
മലന്തകര: കുപ്പയിലെ മാണിക്യം
File
മെക്സിക്കോക്കാരി മലന്തകര... നമ്മുടെ പാതയോരങ്ങളിലെ ആനത്തകര. ശീമ അഗത്തി, പുഴുക്കടിക്കൊന്ന എന്നെല്ലാം വിളിപ്പേരുകൾ. ക്രിസ്മസ് കാൻഡിൽ എന്നുമുണ്ട് ഒരു പേര്. ഇന്ത്യയിലും ശ്രീലങ്കയിലുമെല്ലാം പരക്കെ ഇതു കണ്ടു വരുന്നു. ശ്രീലങ്കൻ നാട്ടുവൈദ്യത്തിൽ മരുന്നാണ് ആനത്തകര. ഫംഗസ് മൂലമുണ്ടാകുന്ന ത്വക് രോഗങ്ങൾ ചികിത്സിക്കാനാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. മലന്തകരയുടെ ഇലകളാണ് ഇതിനുപയോഗിക്കുന്നത്. ഫിലിപ്പിനികൾ സോപ്പിലും ഷാമ്പൂവിലും മലന്തകര ഇലകൾ ഉപയോഗിക്കുന്നു.
ഇതിന്‍റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് ഇട്ടാൽ ഒട്ടു മിക്ക ത്വക് രോഗങ്ങൾക്കും അറുതിയാകും. കന്നുകാലികളിലുണ്ടാകുന്ന ത്വക് രോഗങ്ങൾക്ക് മലന്തകര ഇലയും പച്ചമഞ്ഞളും ആവണക്കിലയും ആര്യവേപ്പിലയും സമം ചേർത്ത് വെണ്ണ പോലെ അരച്ച് അതിൽ ശുദ്ധി ചെയ്ത ഗന്ധകമോ കോപ്പർ ഓക്സി ക്ലോറൈഡ് ലായനിയോ ചേർത്ത് പുറമേ പുരട്ടിയാൽ ശമനമുണ്ടാകും.
പച്ചമഞ്ഞൾ അരച്ചതും ആര്യവേപ്പിലയും മലന്തകരയിലയും അരച്ചതും ചേർത്ത് പുങ്കെണ്ണയിലോ മരോട്ടിയെണ്ണയിലോ തിളപ്പിച്ച് പത വറ്റുമ്പോൾ കാർകോലരി പൊടിച്ചതും ശുദ്ധി ചെയ്ത ഗന്ധകവും ചേർത്ത് നന്നായി ഇളക്കി വാങ്ങുക. കന്നുകാലികൾക്ക് തൊലിപ്പുറമേ ഉണ്ടാകുന്ന സകല രോഗങ്ങൾക്കും കൈ കണ്ട ഔഷധമാണ് ഈ എണ്ണ.
തുടയിടുക്കുകളിലെ ഫംഗസ് ബാധ നിരവധി പേരുടെ തലവേദനയാണ്. തുടയിടുക്കിലെ ഫംഗസ് ബാധയ്ക്കും അതു മൂലം ഉണ്ടാകുന്ന കറുപ്പു നിറത്തിനും കൈ കണ്ട ഔഷധമാണ് മലന്തകര. ചുണങ്ങ്, ചിരങ്ങ്, വട്ടച്ചൊറി,പുഴുക്കടി എന്നിവയ്ക്കെല്ലാം മലന്തകരയുടെ തളിരില അരച്ച് ചെറുനാരങ്ങ നീരു ചേർത്ത് ഇട്ടാൽ രോഗവിമുക്തി നിശ്ചയം. ഇല തൈര് ചേർത്ത് അരച്ച് ചെമ്പ് പാത്രത്തിൽ ഒരു രാത്രി വച്ച ശേഷം പുരട്ടിയാൽ പുഴുക്കടി മാറും.
കൃമിക്ക് ആറ്റു തകരയുടെ ഇല രണ്ടു പിടി അരിഞ്ഞ് തോരനാക്കി ഭക്ഷണത്തിന്‍റെ കൂടെ രാത്രിയിൽ കഴിക്കുക. ഒരാഴ്ച കഴിഞ്ഞു വയറിളക്കുക. ഈ ചികിത്സ ചെയ്യുമ്പോൾ വയറ്റിൽ നേരിയ വേദന ഉണ്ടാകും. കൃമി നിശേഷം ശമിക്കുന്നതോടെ വേദനയും കുറയും. ഇനി മറക്കണ്ട ഈ കുപ്പയിലെ മാണിക്യത്തെ....