ആയുർവേദ ഗവേഷണത്തിന് കേരളത്തിന്‍റെ കയ്യൊപ്പ്; ഹോർത്തൂസ് മലബാറിക്കൂസിന്‍റെ ചുവട് പിടിച്ച് കല്യാട് ഗവേഷണകേന്ദ്രം

ഗവേഷണ കേന്ദ്രത്തിൽ ഔഷധസസ്യ ഗവേഷണകേന്ദ്രവും നഴ്സറിയും ഒരുക്കിയിട്ടുണ്ട്
Kerala's signature for Ayurveda research

ആയുർവേദ ഗവേഷണത്തിന് കേരളത്തിന്‍റെ കയ്യൊപ്പ്

Updated on

കണ്ണൂർ: ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് കല്യാട് ആയുർവേദ ഗവേഷണകേന്ദ്രം. പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിൽ 311 ഏക്കറിൽ 400 കോടി ചെലവിലാണ് ഗവേഷണകേന്ദ്രം രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ കേന്ദ്രത്തിന്‍റെ ചെലവ് 190 കോടി രൂപയാണ്.100 രോഗികൾക്കായുള്ള കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണകേന്ദ്രവും നഴ്സറിയും താളിയോല പഠനകേന്ദ്രവുമാണ് സജ്ജമാക്കിയിട്ടുള്ളത്. 40 ലധികം ദേശീയ-അന്തർദേശീയ ഗവേഷണസ്ഥാപനങ്ങൾ ആയുർവേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കാൻ തയ്യാറായിട്ടുണ്ട്.

ക്യാൻസർ, ഏജിങ് എന്നിവയിലെ ഗവേഷണത്തിനും അനുബന്ധ രോഗി പരിചരണത്തിനുമാണ് ആദ്യഘട്ടത്തിൽ മുൻഗണന. മലബാർ ക്യാൻസർ സെന്‍റർ ഗവേഷണവുമായി സഹകരിക്കും. ഇതോടൊപ്പം തന്നെ മലബാറിന്‍റെ സസ്യഗവേഷണത്തിന് തുടക്കം കുറിച്ചുവെന്ന് പറയുന്ന ഹോർത്തൂസ് മലബാറിക്കൂസിന്‍റെ ചുവട് പിടിച്ചാണ് കേന്ദ്രത്തിന്‍റെ പ്രവർത്തനം വ്യാപിപ്പിക്കുക.

കേരളത്തിലെ സസ്യശാസ്ത്ര സമ്പത്തിനെക്കുറിച്ച് ആദ്യമായി എഴുതപ്പെട്ട പന്ത്രണ്ട് വാല്യങ്ങളുള്ള ബൃഹത്തായ ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കൂസ്. ലാറ്റിൻ ഭാഷയിലായിരുന്ന ഈ ഗ്രന്ഥത്തിന്‍റെ ഇംഗ്ലീഷ്, മലയാളം പരിഭാഷകൾ തയ്യാറാക്കിയത് പ്രശസ്ത സസ്യശാസ്ത്രജ്ഞൻ പ്രൊഫ. കെ.എസ്. മണിലാലാണ്. ആധുനിക സസ്യശാസ്ത്ര ഭാഷ്യങ്ങൾ ഉൾപ്പെടുത്തിയ ഈ വിവർത്തനങ്ങൾ 2003-ലും 2008-ലുമായി കേരള സർവകലാശാല പ്രസിദ്ധീകരിച്ചു.

ഔഷധഗവേഷണ സാധ്യതകൾ

കേരളത്തിലെ സസ്യജാലങ്ങളുടെ ഔഷധഗുണങ്ങൾ, അവയുടെ സവിശേഷതകൾ, രോഗചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് മറ്റൊരു സ്രോതസിൽ നിന്നും ലഭിക്കാത്ത വിലപ്പെട്ട വിവരങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.

ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ആധുനിക ഔഷധ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. കേരളത്തിൽ നിലനിൽക്കുന്ന പല രോഗങ്ങൾക്കും ഫലപ്രദമായ ഔഷധങ്ങൾ ഹോർത്തൂസിലെ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഗവേഷണത്തിലൂടെ കണ്ടെത്താൻ സാധിക്കും. പുതുതായി ആരംഭിച്ച അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് ഇതിനെ വിവരങ്ങൾ‌ മുതൽക്കൂട്ടാവുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com