
പ്രതീകാത്മക ചിത്രം
getty images
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ലോകമെമ്പാടും ചർച്ചകൾ നടക്കുകയാണ്. ഇപ്പോഴിതാ ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണം ലോകജനത ശീലിച്ചാൽ ആഗോള തലത്തിൽ 15 ദശലക്ഷം മരണങ്ങൾ ഒഴിവാക്കാനാകുമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് EAT-Lancet കമ്മീഷൻ. കാർഷിക ഉദ് വമനം 15 ശതമാനത്തോളം കുറയുന്നതിനും ഇതു സഹായിക്കുമെന്നും പഠനത്തിലുണ്ട്. മനുഷ്യന്‍റെ ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, ആളുകളുടെ ജോലി, ജീവിത സാഹചര്യങ്ങൾ എന്നിവയിൽ ഭക്ഷണത്തിനുള്ള പങ്ക് അവരുടെ ആയുസിന്‍റെ പങ്കു തന്നെയാണ്. ഇന്ന് സുസ്ഥിരമായ ഒരു ഭക്ഷ്യപാത ലോക ജനത പിന്തുടരുന്നില്ല. ഭക്ഷ്യവ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെ വിജയകരമായ ഊർജത്തിലേയ്ക്ക് മാറിയതു കൊണ്ടു മാത്രം മനുഷ്യർക്ക് കാലാവസ്‍ഥാ വ്യതിയാനത്തിന്‍റെ മോശഫലങ്ങളിൽ നിന്ന് മോചനം ലഭിക്കില്ല.
കാലാവസ്ഥാ വ്യതിയാനത്തിനും ഹരിതഗൃഹ വാതക ഉദ് വമനത്തിനും അപ്പുറം ജൈവ വൈവിധ്യം, ഭൂവിനിയോഗം, ജലത്തിന്‍റെ ഗുണനിലവാരം,കാർഷിക മലിനീകരണം തുടങ്ങിയ ഘടകങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളെ തുടർന്നാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. ഭൂമിയെ വാസയോഗ്യമായ ഒരു ഗ്രഹമാക്കി മാറ്റുന്നതിൽ മുഖ്യ സ്ഥാനമുള്ള ഭക്ഷ്യ സംവിധാനങ്ങൾ ജൈവ-സസ്യാധിഷ്ഠിതമാകാത്തതാണ് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് എന്ന് ഗവേഷകർ പറയുന്നു. പ്രത്യേകിച്ചും ചുവന്ന മാംസത്തിനായി വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്ന നാൽക്കാലികൾ വലിയ തോതിൽ ഹരിതഗൃഹ വാതക ഉദ് വമനത്തിനും കാരണമാക്കുമെന്നാണ് EAT-Lancet കമ്മീഷന്‍റെ കണ്ടെത്തൽ.