കൊവിഡ് ബാധിതർക്ക് 3 മാസം കഴിഞ്ഞും ബുദ്ധിമുട്ടുകൾ തുടർന്നു

ശ്വാസം മുട്ടൽ, നീണ്ടുനിൽക്കുന്ന ചുമ, തുമ്മൽ, ക്ഷീണം, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെട്ടിരുന്നവരിൽ കൊവിഡ് ബാധിച്ച് മൂന്നു മാസത്തിനു ശേഷവും അത് തുടർന്നു
Covid patients suffered difficulties even after 3 months

കൊവിഡ് ബാധിതർക്ക് 3 മാസം കഴിഞ്ഞും ബുദ്ധിമുട്ടുകൾ തുടർന്നു

Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: കൊവിഡ് ബാധിതരായി ശ്വാസകോശ രോഗം ബാധിച്ചവരിൽ 3 മാസം കഴിഞ്ഞും അതേ ബുദ്ധിമുട്ടുകൾ തുടർന്നിരുന്നതായി ഗവേഷണ റിപ്പോർട്ട്. ശ്വാസം മുട്ടൽ, നീണ്ടുനിൽക്കുന്ന ചുമ, തുമ്മൽ, ക്ഷീണം, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെട്ടിരുന്നവരിൽ കൊവിഡ് ബാധിച്ച് മൂന്നു മാസത്തിനു ശേഷവും അത് തുടരുന്നതായി ആലപ്പുഴ മെഡിക്കൽ കോളെജിലെ ശ്വാസകോശരോഗ വിഭാഗത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. ഒരു വർഷം നീണ്ട പഠന റിപ്പോർട്ട് ഗവേഷണ ജേണലായ 'പൾമോൺ' പ്രസിദ്ധീകരിക്കുകയും ചെയ്തു. പിജി വിദ്യാർഥിനി ഡോ. ഷാഹിന ഷെറഫിന്‍റെ തീസിസിന് പ്രൊഫസർ ഡോ. പി.എസ്. ഷാജഹാൻ, ഡോ. സി.ജി. ബിന്ദു എന്നിവരാണ് മാർഗനിർദേശം നൽകിയത്.

ആദ്യഘട്ടത്തിൽ ഗുരുതരമായി കൊവിഡ് ബാധിച്ച് ഐസിയുവിൽ കിടന്നവരെ മാത്രം പല പഠനങ്ങളിലും പരിഗണിച്ചിരുന്നു. എന്നാൽ, അത്ര ഗുരുതരമല്ലാത്ത കൊവിഡ് ബാധിതരെയും രോഗലക്ഷണങ്ങൾ പിന്തുടരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അവരെയും ഈ പഠനത്തിൽ ഐസിയു രോഗികൾക്കൊപ്പം പരിശോധനയ്ക്ക് വിധേയരാക്കി. ഗർഭിണികൾ, ശ്വാസകോശ രോഗങ്ങളില്ലാത്ത കൊവിഡ് ബാധിതർ എന്നിങ്ങനെയുള്ളവരെ ഈ പഠനത്തിന്‍റെ ഭാഗമാക്കിയിട്ടില്ല. അതിനാലാണ് ഹൃദ്രോഗ ലക്ഷണങ്ങൾ ഉൾപ്പെടെയുള്ളവർ പഠനത്തിന്‍റെ ഭാഗമാകാത്തത്.

കൊവിഡ്കാല ബുദ്ധിമുട്ടുകൾ തുടരുന്നതായി കണ്ടെത്തിയവരിൽ 10 ശതമാനത്തോളം പേർ 30 വയസിൽ താഴെയുള്ളവരാണ്. ആരോഗ്യമുള്ള ചെറുപ്പക്കാരിൽ കൊവിഡിനു ശേഷം ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നതായി മറ്റ് പഠനങ്ങളിലുമുണ്ടെന്ന് പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീടുകളിൽ ക്വാറന്‍റൈന് വിധേയരായ 16നും 30നും മധ്യേയുള്ളവരിൽ 52 ശതമാനത്തിന് കൊവിഡ് കാലത്തെ അസ്വസ്ഥതകൾ 6 മാസത്തോളം തുടർന്നതായി ബ്ലോംബർഗിന്‍റെ പഠനത്തിലെ കണ്ടെത്തൽ ഇതിനുദാഹരണമായി പറയുന്നു.

പഠനത്തിൽ രോഗികളുടെ ശ്വാസകോശത്തിന്‍റെ എക്സ്റേ എടുത്തു. സിടി സ്കാനിങ്ങിനു വിധേയരാക്കി. അതിൽ 30 ശതമാനം പേരിൽ കൊവിഡിലെ അസാധാരണത അതേപടി തുടരുന്നതായി കണ്ടെത്തി.

ശ്വാസം മുട്ടൽ, നീണ്ടുനിൽക്കുന്ന ചുമ, ശ്വാസകോശ അണുബാധ, തുമ്മൽ, ക്ഷീണം, ഉറക്കക്കുറവ് എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കൊവിഡിനു ശേഷവും തുടരുന്നത് കണ്ടെത്തിയ 3 പഠനങ്ങളെയും ഉദാഹരിച്ചിട്ടുണ്ട്.

രോഗികളെ 6 മിനിറ്റ് നടത്തിക്കുന്ന ടെസ്റ്റിനും വിധേയരാക്കി. അവരിൽ 16 ശതമാനം പേരിൽ ടെസ്റ്റിനു ശേഷം രക്തത്തിലെ ഓക്സിജൻ നില കുറയുന്നതായി കണ്ടെത്തി. പുകവലി, അമിതവണ്ണം, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ എന്നിവരിലാണ് കൊവിഡിനു ശേഷവും അതിന്‍റെ ലക്ഷണങ്ങൾ തുടരുന്നതായി തെളിഞ്ഞത്. ഇതു സംബന്ധിച്ച വിശദമായ പഠനം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com