

എണ്ണയോ നെയ്യോ അതോ വെണ്ണയോ? ഭക്ഷണം ആരോഗ്യകരമാക്കാൻ ഏതാണ് മികച്ചത്
എണ്ണയും നെയ്യുമെല്ലാം വാരിക്കോരി ഉപയോഗിച്ചാലേ ഭക്ഷണം രുചികരമാവൂ എന്നാണ് പഴമക്കാർ പറയാറുള്ളത്. കാലം മാറിയതോടെ ചിന്തകളിലും മാറ്റം വന്നു. രുചിക്കൊപ്പം തന്നെ ആരോഗ്യത്തിനും ഇന്ന് പ്രധാന്യം നൽകുന്നുണ്ട്. രുചി ഒട്ടും നഷ്ടപ്പെടാതെ എങ്ങനെ ആരോഗ്യകരമായി ഭക്ഷണം പാചകം ചെയ്യാം എന്നാണ് പുതിയ തലമുറ ആലോചിക്കുന്നത്.
അടുക്കളയിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ഭക്ഷണത്തിന്‍റെ രുചിയെ മാത്രമല്ല ഹൃദയാരോഗ്യത്തെ വരെ ബാധിക്കും. ഭക്ഷണം പാചകം ചെയ്യാൻ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എണ്ണയും നെയ്യും വെണ്ണയുമാണ്. എണ്ണയേക്കാൾ ആരോഗ്യകരം നെയ് ആണോ? അതോ വെണ്ണയാണോ ഏറ്റവും മികച്ചത്.
എണ്ണ
വെളിച്ചെണ്ണ മാത്രമല്ല നമ്മുടെ അടുക്കളയിൽ ഒലീവ് ഓയിൽ, സൺഫ്ളവർ ഓയിൽ, കടുകെണ്ണ തുടങ്ങിയവയെല്ലാം നിത്യസാന്നിധ്യമാണ്. ഒലീവ് ഓയിലും കടുകെണ്ണയുമെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന അപൂരിത കൊഴിപ്പിനാൽ ( അൺസാച്യുറേറ്റ് ഫാക്റ്റ്സ് )സമ്പന്നമാണ്. ഇവ മോശം കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ മെച്ചപ്പെടുത്താനും സഹായിക്കും. ജെഎഎംഎ ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, വെണ്ണയ്ക്ക് പകരം ഒലിവ്, സോയാബീൻ, കനോല തുടങ്ങിയ സസ്യ എണ്ണകൾ ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യതയും മൊത്തം മരണനിരക്കും ഗണ്യമായി കുറയ്ക്കുമെന്ന് കണ്ടെത്തി. എന്നാൽ എണ്ണ അമിതമായി ചൂടാക്കുന്നതിലൂടെ അപകടകരമായ സംയുക്തങ്ങൾ പുറത്തുവിടാൻ കാരണമാകും.
നെയ്
നെയ്യിന്‍റെ ഉപയോഗം ഭക്ഷണത്തെ അതീവ രുചികരമാക്കാറുണ്ട്. അതിനൊപ്പം തന്നെ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ (എ, ഡി, ഇ, കെ) കൊണ്ട് സമ്പുഷ്ടമാണ്, കൂടാതെ കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ബ്യൂട്ടറേറ്റും ഇതിൽ അടങ്ങിയിട്ടുണ്ട്. നെയ്യിന് ഉയർന്ന സ്മോക്ക് പോയിന്‍റും ഉള്ളതിനാൽ, ഉയർന്ന ചൂടിൽ പാചകം ചെയ്യാൻ ഇത് മികച്ചതാണ്. എന്നാൽ പൂരിത കൊഴുപ്പ് കൂടുതലായതിനാൽ അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
വെണ്ണ
ഇന്ത്യൻ അടുക്കളകളിൽ വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നവയാണ് വെണ്ണ. വിറ്റാമിനുകളും ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. സ്മോക്കിങ് പോയിന്‍റ് വളരെ കുറവായതിനാൽ പെട്ടെന്ന് കരിയാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഡീപ് ഫ്രൈയിങ്ങിന് ഉപയോഗിക്കാനാവില്ല. പൂരിത കൊഴുപ്പ് കൂടുതലായതിനാൽ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നതാവും ഉത്തമം.