
ഡോ. എന്‍. അജയന്‍ കൂടല്‍
ജനുവരി 15 കേരള പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കപ്പെടുകയാണല്ലോ. മറ്റെല്ലാ വൈദ്യശാസ്ത്രങ്ങളേയും പോലെ തന്നെ "പാലിയേറ്റീവ് കെയറിനും' പ്രസക്തി വർധിച്ചുവരുന്ന "ആതുര ഭ്രമയുഗത്തിലെ' കരുതലുകളിലൊന്നായിരിക്കുന്നു ഇപ്പോള്‍ കേരളത്തിലെ സാന്ത്വന പരിചരണരംഗം. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യ പാലിയേറ്റീവ് പരിചരണം എന്നതാണ് ഇടതുപക്ഷ സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. "വേദന അനുഭവിക്കുന്നവരെ പരിചരിക്കുന്നതിനുള്ള മനസ് സമൂഹത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അളവുകോലാണ്. കിടപ്പുരോഗികള്‍, വീട്ടില്‍ തന്നെയുള്ളവര്‍, മുഴുവന്‍ സമയവും സഹായവും പരിചരണവും ആവശ്യമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം'- മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ പകല്‍ക്കിനാവോ പകല്‍നിലാവോ ആയി സാന്ത്വന രോഗികളില്‍ പെയ്തിറങ്ങി.
സര്‍ക്കാര്‍ മേഖലയിലുള്ള 1,142 പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ പ്രാഥമിക പാലിയേറ്റീവ് യൂണിറ്റുകളായി പ്രവര്‍ത്തിക്കുമ്പോഴും വേദനാഹരണവും സാന്ത്വനരോഗീ ദുരിത പരിചരണവും ഇന്നും പൂര്‍ണമല്ല. കിടപ്പുരോഗികളുടെ മെച്ചപ്പെട്ട പരിചരണത്തിന് 20,000 ജനസംഖ്യയുള്ള പ്രദേശത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരു ഹോം കെയര്‍ യൂണിറ്റ് ആരംഭിക്കണമെന്ന പുതുക്കിയ പാലിയേറ്റീവ് കെയര്‍ ആക്‌ഷന്‍ പ്ലാനില്‍ നിര്‍ദേശിച്ചിട്ടുണ്ട് . സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തേജോമയമാക്കും. തകര പൊടിയുന്നതു പോലെ മുളച്ചുപൊന്തുന്ന സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ക്ക് തടയിടാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്. പാലിയേറ്റീവ് കെയര്‍ രംഗത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിന് ജില്ലാ - ബ്ലോക്ക് തല സംവിധാനങ്ങള്‍ വരും. വീടുകളില്‍ മെഡിക്കല്‍ നേഴ്‌സിങ് നല്‍കുന്ന 500ഓളം സന്നദ്ധ സംഘടനകളുണ്ട്. പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ച് ടെലി മെഡിസിന്‍ സംവിധാനം ഇതിന്‍റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
"അന്തസോടെ മരണം', "വേദനാഹരണം' എന്നിവ പാലിയേറ്റീവ് കെയറിന്‍റെ അവിഭാജ്യ ഭാഗമാണെങ്കിലും ഇതിന്‍റെ പ്രായോഗിക ലഭ്യത ഇവിടെ വളരെ കുറവാണ്. "അന്തസോടെ മരണം' കേള്‍ക്കാന്‍ സുഖം. മരണം എങ്ങനെയാവണമെന്ന അഭിലാഷം മരണസമയം വരെ മനസിലുമുണ്ടാകാം. ജനനത്തിന്‍റെ അന്തസ് മരണത്തിനുണ്ടോ? അന്തസോടെയുള്ള ജീവിതം എന്തേ സൗകര്യപൂര്‍വം തമസ്‌ക്കരിക്കപ്പെടുന്നു. ഐസിയുവിലെ മനം മടുപ്പിക്കുന്ന ഏകാന്തതയും ശീതീകരണവും വെന്‍റിലേറ്ററുമൊക്കെ മാറ്റിയാല്‍ തീരുന്നതാണോ മരണത്തിന്‍റെ അന്തസ്. ഇനി ചികിത്സയില്ലെന്ന് വൈദ്യശാസ്ത്രം കല്‍പ്പിക്കുമ്പോള്‍ രോഗിയേയും കൊണ്ട് ബന്ധുക്കള്‍ എങ്ങോട്ടുപോകണം എന്ന തത്രപ്പാട് ക്രൂരമായ നൊമ്പരമാണ്. മരണമെത്തുന്ന നേരം വരെ അന്തസോടെ കഴിയാന്‍ ഇവിടെ ഇന്നുള്ള ബദലുകള്‍ അപര്യാപ്തമാണ്; പാവപ്പെട്ടവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. നക്ഷത്ര ആശുപത്രികളിലെ പാലിയേറ്റീവ് ബദലുകള്‍ പാവപ്പെട്ടവന്‍റെ മുന്നില്‍ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളാണ്. പാലിയേറ്റീവ് രോഗികള്‍ക്ക് വേദനാഹരണത്തിനുള്ള ഉപാധികള്‍ മെഡിക്കല്‍ കോളെജുകളില്‍ പോലുമില്ല (ഓറല്‍ മോര്‍ഫിനുള്‍പ്പെടെ) എന്നതാണ് ദുഃഖസത്യം.
