എച്ച്എംപിവി പുതിയതല്ല, മഹാമാരിയുമല്ല; അനാവശ്യ ഭീതി പരത്തരുതെന്ന് ഡോക്റ്റർമാർ

ജലദോഷം പരത്തുന്ന വൈറസുകളുടെ പട്ടികയില്‍ വരുന്നതാണ് എച്ച്എംപിവി വൈറസ്. ഇതിനെ കൊവിഡുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇതു ചൈനയിൽനിന്നു വന്നതുമല്ല.
HMPV not new, not from China, no concerns, says IMA doctors
എച്ച്എംപിവി പുതിയതല്ല, മഹാമാരിയുമല്ല; അനാവശ്യ ഭീതി പരത്തരുതെന്ന് ഡോക്റ്റർമാർ
Updated on

കൊച്ചി: എച്ച്എംപിവി വൈറസ് പുതിയതോ പുതിയ മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എച്ച്എംപിവി വൈറസ് കൊവിഡ് 19ന് സമാനമാണെന്ന രീതിയിലുള്ള പ്രചാരണം അനാവശ്യമാണ്. കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ നിന്നു വന്നതോ പുതിയ വൈറസോ അല്ല. ഇത്തരത്തില്‍ അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണമെന്ന് ഐഎംഎ കൊച്ചി പ്രസിഡന്‍റ് ഡോ. ജേക്കബ് എബ്രഹാം, ഐഎംഎ കൊച്ചി സയന്‍റിഫിക് കമ്മിറ്റി ചെയര്‍മാനും മുഖ്യവക്താവുമായ ഡോ. രാജീവ് ജയദേവന്‍, ഡോ. എം.ഐ. ജുനൈദ് റഹ്മാന്‍, ഐഎപി മുന്‍ ദേശീയ പ്രസിഡന്‍റ് ഡോ. സച്ചിദാനന്ദ കമ്മത്ത്, ഐഎപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. എം. നാരയണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എച്ച്എംപി വി വൈറസ് പതിറ്റാണ്ടുകളായി ഈ ഭൂമുഖത്തുള്ളതും പലപ്പോഴായി എല്ലാവരെയും തന്നെ ബാധിച്ചിട്ടുള്ളതുമാണ്. ജലദോഷം പരത്തുന്ന വൈറസുകളുടെ പട്ടികയില്‍ വരുന്നതാണ് എച്ച്എംപി വൈറസ്. ഇതിനെ കൊവിഡുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. രണ്ടും രണ്ടാണ്. കൊവിഡ് ബാധിച്ചാല്‍ ക്വാറന്‍റൈനില്‍ കഴിയുന്നതുപോലെയൊന്നും ഇതിന് ആവശ്യമില്ല. പരമാവധി ഏഴു ദിവസം കൊണ്ട് രോഗം സുഖമാകും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ പലയിടത്തായി എച്ച്എംപിവി ബാധിച്ച 16 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഫ്ളുവന്‍സ, എച്ച്1എന്‍1 അടക്കമുള്ള വൈറസുകളെ പരിശോധനയില്‍ കണ്ടെത്തുന്നതിനൊപ്പം എച്ച്എംപി വൈറസും കണ്ടെത്തിയിട്ടുള്ളതാണ്. പുതിയതായി കണ്ടെത്തിയത് എന്നു പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല.

ആസ്ത്മ, അലര്‍ജി, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്കു മാത്രമായിരിക്കും എച്ച്എംപി വൈറസ് അല്‍പ്പം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ആശുപത്രി വാസം വേണ്ടിവരികയും ചെയ്യുക. അല്ലാത്തവരില്‍ ഇത് വന്നു പോകുന്നത് പോലും ആരും അറിയില്ല.

പനിയും ജലദോഷവും ചുമയും ഉള്ളവര്‍ പരമാവധി ആള്‍ക്കൂട്ടങ്ങളില്‍ പോകാതിരിക്കുക. മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. ശൈത്യകാലത്താണ് എച്ച്എംപി വൈറസ് ബാധ വര്‍ധിക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ ശൈത്യകാലമാണ്. ജലോദോഷം വന്നാല്‍ പോലും അവിടുള്ളവര്‍ വലിയ ആശുപത്രികളിലാണ് ചികിത്സ തേടുന്നത്. ഒപ്പം ഐവി ഇടുന്നതും ശീലമാണ്.

ശൈത്യകാലത്ത് ചൈനയില്‍ ആശുപത്രികളില്‍ വലിയ തിരക്ക് പതിവാണ്. ഇതിന്‍റെയെല്ലാം ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ വീണ്ടും മഹാമാരി വരുന്നുവെന്ന് കാട്ടി അനാവശ്യ ഭീതി പരത്തി പ്രചരിപ്പിക്കുന്നതെന്നും, ഇതു കണ്ട് ആരും ഭയചകിതരാകേണ്ടതില്ലെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞു. ഐഎംഎ കൊച്ചി മുന്‍ പ്രസിഡന്‍റ് ഡോ. എം.എം. ഹനീഷ്, ഐഎംഎ കൊച്ചി സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷറര്‍ ഡോ. ബെന്‍സീര്‍ ഹുസൈന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com