മുക്കുറ്റി ചാന്തിനാൽ കുറി വരച്ച്...

ദശപുഷ്പങ്ങളിൽ സുപ്രധാനി, കേരളീയ ഗ്രാമീണതയുടെ തുയിലുണർത്തു ബിംബം
mukkutti dasapuspa
വെള്ള മുക്കുറ്റികടപ്പാട്: രജ്ഞിഷ് മേനോത്ത്
Updated on

ദശപുഷ്പങ്ങളിൽ സുപ്രധാനി, കേരളീയ ഗ്രാമീണതയുടെ തുയിലുണർത്തു ബിംബം. കയ്പു രുചിയിൽ രോഗ നിവാരണ ശേഷിയൊളിപ്പിച്ച അമൂല്യ സസ്യം. മുക്കുറ്റിയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്.

ആയുർവേദാചാര്യന്മാർ ഉഷ്ണ വർധകവും ശ്ളേഷ്മ വർധകവുമായ മുക്കുറ്റിയെ വാത പിത്ത ദോഷങ്ങൾക്ക് അതീവ ഫലപ്രദമായി പരിഗണിക്കുന്നു. രക്തസ്രാവം,പനി, ചുമ,അതിസാരം,മൂത്രാശയ രോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് ഔഷധമാണ് മുക്കുറ്റി.ഇതിന്‍റെ അണു നാശക സ്വഭാവവും രക്തപ്രവാഹം തടയാനുള്ള കഴിവും മൂലം ഈ കൊച്ചു സസ്യം അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു.വിഷഹാരിയായ മുക്കുറ്റി കടന്നൽ,പഴുതാര തുടങ്ങിയവയുടെ വിഷദംശനത്തിന് പരിഹാരമാണ്.മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുകയേ വേണ്ടൂ.

മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമം.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം. പ്രമേഹനിയന്ത്രണത്തിനും മുക്കുറ്റി ഇട്ട് വെന്ത വെള്ളം കുടിക്കുകയേ വേണ്ടൂ. ഇതിനായി പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാവുന്നതാണ്.

"മുക്കുറ്റീ ചാന്തിനാൽ കുറി വരച്ച്...' എന്നൊരു ഗാന ശകലം തന്നെയുണ്ടല്ലോ.അതിനുമുണ്ട് ഒരു കാരണം.ചെറിയ മഞ്ഞപ്പൂക്കളുള്ള ഈ ചെടിയുടെ ഇലകൾ കൈകളിൽ വെച്ച് അരച്ച് പിഴിയും. ശേഷം ഈ പച്ചനിറമുള്ള നീര് തിരുനെറ്റിയിൽ തൊടും.മുക്കുറ്റിപ്പൊട്ട്, മുക്കുറ്റിച്ചാന്ത് എന്നൊക്കെ ഇത് അറിയപ്പെടുന്നു.സാധാരണയായി കർക്കിടക മാസത്തിലെ ആദ്യ ഏഴു ദിനങ്ങളിലാണ് തിരുനെറ്റിയിൽ ഇങ്ങനെ മുക്കുറ്റിച്ചാന്ത് തൊടുന്നത്.ഇതിനുമുണ്ട് ഒരു ആരോഗ്യ ശാസ്ത്രം.നെറ്റിയിൽ പൊട്ടു തൊടുന്ന ഭാഗം നാഡികളുടെ ആരോഗ്യ കേന്ദ്രമാണ്.ഇവിടെ പൊട്ടു തൊടുന്നതിലൂടെ ഈ പ്രത്യേക ഭാഗം ഉത്തേജിതമാകുകയും ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു.പകർച്ച വ്യാധികളും രോഗങ്ങളും പെരുകുന്ന കാലമായതിനാൽ കർക്കിടകത്തിൽ മുക്കുറ്റിച്ചാന്ത് തൊടുന്നത് ശരീരത്തിന് ഏറെ ഗുണകരം.കുഞ്ഞു തെങ്ങു പോലെയാണ് കാഴ്ചയ്ക്ക് എന്നതിനാൽ മുക്കുറ്റിയെ നിലംതെങ്ങ് എന്നും വിളിക്കുന്നു.

സാധാരണയായി നമുക്കു പരിചയം മഞ്ഞപ്പൂക്കളുള്ള മുക്കുറ്റിയാണെങ്കിലും വെള്ള മുക്കുറ്റിയും അപൂർവമായി കാണാറുണ്ട്.മഞ്ഞ മുക്കുറ്റി എന്തിനൊക്കെ ഉപകരിക്കുമോ അതിനെല്ലാം വെള്ള മുക്കുറ്റിയും ഉപയോഗിക്കും.എന്നു തന്നെയല്ല വെള്ള മുക്കുറ്റിയ്ക്ക് മഞ്ഞയെ അപേക്ഷിച്ച് നൂറിരട്ടി ഗുണമുണ്ട് എന്നും ആചാര്യമതം.കമ്പ രാമായണത്തിൽ ഈ വെളുത്ത മുക്കുറ്റിയെ കുറിച്ചു പറയുന്നുണ്ട്.വായ് പുണ്ണിനുംകുടൽ പുണ്ണിനും മുക്കുറ്റി ഉണക്കി പൊടിച്ച് മോരിൽ ചാലിച്ച് വായിൽ പുരട്ടുകയും അകത്തേയ്ക്ക് കഴിക്കുകയും ചെയ്യാം.ഈ പൊടി ബാഹ്യ മുറിവുകൾക്ക് ഉപോയഗിക്കാം.ആന്തരിക രക്തസ്രാവത്തിന് തേനിൽ കഴിക്കാം.ചില ചർമ രോഗങ്ങൾക്ക് എണ്ണ കാച്ചാനും മുക്കുറ്റി ഉപയോഗിക്കുന്നു.ഇനി പാതയോരങ്ങളിൽ നിൽക്കുന്ന ഈ കുഞ്ഞനെ മറക്കാതെ കൂടെ കൂട്ടാം ...അല്ലേ?ഇരിക്കട്ടെ നമ്മുടെ മുറ്റത്തും ഒരു മാണിക്യച്ചെടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com