേമ്പ് നെല്‍വയലുകളുടെ അരികിലും ഞാറ്റടിക്കണ്ടങ്ങളിലും പുരയിടങ്ങളിലുമൊക്കെ പണ്ട് നടുക പതിവായിരുന്നു. കുംഭത്തില്‍ നട്ട ചേന കര്‍ക്കിടകമാസത്തോടെ കുടത്തോളം വലിപ്പം വയ്ക്കും. കര്‍ക്കിടകച്ചേന വെണ്ണപോലെ വേവുമെന്നാണ് നാട്ടുമൊഴി. അതില്‍ നിന്നായിരിക്കും കര്‍ക്കിടകച്ചേനയും ചേമ്പും കട്ടിട്ടും കൂട്ടണം എന്ന ചൊല്ലുണ്ടായത്.
ഉഴിച്ചില്‍, പിഴിച്ചില്‍ തിരുമ്മല്‍, കിഴി, പഞ്ചകര്‍മ്മ ചികിത്സ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യക്കാലമാണ് കര്‍ക്കിടകം. ദേഹരക്ഷയ്ക്ക് ഇത് ഉത്തമമാണെന്നാണ് പഴമക്കാരുടെയും പുതുമക്കാരുടെയും വിശ്വാസം.
മരുന്നുകഞ്ഞി എന്നറിയപ്പെടുന്ന കര്‍ക്കിടകക്കഞ്ഞി സേവയാണ് കര്‍ക്കിടകമാസത്തെ മറ്റൊരു പ്രധാന പരിപാടി. ദശപുഷ്പം ഇടിച്ചുപിഴിഞ്ഞ് അതിന്‍റെ നീര് എടുത്ത് ഞവരയരി വേവിച്ച് അതില്‍ചേര്‍ത്ത് കഴിക്കുന്ന രീതിയാണ് പണ്ടുണ്ടായിരുന്നത്. അയമോദകം, ജീരകം, ചങ്ങലംപരണ്ട, മലതാങ്ങി, വയല്‍ച്ചുളളി, അല്‍പം കരിപ്പട്ടി ശര്‍ക്കര എന്നിവയും ചേര്‍ത്താല്‍ ഗംഭീര കര്‍ക്കിടകക്കഞ്ഞിയായി.
കന്നുകാലികളെ, പ്രത്യേകിച്ചും ഉഴവുകാളകളെ കര്‍ക്കിടകമാസത്തില്‍ എണ്ണതിരുമ്മി കുളിപ്പിക്കുന്നു. എന്നിട്ട് ഒരുവേരന്‍ ചെടിയുടെ വേരും മുതിരയും ശര്‍ക്കരയുമൊക്കെ ചേര്‍ത്ത് ലേഹ്യമുണ്ടാക്കി തീറ്റിക്കുന്നതും പണ്ടുകാലത്ത് പതിവുണ്ടായിരുന്നു.