പൊരുത്തങ്ങൾ പലതു വേണം ഒരു വിവാഹത്തിന്. എങ്കിലേ അത് ദീർഘ മംഗല്യമാകൂ. വിവാഹത്തിന് അവശ്യം വേണ്ട പൊരുത്തങ്ങളിൽ മനപ്പൊരുത്തം, തലപ്പൊരുത്തം എന്നിവയാണ് മുഖ്യമെന്നാണ് ഗുരു നിത്യ ചൈതന്യ യതിയുടെ ആപ്തവാക്യം. അതു ശരിയുമാണ്. ദാമ്പത്യത്തിൽ രണ്ടു മനസുകളാണ് ഒന്നിക്കുന്നത്. സമാന മനസ്കർ ഒന്നിക്കുമ്പോൾ അവിടെ മേഡ് ഫൊർ ഈച്ച് അദർ ആയ ദാമ്പത്യം ഉടലെടുക്കും.
തലപ്പൊരുത്തം: എങ്ങനെയെങ്കിലും വിദ്യാഭ്യാസം നേടുക എന്നതല്ല, സമാന ജീവിത വീക്ഷണവും തത്തുല്യമായ വിദ്യാഭ്യാസവും രണ്ടു പേർക്കും ഉണ്ടായിരിക്കണം. ബൗദ്ധിക മേഖലയിൽ തുല്യതയും പൊരുത്തവും ഉണ്ടാകണം എന്നർഥം. ഇതൊക്കെയാണ് മധുരതരമായ ദാമ്പത്യത്തിന്‍റെ മൂലാധാരമെന്ന് വിവാഹ പൂർവ കൗൺസിലിങ്ങുകളെ കുറിച്ചു കേരളം കേൾക്കും മുമ്പേ ഗുരു പറഞ്ഞു വച്ചിരിക്കുകയാണ് ഇവിടെ.
കൗൺസിലിങിനെ കുറിച്ച് കേട്ടു കേഴ്വി പോലുമില്ലാതിരുന്ന പഴയ കാലത്തെക്കാൾ ഇന്ന് ദാമ്പത്യ ശൈഥില്യം വർധിച്ചിരിക്കുന്നു. കേരളത്തിൽ വിവാഹ പൂർവ കൗൺസിലിങിന് വേണ്ടത്ര പ്രാധാന്യം ഇന്നും കിട്ടിയിട്ടില്ല എന്നു വേണം കരുതാൻ. വർധിച്ചു വരുന്ന വിവാഹ മോചന കേസുകൾ കുറയ്ക്കാൻ ഒരു പരിധി വരെ വിവാഹ പൂർവ കൗൺസിലിങുകൾക്ക് സാധിച്ചേക്കാം.
രണ്ടു വ്യക്തികളല്ല, രണ്ടു സംസ്കാരങ്ങളുടെ സമന്വയമാണ് ഒരു വിവാഹത്തിൽ സംഭവിക്കുന്നത്. അതു മനസിലാക്കി കൊടുക്കുന്നതിൽ വിവാഹ പൂർവ കൗൺസിലിങിന് വലിയ പങ്കുണ്ട്. ആശയവിനിമയത്തിലെ ചെറിയ അപാകതകൾ പോലും വലിയ പ്രശ്നങ്ങളായി തീർന്നേക്കാം എന്നതു കൊണ്ട് വിവാഹത്തിനൊരുങ്ങുമ്പോൾ തന്നെ നല്ലൊരു കൗൺസിലിങ് നടത്തിയാൽ ഇതെല്ലാം മനസിലാക്കി വിവാഹത്തെ സമീപിക്കാനാകും.
പണം വ്യയം ചെയ്യുന്നതിലും ഗൃഹ പരിപാലനത്തെ കലയായി ദമ്പതികൾ കാണേണ്ടതെങ്ങനെ എന്നും കൗൺസിലിങ് പറഞ്ഞു തരും. കുടുംബങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളെ എങ്ങനെ സമീപിക്കണമെന്നും വികാര-വിചാര സമന്വയം എങ്ങനെയാകണമെന്നും നല്ല ഒരു ചിത്രം കൗൺസിലിങിലൂടെ ലഭിക്കും.ഇതെല്ലാം നല്ലൊരു കുടുംബജീവിതത്തിനു വളക്കൂറാകും എന്നതിനാൽ തന്നെ വിവാഹ പൂർവ കൗൺസിലിങ് ഇന്ന് അവശ്യം വേണ്ട ഒന്നായി മാറിയിരിക്കുന്നു.