
സുഖജീവിതത്തിന് സലാഡുകൾ
file photo
ചോറും അരിഭക്ഷണവും ശീലമാക്കിയ മലയാളികൾക്ക് അത്ര പരിചിതമല്ല സലാഡുകൾ. കൂടുതൽ ആയുസോടെ ജീവിച്ചിരിക്കുന്ന ജനവിഭാഗങ്ങളെ കുറിച്ച് പഠിച്ചവരെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന ഒരു സുപ്രധാന കാര്യം പച്ചക്കറികളുടെയും പഴങ്ങളുടെയും കൂടുതൽ ഉപഭോഗവും അന്നജം അടങ്ങിയ ഭക്ഷണങ്ങളുടെ കുറഞ്ഞ ഉപഭോഗവും ഈ ജനവിഭാഗങ്ങളിൽ സർവ സാധാരണമാണ് എന്നാണ്.
നമുക്കറിയാവുന്ന സലാഡുകൾ ഏതാനും പച്ചക്കറികൾ അരിഞ്ഞതും ഉപ്പും നാരങ്ങനീരും കുരുമുളകും യോജിപ്പിച്ച് ഇളക്കിയതും മാത്രമാണ്. ഇതിന് അത്ര വലിയ രുചിയുമില്ല. എത്ര വിശേഷപ്പെട്ടതെന്നു പറഞ്ഞാലും ഇത്രയല്ലേ ഉള്ളു എന്നാണ് സലാഡ് എന്ന് ഓർക്കുമ്പോൾ തന്നെ ഒരു ആവറേജ് മലയാളിയുടെ മനോഭാവം. എന്നാൽ സത്യം അതല്ല. സലാഡ് ഡ്രസിങ് ഒരു കലയാണ്. സലാഡുകളിൽ അത്യാവശ്യമായി ചേർക്കേണ്ട ഒന്നാണ് ഒലിവ് ഓയിൽ അല്ലെങ്കിൽ വെർജിൻ കോക്കനട്ട് ഓയിൽ ഇതുമല്ലെങ്കിൽ കനോല ഓയിൽ.
ചില സുപ്രധാന വിറ്റമിനുകളായ വിറ്റമിൻ എ,ഡി,ഇ, കെഎന്നിവ കൊഴുപ്പിന്‍റെ സാന്നിധ്യമില്ലാതെ ശരീരത്തിന് ആഗിരണം ചെയ്യാനും ഉപയോഗിക്കാനും കഴിയില്ല എന്നതിനാലാണ് മേൽപറഞ്ഞ നല്ല കൊഴുപ്പുകൾ അടങ്ങിയ ഓയിലുകളിൽ ഏതെങ്കിലും ഒന്ന് സലാഡുകളിൽ ചേർക്കണം എന്നു പറയുന്നത്.
ഈ ഓയിലിൽ നാരങ്ങ നീരോ നല്ല വിനാഗിരിയോ (അസറ്റിക് ആസിഡ് ഉപയോഗിക്കരുത്) ഉപയോഗിച്ച് ഇളക്കിയ ശേഷം മാത്രമേ സലാഡിൽ ചേർക്കാവൂ.വിവിധ നിറത്തിലുള്ള പച്ചക്കറികൾ ഉപയോഗിക്കുന്നതിലൂടെ വിവിധ തരം വൈറ്റമിനുകളും നമുക്കു ലഭിക്കും.
ഒലിവ് ഓയിൽ, അവോക്കാഡോ, നട്‌സ് എന്നിവയിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ആണുള്ളത്. ഇത് തക്കാളി, ചീര, സലാഡ് വെള്ളരി തുടങ്ങിയവയിൽ ചേർക്കുമ്പോൾ തക്കാളിയിൽ നിന്നുള്ള ലൈക്കോപീൻ, കടുംപച്ച പച്ചക്കറികളിൽ നിന്നുള്ള ല്യൂട്ടിൻ തുടങ്ങിയ സംരക്ഷിത ഫൈറ്റോ കെമിക്കലുകളെ ആഗിരണം ചെയ്യാൻ നമ്മുടെ ശരീരത്തെ സഹായിക്കുന്നുണ്ട്. ഈ ഫൈറ്റോ കെമിക്കലുകൾ ക്യാൻസറിൽ നിന്നും ഹൃദ്രോഗത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ കഴിവുള്ളവയാണ്.
സലാഡിന് ഒരു കറുമുറെ ഫീൽ വേണോ? എങ്കിൽ അതിലേയ്ക്ക് അൽപം കശുവണ്ടിപ്പരിപ്പും ഉണങ്ങിയ വിത്തുകളും (ചിയ, സൺഫ്ലവർ, മത്തൻ തുടങ്ങിയവയുടെ വിത്തുകൾ) ഉൾപ്പെടുത്തുക. സലാഡിൽ ചിക്കൻ ബ്രെസ്റ്റ് ചെറുകഷണങ്ങളാക്കിയതോ വിനാഗിരിയും കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത് പുഴുങ്ങിയെടുത്ത മീൻ കഷണങ്ങളോ ചേർക്കുന്നത് പ്രോട്ടീൻ കുറവും കാൽസ്യം കുറവും നികത്തുന്നതിനും ഉപകരിക്കും.
സലാഡിൽ അൽപം തുളസിയില, വെളുത്തുള്ളി, പാഴ്സലി ഇല എന്നിവ ഉപയോഗിക്കുന്നത് സൗരഭ്യവും രുചിപ്പെരുമയും മാത്രമല്ല ശക്തമായ ആന്‍റി ഓക്സിഡന്‍റുകളാൽ നിങ്ങളുടെ ശരീരം അരോഗ ദൃഢ ഗാത്രമാകുകയും ചെയ്യും.