പൾസ് പോളിയോ കേരളത്തിൽ ജൂൺ 28ന്

പോളിയോ വിമുക്ത പദവി നിലനിർത്താൻ അഞ്ചുവയസിന് താഴെയുള്ള 19.8 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന്; സംസ്ഥാനവ്യാപകമായി 22,288 ബൂത്തുകൾ ഒരുക്കി
pulse polio kerala date

കേരളത്തിൽ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ തീയതി പ്രഖ്യാപിച്ചു.

file image
Updated on

തിരുവനന്തപുരം: ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും ജൂൺ 28ന് അഞ്ചുവയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പു വരുത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് അഞ്ചുവയസിന് താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 46,663 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിക്കും. ആരോഗ്യകേന്ദ്രങ്ങൾ, ജനകീയആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൽപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ബൂത്തുകൾ ക്രമീകരിക്കും.

സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നൽകുന്നതിനു 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, 9 ഉത്സവ/ മേളകളിലെ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാന്‍റ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ.

1980കളിൽ രാജ്യത്ത് പ്രതിവർഷം ഒന്നര ലക്ഷത്തിലധികം കുട്ടികൾക്ക് അംഗവൈകല്യത്തിനു കാരണമായ പോളിയോ രോഗം 1995 പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ആരംഭിച്ചതിനു ശേഷം ക്രമമായി കുറച്ചു കൊണ്ടുവന്ന് 2011 ന് ശേഷം ഭാരതത്തിൽ നിന്ന് പോളിയോ വൈറസിനെ പൂർണമായും നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചു. 2026 ജനുവരി 13 ന് ഭാരതം പോളിയോ വിമുക്തമായി 15 വർഷം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങൾ ഉൾപ്പടെ ചിലരാജ്യങ്ങളിൽ ഇപ്പോഴും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

പോളിയോ രോഗം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുന്നതിൻറെ അവസാന ഘട്ടത്തിലാണ് ലോകം എത്തിനിൽക്കുന്നത്. പോളിയോ നിർമ്മാർജ്ജന യജ്ഞത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com