ഉയർന്ന ബിപി: മരണത്തിലേക്കും നയിക്കാമെന്ന് പഠനം | Video

പലപ്പോഴും ബിപി നോക്കുമ്പോൾ കൂടുതലാണെന്ന് കണ്ടെത്തിയാൽ അതിനെ ആളുകൾ നിസാരവൽക്കരിക്കാറുണ്ട്. എന്നാൽ, ഉയർന്ന ബിപി മരണത്തിന് കാരണമാകുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..?? അതെ, ഉയർന്ന ബിപി മൂലം മരണം വരെ സംഭവിക്കാം. ശരീരത്തിലൂടെ ഒഴുകി നടക്കുന്ന രക്തം, നമ്മുടെ ഹൃദയം പമ്പ് ചെയ്യുമ്പോൾ രക്തധമനിയുടെ ഭിത്തിയിൽ ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും രക്തത്തിൽ അലിയിച്ചു എത്തിക്കാൻ വേണ്ടിയാണ് ഹൃദയം നിർത്താതെ ഇങ്ങനെ പമ്പ് ചെയ്യുന്നത്.

സ്ഫഗ്‌മോമനോമീറ്റർ (Sphygmomanometer) എന്ന ഉപകരണത്തിലെ മെർകുറിയുടെ സഹായത്തോടെയാണ് രക്തസമ്മർദ്ദം അളക്കുന്നത്. രക്തസമ്മർദം കൂടുമ്പോൾ സ്വഭാവികമായും 120/80ൽ നിന്നും കൂടും. 130-140 വരെയും 80-90 വരെയും കൂടുമ്പോൾ സ്റ്റേജ് 1 ഹൈപ്പർടെൻഷനിൽ എത്തിയതെന്നാണ് സൂചന. അതേസമയം, 140-180 വരെയും 90-120 വരെയും സ്റ്റേജ് 2 ഹൈപ്പർടെൻഷന്‍ എന്ന ഗുരുതര അവസ്ഥയിലേക്ക് മാറുകയാണ്. എന്നാൽ, 180/120നു മുകളിൽ ആകുമ്പോൾ ബിപിയെ സൈലന്‍റ് കില്ലർ എന്ന് വിശേഷിപ്പിക്കാം.

സാധാരണയായി 180ൽ മുകളിൽ പോകുമ്പോഴാണ് ആളുകൾ ചികിത്സ തേടുന്നത്. എന്നാൽ, ലക്ഷണമില്ല എന്ന് കരുതി രക്തസമ്മർദ്ദം നിങ്ങളുടെ ശരീരത്തിൽ തകരാറുണ്ടാക്കില്ല എന്നല്ല, നിങ്ങൾ അറിയാതെ തന്നെ അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ടാണ് രക്തസമ്മർദത്തെ സൈലന്‍റ് കില്ലർ എന്ന് വിളിക്കുന്നത്. ഇനിയും ചികിത്സ തേടിയില്ലായെങ്കിൽ മരണം ഉറപ്പാണ്.

സ്ഥിരമായി ബിപി കൂടുന്നവരുടെ ഹൃദയം രക്തം പമ്പ് ചെയാൻ എപ്പോഴും കൂടുതൽ മർദ്ദം ചെലുത്തണ്ടി വരും. ഇത് കാലക്രമേണ ഹൃദയത്തിന്‍റെ 4 അറകളിൽ ഒന്നായ ലെഫ്റ്റ് വെൻട്രിക്കിളിന്‍റെ പേശികൾ കൂടുതൽ കട്ടിയാവാനും ഭിത്തികൾ വണ്ണം വയ്ക്കാനും അങ്ങനെ ഈ അറയുടെ വലുപ്പം കുറയാനും സാധ്യതയുണ്ട്. അതുമൂലം, രക്തത്തിന്‍റെ അളവ് ഇതിൽ കുറയുകയും പിന്നീട് കാർഡിയാക് അറസ്റ്റ് വന്ന് മരണം സംഭവിക്കാനും സാധ്യതയുണ്ട്.

അതുമാത്രമല്ല, ഉയർന്ന ബിപി വൃക്കകളെയും ബാധിക്കും. സ്ഥിരമായി ഉയർന്ന ബിപി വൃക്കയിൽ കേടുപാടുകൾ ഉണ്ടാക്കി ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടാക്കും, ഇത് കാലക്രമേണ രോഗിയെ ഡയാലിസിസിലേക്ക് നയിക്കും. കൂടാതെ, ബിപി കൂടി അത് തലച്ചോറിലേക്കുള്ള ധമനികളിൽ അമിതമായ മർദ്ദം ഉണ്ടാക്കി അവിടം പൊട്ടാനും തലച്ചോറിൽ ആന്തരികസ്രാവം ഉണ്ടാക്കി സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കി പെട്ടന്ന് തന്നെ മരിക്കാനോ നീണ്ട കോമ അവസ്ഥയിൽ എത്താനുമെല്ലാം സാധ്യത കൂടുതലാണ്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com