കേരളമെന്ന ഈ ഭൂമികയിലും പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞു. എങ്കിലും സാന്ത്വന പരിചരണം ആവശ്യമുള്ളിടത്തെല്ലാം എത്തിക്കാന്‍ നമുക്കായിട്ടില്ല. രാജ്യത്താദ്യമായി സ്വന്തമായി ഒരു പാലിയേറ്റീവ് പോളിസി രൂപം കൊണ്ടത് കേരളത്തിലാണ് (2008) എന്നത് അഭിമാനമാണ്. അത് നിയമപരമാക്കാനുള്ള ശ്രമങ്ങള്‍ ഊർജിതപ്പെട്ടിട്ടുണ്ട്. 1993ല്‍ ഡോ. എം.ആര്‍. രാജഗോപാലും ഡോ. സുരേഷ്‌കുമാറും കൂട്ടരും ചേര്‍ന്ന് കോഴിക്കോട്ട് ആരംഭിച്ച ആദ്യത്തെ പാലിയേറ്റീവ് കേന്ദ്രവും ഈ പ്രസ്ഥാനത്തിന്‍റെ അന്തഃസത്തയും കേരളത്തില്‍ രൂഢമൂലമായിക്കഴിഞ്ഞു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന "പാലിയം ഇന്ത്യ' മോഡല്‍ പാലിയേറ്റീവ് കെയര്‍ "സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍' എന്ന കേരള മോഡലും ആരോഗ്യ കേരളം, ആര്‍ദ്രം പദ്ധതികളുമൊക്കെ ഏറെ ജനശ്രദ്ധയാർജിച്ചു. രാജ്യത്തെ 1,900ല്‍പ്പരം സാന്ത്വന പരിചരണ യൂണിറ്റുകളില്‍ ഏതാണ്ട് 1,600 എണ്ണവും കേരളത്തിലാണെങ്കിലും അതിന് ഏകീകൃത സ്വഭാവം ഇന്നും പൂര്‍ണമായും വന്നിട്ടില്ല. 2019ല്‍ പാലിയേറ്റീവ് കെയര്‍ നയരേഖ പരിഷ്‌ക്കരിക്കുകയും മെഡിക്കൽ കോളെജുകളിലെങ്കിലും പാലിയേറ്റീവ് കെയര്‍ വിഭാഗമുണ്ടാകണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു.
വേദനാഹരണവും ജീവിതാന്ത്യ ശുശ്രൂഷയും കിടപ്പുരോഗീ പരിചരണവും ചികിത്സയില്ലാത്ത രോഗികളുടെ പരിചരണവും മരണവും മാത്രമാണ് പാലിയേറ്റീവ് കെയര്‍ എന്ന് കരുതുന്നവരുണ്ട്. ഈ വിശ്വാസത്തെ പാടെ തകിടം മറിച്ചായിരുന്നു വെള്ളപ്പൊക്ക കാലത്തെയും കൊവിഡ് കാലത്തെയും സാന്ത്വന മുന്നേറ്റങ്ങള്‍.
