
അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്
തിരുവനന്തപുരം: അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പർജില്ലസ് ഫ്ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ലോകത്ത് തന്നെ വളരെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാൾ രക്ഷപെടുന്നത് ഇതാദ്യമായാണന്ന് ആരോഗ്യവകുപ്പ്.
അമീബിക് മസ്തിഷ്‌ക ജ്വര ചികിത്സയിലും കേരളം ഏറെ മുന്നിലാണ്. ആഗോള തലത്തിൽ 99 ശതമാനം മരണനിരക്കുള്ള രോഗത്തിനെ മികച്ച പ്രവർത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും 24 ശതമാനമാക്കി കുറയ്ക്കാൻ കേരളത്തിനായി. ഗുരുതരമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാർത്ഥിയേയാണ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്ന് പൂർണ ആരോഗ്യത്തോടെ ഡിസ്ചാർജ് ചെയ്തത്. തുടർ പരിശോധനയ്ക്ക് എത്തിയപ്പോഴും പൂർണ ആരോഗ്യവാനായിരുന്നു.
മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കൽ കോളെജിലെ മുഴുവൻ ടീമിനേയും രോഗം കൃത്യ സമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളെജിലെ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. മൂന്ന് മാസങ്ങൾക്ക് മുമ്പ് കുളത്തിൽ മുങ്ങിക്കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ കുട്ടിയ്ക്ക് മസ്തിഷ്‌കജ്വരം ഉണ്ടാകുകയും അതിനെ തുടർന്ന് ബോധക്ഷയവും ഇടത് വശം തളരുകയും ചെയ്തു. തുടർന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തി.
ഉടൻ തന്നെ സംസ്ഥാന പ്രോട്ടോകോൾ പ്രകാരമുള്ള അമീബിക് മസ്തിഷ്‌കജ്വര ചികിത്സ ആരംഭിച്ചതോടെ തളർച്ചയ്ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറിനകത്ത് സമ്മർദ്ദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്തതിനെ തുടർന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. എംആർഐ സ്‌കാനിങ്ങിൽ തലച്ചോറിൽ പലയിടത്തായി പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ന്യൂറോ സർജറി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു.
ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. രണ്ടാമത്തെ ശസ്ത്രക്രിയയിൽ നീക്കം ചെയ്ത പഴുപ്പ് പരിശോധിച്ചപ്പോൾ ആസ്പർജില്ലസ് ഫ്ളാവസ് എന്ന ഫംഗസിന്‍റെ സാന്നിധ്യം കൂടി കണ്ടെത്തി. തുടർന്ന് മരുന്നുകളിൽ മാറ്റം വരുത്തി വിദഗ്ധ ചികിത്സ തുടർന്നു. ഒന്നര മാസത്തോളം നീണ്ട ഈ തീവ്ര ചികിത്സയെ തുടർന്ന് രോഗം പൂർണമായും ഭേദമായി. രോഗം ഭേദമായതോടെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. മൂന്ന് മാസത്തെ കഠിനമായ പ്രയത്നത്തിനൊടുവിൽ കുട്ടി പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി.
ഇത് ഏറെ സങ്കീർണമായ ഒരു അവസ്ഥയായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. രോഗത്തിന്‍റെ ആദ്യ ഘട്ടത്തിൽ തന്നെ ശരിയായ രോഗനിർണയം നടത്താൻ കഴിഞ്ഞതും പിന്നീട് കൃത്യമായ സമയത്ത് ശസ്ത്രക്രിയകൾ ചെയ്തതും രോഗമുക്തിയിൽ നിർണായകമായെന്നും ഡോക്ടർമാർ പറഞ്ഞു.സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേതും (39) ഈ വർഷത്തേയുമായി (47) ആകെ 86 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണുള്ളത്. അതിൽ 21 മരണങ്ങളാണ് ഉണ്ടായത്. അതായത് ലോകത്ത് 99 ശതമാനം മരണ നിരക്കുള്ള രോഗത്തിന് കേരളത്തിലെ നിരക്ക് 24 ശതമാനമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളെജ് സൂപ്രണ്ടും ന്യൂറോ സർജറി വിദഗ്ധനുമായ ഡോ. സുനിൽ കുമാറാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. ന്യൂറോ സർജൻമാരായ ഡോ. രാജ് എസ്. ചന്ദ്രൻ, ഡോ. ജ്യോതിഷ് എൽ.പി., ഡോ. രാജാകുട്ടി, മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസസ്, മൈക്രോബയോളജി വിഭാഗങ്ങളും ചികിത്സയിൽ പങ്കാളികളായി. രോഗം ആദ്യം കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളെജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഷാനിമോളുടെ നേതൃത്വത്തിലുള്ള ടീം, മെഡിസിൻ, ന്യൂറോളജി വിഭാഗങ്ങൾ എന്നിവരും പങ്കാളികളായി.