
കേരളത്തിലെ ശിശു മരണ നിരക്ക് യുഎസിലേതിനെക്കാൾ കുറവ്
തിരുവനന്തപുരം: കേരളത്തിലെ ശിശു മരണനിരക്ക് 5 ആണെന്ന് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. യുഎസ്എയിലെ ശിശു മരണ നിരക്ക് 5.6 ആണ്.
വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോള്‍ കേരളത്തിലെ ശിശു മരണനിരക്ക്. ഈ അഭിമാന നേട്ടത്തിന് ഒപ്പം പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരേയും മറ്റ് സഹപ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.
കേരളത്തിലെ നവജാത ശിശു മരണ നിരക്ക് 4 ല്‍ താഴെയാണ്. ദേശീയ തലത്തില്‍ 18 ഉള്ളപ്പോഴാണിത്. ഇത് വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ്. 2021ലെ ശിശു മരണനിരക്കായ ആറില്‍ നിന്നാണ് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ 5 ആക്കി കുറയ്ക്കാനായത്.
2023-ല്‍ 1,000 കുഞ്ഞുങ്ങളില്‍ 5 മരണങ്ങള്‍ എന്ന ശിശു മരണനിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളം പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു നാഴികക്കല്ല് കൈവരിച്ചത്. ഇത് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്‍റെ 1,000 ജനനങ്ങളില്‍ 5.6 എന്ന നിരക്കിനേക്കാള്‍ കുറവാണ്. കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനത്തനങ്ങളുടെ നേട്ടമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.