ദുരന്തമുഖങ്ങളിൽ ആശ്വാസമാകാൻ ഇനി കൃത്രിമ രക്തവും!

2030 ഓടെ കൃത്രിമ രക്തം വിപണിയിലെത്തിക്കാൻ ഊർജിത ശ്രമവുമായി ജപ്പാനിലെ നാര യൂണിവേഴ്സിറ്റിയിലെ ഗവേഷകർ
Hiromi Sakai with the artificial blood she developed

ഹിരോമി സകായ് താൻ വികസിപ്പിച്ച കൃത്രിമ രക്തവുമായി 

Photo: The Japan Times

Updated on

ന്യൂയോർക്ക്: യുദ്ധമുഖത്തും പ്രകൃതി ദുരന്തങ്ങളിലും പെട്ട് രക്തം വാർന്നൊഴുകി കൊല്ലപ്പെടുന്നത് ലക്ഷങ്ങളാണ്. ഇതിന് ഒരു അന്ത്യം കുറിക്കാനുള്ള തത്രപ്പാടിലാണ് ജപ്പാൻ. ലോകമെമ്പാടും ഉള്ള രക്തക്ഷാമം പരിഹരിക്കുക, 2030 ഓടെ കൃത്രിമരക്തം വിജയകരമായി വിപണിയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായി കൃത്രിമരക്ത നിർമിതിക്കായുള്ള പരീക്ഷണങ്ങൾ ജപ്പാൻ ഊർജിതമാക്കി.

ഇതിനകം ജപ്പാൻ ഒരു കൃത്രിമരക്തം വികസിപ്പിച്ചിട്ടുണ്ട്. അതിന് സ്വാഭാവിക രക്തത്തിൽ നിന്നു വ്യത്യസ്തമായി പർപ്പിൾ നിറമാണ്. നാര മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഹിരോമി സകായിയുടെ നേതൃത്വത്തിലാണ് ഈ പരീക്ഷണം വിജയകരമായ രീതിയിൽ മുന്നോട്ടു പോകുന്നത്.സ്വാഭാവിക രക്തത്തിലേതു പോലെ ചുവന്ന രക്താണുക്കൾ, ഹീമോഗ്ലോബിൻ എന്നിവ കൃത്രിമ രക്തത്തിലും ഉണ്ടാകും. ശരീരത്തിന്‍റെ എല്ലാ ഭാഗത്തും ഓക്സിജൻ എത്തിക്കുന്നതും മാലിന്യം നീക്കം ചെയ്യുന്നതുമാണ് സ്വാഭാവിക രക്തത്തിന്‍റെ ധർമങ്ങൾ. എന്നാൽ കൃത്രിമ രക്തമാകട്ടെ ഓക്സിജൻ വാഹിനി മാത്രമാണ്.

ഇത് ഏതു ഗ്രൂപ്പുകാർക്കും നൽകാം എന്ന പ്രത്യേകതയുണ്ട്. സൂക്ഷിക്കാനും എളുപ്പമാണ്. വെളുത്ത രക്താണുക്കളും പ്ലേറ്റ്ലെറ്റുകളും ഇല്ലാത്തതിനാൽ ഈ കൃത്രിമ രക്തം ഏതു ബ്ലഡ് ഗ്രൂപ്പുകാർക്കും നൽകാം. കൂടാതെ അന്തരീക്ഷ ഊഷ്മാവിൽ പോലും രണ്ടു വർഷം വരെ കേടു കൂടാതെ സൂക്ഷിക്കാം. അണുബാധ ഉണ്ടാകാനുള്ള സാധ്യത തീരെയില്ല. പുറമേ നിന്നുള്ള മനുഷ്യ രക്തം ശരീരം നിരാകരിക്കുന്ന ചില രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്കും ഇത് ഉപയോഗിക്കാം.

ഈ കൃത്രിമരക്തം നൽകുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കുമ്പോൾ സ്വാഭാവിക രക്തത്തിന്‍റെ കുറവ് പരിഹരിക്കാൻ സാധിക്കും. രക്തബാങ്ക് സൗകര്യമില്ലാത്ത മേഖലകളിലും ഇതിന്‍റെ സംഭരണം എളുപ്പമാണ്.

2019 മുതൽ മൃഗങ്ങളിലും 2020 മുതൽ മനുഷ്യരിലും ജപ്പാൻ കൃത്രിമരക്തം വിജയകരമായി പരീക്ഷിച്ചു വരുന്നു. 2030 ഓടെ ഇത് പുറത്തിറക്കാനാണ് ജപ്പാന്‍റെ ശ്രമം. മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ എടുക്കുന്ന ശുദ്ധീകരിച്ച ഹീമോഗ്ലോബിനാണ് ഇതിന്‍റെ അടിസ്ഥാന ഘടകം. ഇതിൽ നിന്ന് ചുവന്ന രക്താണുക്കളെ വികസിപ്പിച്ചാണ് രക്തസമാനമായ രൂപത്തിലേയ്ക്കു മാറ്റുന്നത്. ഈ പ്രക്രിയ സങ്കീർണമായതിനാൽ ചെലവേറിയേക്കാം.

രക്തദാനം ലോകമെമ്പാടും വർധിക്കുമ്പോഴും യുദ്ധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങളാൽ ലോകമെമ്പാടും രക്തക്ഷാമം ഇപ്പോഴും ഒരു വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ കൃത്രിമ രക്തത്തിന്‍റെ കണ്ടെത്തൽ വലിയൊരു വഴിത്തിരിവാണ്. ഇതോടെ ലോകത്തിൽ ആദ്യമായി കൃത്രിമരക്തം വിജയകരമായി അവതരിപ്പിച്ച രാജ്യമായി ജപ്പാൻ മാറും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com