

ദിവസവും പല്ലു തേച്ചിട്ടും പല്ലു കൊഴിയുന്നോ? പ്രായം കൂടുന്നതിന്‍റെ മാത്രം അല്ല, ശ്രദ്ധവേണം
പ്രായമാവുമ്പോൾ എല്ലാ ജീവികൾക്കും പല്ല് കൊഴിയും എന്നാണല്ലോ പറയപ്പെടുന്നത്. ദിവസവും പല്ലു തേച്ചിട്ടും നിങ്ങളിൽ പല്ലു കൊഴിച്ചിലുണ്ടാകുന്നുണ്ടോ? പ്രായമാകുന്നതിന്‍റേതാണ് എന്ന് കരുതി ഇരിക്കുകയാണോ നിങ്ങൾ? എന്നാൽ നിങ്ങളുടെ വിശ്വാസം തെറ്റാണ്.
പ്രായമാകുന്നതുകൊണ്ട് മാത്രമല്ല പല്ല് കൊഴിയുന്നത്. ദീർഘനാളായുള്ള വായുടെ ആരോഗ്യ പ്രശ്നങ്ങൾകൊണ്ടും പല്ലുകൊഴിയാം എന്നാണ് വിദഗ്ധർ പറയുന്നത്. പ്രായമാകുന്നതിന്‍റേതാണ് എന്ന് കരുതി പല്ലിന്‍റെ ആരോഗ്യം ശ്രദ്ധിക്കാതെ ഇരുന്നാൽ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും. ജീവിതചര്യയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ഇത്തരത്തിൽ പല്ല് കൊഴിയുന്നതിനെ തടയും.
പല്ലു കൊഴിയുന്നതിന്‍റെ പ്രധാന കാരണങ്ങൾ
ഒറ്റ രാത്രികൊണ്ടല്ല പല്ല് കൊഴിച്ചിൽ സംഭവിക്കുന്നത്. വർഷങ്ങളായി നമ്മൾ അവഗണിക്കുന്ന വായിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. മോണരോഗങ്ങളാണ് പല്ലു കൊഴിയുന്നതിലെ പ്രധാന കാരണം. മോണ രോഗങ്ങൾ പല്ലിനെ പിടിച്ചു നിർത്തുന്ന എല്ലുകളേയും ടിഷ്യുവിനേയും നശിപ്പിക്കും. ഇത് പല്ലിന്‍റെ ഘടനയെ ദുർബലപ്പെടുത്തുകയും പല്ല് കൊഴിയാൻ കാരണമാവുകയും ചെയ്യും.
മോണ രോഗങ്ങൾ കൂടാതെ പല്ലിൽ കേടുവരുന്നതാണ്. കാവിറ്റീസ് ശ്രദ്ധിക്കാതിരിക്കുന്നത് പല്ലുകളുടെ ഘടനയെ നശിപ്പിക്കുന്നു. അവസാനം പല്ലുകളെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തും.
പ്രായം കൂടുന്നതും വായുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. മരുന്നുകളും മറ്റും കഴിക്കുന്നതിലൂടെ ഉമിനീര് കുറയുന്നതിലൂടെ ഡ്രൈ മൗത്തിന് (വായ വരണ്ടുണങ്ങാൻ) കാരണമാകും ഇത് പല്ലിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും. കൂടാതെ വർഷങ്ങളായി ഭക്ഷണം ചവച്ച് അരയ്ക്കുന്നതും പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കും. പ്രമേഹവും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മോണ രോഗങ്ങൾ വരാം. പുകയില ഉപയോഗിക്കുന്നതും വേണ്ട പോഷകങ്ങൾ ലഭ്യമാകാത്തതും മറ്റു കാരണമാണ്.
പല്ല് കൊഴിയാതിരിക്കാൻ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ
കൃത്യമായ പരിചരണമുണ്ടെങ്കിൽ പല്ലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാൻ നമുക്കാവും. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവ:
ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് രണ്ട് നേരം പല്ലു തേക്കുക.
ഫ്ലോസ് ഉപയോഗിച്ച് പല്ലിന് ഇടയിൽ കുടുങ്ങിയ അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യുക.
കൃത്യമായ പരിശോധനയ്ക്കായി ഡെന്‍റിസ്റ്റിനെ കാണുക.
പല്ലിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടാൽ അത് രൂക്ഷമാവാൻ കാത്തു നിൽക്കാതെ നേരത്തെ ചികിത്സിക്കുക.
ഭക്ഷണം കഴിക്കുന്നതിലും ശ്രദ്ധവേണം
പഞ്ചസാര അടങ്ങിയ പാനിയങ്ങളും ഭക്ഷണവും കഴിക്കുന്നത് കുറയ്ക്കുക.
പുകവലിയും പുകയില വസ്തുക്കളും ഉപയോഗിക്കാതിരിക്കുക.
നന്നായി വെള്ളം കുടിക്കുക, പ്രത്യേകിച്ച് ഡ്രരൈമൗത്ത് ഉള്ളവരാണെങ്കിൽ.