

കണ്ണിനു മുകളിൽ കൂർത്ത പല്ലുകൾ; അപൂർവ രോഗം ബാധിച്ച് 16 വയസുകാരൻ
ന്യൂഡൽഹി: കണ്ണിന് മുകളിൽ പല്ലുകൾ വളരുന്ന അപൂർവ രോഗം ബാധിച്ച് ഇന്ത്യയിൽ നിന്നുള്ള 16 വയസുകാരൻ. എക്റ്റോപിക് ടൂത്ത് എന്നാണ് ഈ അസുഖത്തിന്‍റെ പേര്. ലോകത്ത് ഈ അസുഖം ബാധിച്ചതായി കണ്ടെത്തിയ ഒരേ ഒരാളാണ് ഈ കുട്ടിയെന്നാണ് ഡോക്റ്റർമാർ പറയുന്നത്. ഇടതു കണ്ണിനു മുകളിലായി ചെറുതായി വീക്കം അനുഭവപ്പെട്ടതായിരുന്നു ആദ്യത്തെ ലക്ഷണം. എന്നാൽ വേദനയുണ്ടായിരുന്നില്ല. പിന്നീട് ആ വീക്കത്തിൽ തടിപ്പ് ഉണ്ടാകുകയും അതിൽ നിന്ന് വെളുത്ത നിറമുള്ള മുനയോടു കൂടിയ പല്ലുകൾ പുറത്തേക്ക് വരാനും തുടങ്ങി.
തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് അപൂർവ രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയിലൂടെ പല്ല് നീക്കം ചെയ്തു. ഭാവിയിൽ സങ്കീർണമായ പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിനുള്ള ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടിയുടെ അവസ്ഥയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അമെരിക്കൻ അക്കാഡമി ഒഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാധാരണ രീതിയിൽ തൊണ്ടയിൽ അല്ലെങ്കിൽ മൂക്കിന്‍റെ ഉൾഭാഗം എന്നിവിടങ്ങളിൽ പല്ല് വളരുന്ന അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കണ്ണിനു മുകളിൽ ഇത്തരമൊരു അവസ്ഥ കാണപ്പെടുന്നത് ആദ്യമായാണെന്ന് കേസ് സ്റ്റഡിയുടെ ഭാഗമായ ഡോ. മേഘ്ന തൻവാർ പറയുന്നു. ജനിതക ഘടകങ്ങൾ, താടിയെല്ലിൽ ഉണ്ടാകുന്ന സ്ഥലമില്ലായ്മ, വളർച്ചയിലുള്ള തകരാറുകൾ, പരുക്കുകൾ എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.