വാർധക്യത്തിന്‍റെയും സങ്കീര്‍ണ ദീര്‍ഘസ്ഥായീ രോഗങ്ങളുടെയും കിടപ്പുരോഗങ്ങളുടെയും മറവി രോഗത്തിന്‍റെയും മറ്റും കണ്ണീരാഴങ്ങള്‍ക്ക് കടലോളം പരപ്പും വിസ്തൃതിയുമുണ്ട്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ലെന്നും ഇനി ചികിത്സയില്ല, മരണം മാത്രമേ മുന്നിലുള്ളൂ എന്നും തിരിച്ചറിയുമ്പോള്‍ രോഗിക്കുണ്ടാകുന്ന ആ ചങ്കുലച്ചിലുണ്ടല്ലോ അതിന്‍റെ തീവ്രത കനത്തതായിരിക്കും. അത് മനസിലാക്കാനുള്ള തന്മയീഭാവവും ആത്മസമര്‍പ്പണവും ഉണ്ടാകണമെങ്കില്‍ നാം ആദ്യം മനുഷ്യരാകണം. രോഗനാളുകളിലെ ചികിത്സ പോലെ ജീവിതാന്ത്യ ശുശ്രൂഷ കൂടി മഹത്തരമായാലേ ദൗത്യം പൂര്‍ണമാകൂ. തനിക്കാരുമില്ലെന്ന തോന്നലില്‍ ഉരുകിയൊലിക്കുന്ന നിരാശയുടെ വിഷാദങ്ങള്‍ തുടച്ചുമാറ്റി "ഞങ്ങളുണ്ട് കൂടെ' എന്ന സ്‌നേഹ ശബ്ദം കാതുകളിലോതി സാന്ത്വനപ്പെടുത്താന്‍ തക്ക പരിശീലനം സിദ്ധിച്ച ആയിരക്കണക്കിന് ആളുകള്‍ സന്നദ്ധ പ്രവര്‍ത്തകരായുണ്ട്. അതു മാത്രം പോരല്ലോ; അന്തസുള്ള ജീവിതവും അന്തസോടെയുള്ള മരണവും പ്രാപ്യമാക്കാനുമാവണമല്ലോ.
സാന്ത്വന പരിചരണം പ്രധാന ദൗത്യമാക്കി മാറ്റാന്‍ ചിലര്‍ക്കെങ്കിലും കഴിയുന്നുണ്ട്. "Palliative care is not just about death' എന്നാണ് ഈ രംഗത്തെ അതികായനായ പദ്മശ്രീ ഡോ. എം.ആര്‍. രാജഗോപാല്‍ പരിതപിക്കുന്നത്. ഈശ്വരചിന്ത രോഗികളില്‍ ചിലപ്പോഴൊക്കെ ആശ്വാസവും ചില നേരങ്ങളില്‍ കാലുഷ്യവും മുദ്രണപ്പെടുത്താറുണ്ട് എന്നത് അദ്ദേഹത്തിന്‍റെ അനുഭവസാക്ഷ്യം. മരണാസന്നരായ രോഗികളുടെ കഷ്ടപ്പാടുകളും വേദനകളും കുറയ്ക്കാനും ഉചിതമായ ചികിത്സ അനുവദിക്കാനോ അവസാനിപ്പിക്കാനോ ഉള്ള രോഗികളുടെ സ്വയം അവകാശത്തെ ബഹുമാനിക്കാനും ബന്ധുക്കളുടെ സാമ്പത്തികഭാരം കുറയ്ക്കാനും ലക്ഷ്യമിടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. നൈതികതയുടെ കാഴ്ചപ്പാടില്‍ വ്യക്തമായ അറിവോടു കൂടി ഒരു വ്യക്തി സ്വബോധത്തോടെ തന്‍റെ ചികിത്സയെ വേണം/വേണ്ട എന്ന് നിര്‍ണയിക്കുന്ന തീരുമാനത്തെ പാലിയേറ്റീവ് കെയര്‍ അംഗീകരിക്കുന്നു. മരണം ചര്‍ച്ച ചെയ്യുന്ന "ഡെത്ത് കഫേകള്‍' കൂടുതലായി വന്നേക്കാം. മരണത്തിനും ഒരു "ഹലോ' പറയാമെന്നാണ് ഈ രംഗത്തെ പ്രശസ്തനായ ഡോ. കെ. സുരേഷ്‌കുമാറും ആഗ്രഹിക്കുന്നത്. "ലിവിങ് വില്‍' തയാറാക്കാനുള്ള മാര്‍ഗരേഖകള്‍ സുപ്രീം കോടതിയിലെ വിധിന്യായങ്ങളില്‍ എടുത്തുപറയുന്നുണ്ട്.
സാന്ത്വനത്തിന്‍റെ ഉറവ വറ്റാതെ നമുക്ക് കാവലാളാകാം. കരുണയുടെയും തന്മയീഭാവത്തിന്‍റെയും അണയാത്ത ചെരാതുകള്‍ കൈക്കുടന്നയിലാക്കി കാറ്റിലുലയാതെ നമുക്ക് സൂക്ഷിക്കാം. ഇത് സാന്ത്വന പരിചരണ പ്രസ്ഥാനത്തെ ദീപ്തമാക്കുക തന്നെ ചെയ്യും.
(ലേഖകന്‍റെ ഫോൺ- 9447324846)