നാല് കിലോയുള്ള പോളിസ്റ്റിക് കിഡ്നി 3ഡി കീഹോൾ സർജറിയിലൂടെ നീക്കം ചെയ്തു

വൃക്കകളിൽ ദ്രാവകം നിറഞ്ഞ് മുഴകൾ രൂപപ്പെടുന്ന ഒരു രോഗമാണ് പോളിസ്റ്റിക് കിഡ്നി ഡിസീസ്. ഇരുവൃക്കകളിലും ഇത്തരത്തിൽ കുമിളകൾ രൂപപ്പെട്ട് പ്രവർത്തനം തകരാറിലായ അവസ്ഥയിലായിരുന്നു രോഗി
Polycystic kidney keyhole surgery lakeshore

3ഡി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ ചെയ്യുന്ന വിപിഎസ് ലേക്ക്‌ഷോർ ആശുപത്രിയിലെ മെഡിക്കൽ സംഘം.

Updated on

കൊച്ചി: കേരളത്തിലാദ്യമായി 3ഡി ലാപ്രോസ്കോപ്പിക് (കീഹോൾ) ശസ്ത്രക്രിയയിലൂടെ, വൃക്കയിൽ രൂപപ്പെട്ട നാല് കിലോഗ്രാം ഭാരമുള്ള ഭീമാകാരമായ മുഴ (പോളിസ്റ്റിക് കിഡ്നി) വിജയകരമായി നീക്കം ചെയ്ത് കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി യൂറോളജി വിഭാഗം. 50 വയസുകാരനായ പുരുഷനിൽ 30 സെന്‍റീമീറ്റർ നീളത്തിലുള്ള പോളിസ്റ്റിക് കിഡ്നിയാണ് അതിസങ്കീർണവും അപൂർവവുമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

വൃക്കകളിൽ ദ്രാവകം നിറഞ്ഞ് മുഴകൾ രൂപപ്പെടുന്ന ഒരു രോഗമാണ് പോളിസ്റ്റിക് കിഡ്നി ഡിസീസ്. ഇരുവൃക്കകളിലും ഇത്തരത്തിൽ കുമിളകൾ രൂപപ്പെട്ട് പ്രവർത്തനം തകരാറിലായ അവസ്ഥയിലായിരുന്നു രോഗി. വാരിയെല്ല് മുതൽ ഇടുപ്പ് വരെ ബാധിച്ച കുമിളകൾ കാരണം രോഗി വലിയ പ്രയാസത്തിലായിരുന്നു.

വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് മുന്നോടിയായാണ് ഈ കീഹോൾ സർജറി നടത്തിയത്. പരമ്പരാഗതമായി തുറന്ന ശസ്ത്രക്രിയയാണ് ഇത്തരം ഘട്ടങ്ങളിൽ നടത്താറുള്ളത്. എന്നാൽ, രോഗി അനുഭവിക്കേണ്ടി വരുന്ന വേദന കുറയ്ക്കുകയും രക്തസ്രാവം നിയന്ത്രിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്ന കീഹോൾ ശസ്ത്രക്രിയ വിപിഎസ് ലേക്‌ഷോറിലെ യൂറോളജി വിഭാഗം ഡോക്റ്റർമാർ തെരഞ്ഞെടുക്കുകയായിരുന്നു.

സാധാരണ ഗതിയിൽ പോളിസ്റ്റിക് കിഡ്നി സർജറിക്ക് തുറന്ന ശസ്ത്രക്രിയയാണ് നടത്തിവരാറുള്ളതെന്ന് നേതൃത്വം നൽകിയ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റും യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാൻറ് മേധാവിയുമായ ഡോ. ഡാറ്റ്സൺ പി. ജോർജ് പറഞ്ഞു. പ്രത്യേകിച്ച് വൃക്ക സംബന്ധമായ ഗുരുതര തകരാറുള്ള രോഗികളിൽ. പൂർണമായും ലാപ്രോസ്കോപ്പിക് സംവിധാനം പോളിസ്റ്റിക് കിഡ്നി ഡിസീസ് ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്നതിന് ഉയർന്ന സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''രോഗിയുടെ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും വിധം പലവലുപ്പത്തിലുള്ള മുഴകളാണ് കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയ കൂടുതൽ സങ്കീർണമാക്കുന്ന ഘടകമായിരുന്നു. ട്രാൻസ്പ്ലാന്‍റ് സാധ്യമാകും വിധം സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുന്നതിന് ഏറ്റവും ഉചിതമായ ശസ്ത്രക്രിയ രീതി തെരഞ്ഞെടുക്കുകയായിരുന്നു,'' ഡോ.ഡാറ്റ്സൺ പി. ജോർജ് വ്യക്തമാക്കി.

ഡോ. ഡാറ്റ്സൺ ജോർജിന്‍റെ നേതൃത്വത്തിൽ യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാൻറ് വിഭാഗത്തിലെ ഡോ. ഗ്രിഗറി പത്രോസ്, ഡോ. എ.പി. കാർത്തി, ഡോ. ആദിൽ അബ്ദുള്ള, ഡോ. ജോയൽ, ഡോ. അരുൺ, ഡോ. സുഭാഷ്, അനസ്തേഷ്യ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്‍റുമായ ഡോ. മല്ലി എബ്രഹാം, അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. ജയ സൂസൻ ജേക്കബ് എന്നിവർ ശസ്ത്രക്രിയാ സംഘത്തിന്‍റെ ഭാഗമായിരുന്നു. മാനദണ്ഡങ്ങൾ കൃത്യവും സൂക്ഷ്മവുമായി പാലിച്ചുകൊണ്ടാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതെന്ന് ഡോക്റ്റർമാർ വ്യക്തമാക്കി.

അതേസമയം, രോഗിയുടെ രണ്ടാമത്തെ വൃക്കയിൽ ഏകദേശം 28 സെന്‍റീമീറ്റർ വലിപ്പമുള്ള മറ്റൊരു പോളിസ്റ്റിക് കിഡ്നി അവശേഷിക്കുന്നുണ്ടെന്നും ഡോക്റ്റർമാർ പറഞ്ഞു. രണ്ടാമതൊരു ശസ്ത്രക്രിയക്ക് ആവശ്യമായ ആരോഗ്യസ്ഥിതി രോഗി കൈവരിക്കുന്ന ഘട്ടത്തിൽ ഇതും നീക്കം ചെയ്യാനാണ് പദ്ധതി. നിലവിൽ രോഗിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മെഡിക്കൽ സംഘത്തിന്‍റെ തുടർച്ചയായ നിരീക്ഷണത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്റ്റർമാർ വ്യക്തമാക്കി. വിശദമായ ക്ലിനിക്കൽ പരിശോധനകൾക്ക് ശേഷമായിരിക്കും തുടർ ചികിത്സാ തീരുമാനങ്ങൾ എടുക്കുക.

അപൂർവവും സങ്കീർണവുമായ നിരവധി ശസ്ത്രക്രിയകളാണ് വിജയകരമായി ആശുപത്രി കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വിപിഎസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. ഇവിടുത്തെ മെഡിക്കൽ സംഘത്തിന്‍റെ മികവ് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് ഈ ശസ്ത്രക്രിയയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com