ലോട്ടെ ചോക്കോ പൈ നിരോധിച്ചിട്ടില്ല; പരിശോധനയിൽ സുരക്ഷിതമെന്ന് സ്ഥിരീകരണം

ലോട്ടെ ചോക്കോ പൈ നിരോധിച്ചിട്ടില്ല; എൻഎബിഎൽ ലാബ് പരിശോധനയിൽ സുരക്ഷിതമെന്ന് സ്ഥിരീകരണം ലഭിച്ചതായി ലോട്ടെ ഇന്ത്യയുടെ പ്രതികരണം
Lotte India Clarifies FDA Notice on Choco Pie Batch

ലോട്ടെ ചോക്കോ പൈ സുരക്ഷിതമെന്ന് നിർമാതാക്കൾ.

Updated on

ചെന്നൈ: ലോട്ടെ ചോക്കോ പൈയുടെ ഒരു ബാച്ചിനെതിരേ ദുർഗിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) സ്വീകരിച്ച നടപടിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ലോട്ടെ ഇന്ത്യ. ഉത്പന്നത്തിന് യാതൊരുവിധ നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്നും സ്വതന്ത്ര ലാബ് പരിശോധനയിൽ ഉത്പന്നം പൂർണമായും സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

2026 ഏപ്രിൽ 10-ന് നിർമിച്ച് 2027 ഏപ്രിൽ 9 വരെ കാലാവധിയുള്ള 'NM10DC2' എന്ന ബാച്ചിനെക്കുറിച്ചാണ് എഫ്‌ഡിഎ നോട്ടീസ് നൽകിയത്. തുടർന്ന്, ഉത്പന്നങ്ങൾ ഭക്ഷ്യയോഗ്യമാണോ എന്ന് ഉറപ്പുവരുത്താൻ എൻഎബിഎൽ (NABL) അംഗീകൃത ലാബുകളിൽ ലോട്ടെ ഇന്ത്യ സ്വതന്ത്ര പരിശോധന നടത്തുകയായിരുന്നു.

Lotte India Clarifies FDA Notice on Choco Pie Batch

ചെന്നൈയിൽ ഇന്‍റർസ്റ്റെല്ലാർ ടെസ്റ്റിങ് സെന്‍ററിൽ നടത്തിയ പരിശോധന്‍റാ ഫലത്തിന്‍റെ പ്രസക്ത ഭാഗം.

ഈ പരിശോധനയിൽ പ്രസ്തുത ബാച്ചിലെ പ്രിസർവേറ്റിവുകളുടെ അളവ് അനുവദനീയമായ പരിധിക്കുള്ളിൽ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

എന്നാൽ, പരിശോധനാ ഘട്ടത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഈ പ്രത്യേക ബാച്ചിലെ ഉത്പന്നങ്ങൾ മാത്രമായി വിപണിയിൽ നിന്ന് കമ്പനി സ്വമേധയാ തിരികെ വിളിച്ചിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയും ഗുണനിലവാരം ഉറപ്പാക്കുന്നതിന്‍റെയും ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കുന്നു.

ലോട്ടെ ചോക്കോ പൈ പൂർണമായി നിരോധിച്ചുവെന്ന രീതിയിലുള്ള വാർത്തകൾ തെറ്റാണെന്ന് ലോട്ടെ ഇന്ത്യ വ്യക്തമാക്കി. വിഷയം പൂർണമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും, ഇന്ത്യൻ വിപണിയിലുള്ള ലോട്ടെ ചോക്കോ പൈ ഉത്പന്നങ്ങൾ പൂർണമായും സുരക്ഷിതമാണെന്നും കമ്പനി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com