ശതഗുണകാരിണി ശതാവരി

വാത-പിത്ത ശമനകരമായ ഈ അരുമ സസ്യം ഗൃഹാലങ്കാരത്തിനും ഉപയോഗിക്കാം
shatavari
ശതാവരി
Updated on

റീന വർഗീസ് കണ്ണിമല

ചൂടാണ്, അകത്തും പുറത്തും. വേനൽ കനത്തതോടെ ശരീരത്തെ തണുപ്പിക്കാൻ ഒരു വഴി തേടിയലയുകയാണ് മനുഷ്യർ. ശരീരത്തിനു കുളിർമ നൽകാൻ അത്യുത്തമമാണ് ശതാവരിക്കിഴങ്ങ്. ആയുർവേദത്തിന് പ്രിയങ്കരിയാണ് ശതാവരി. വാതനാശിനി തൈലത്തിന്‍റെ മുഖ്യ ചേരുവയായ ശതാവരിക്കിഴങ്ങ് വാതരോഗത്തിനും കൈകാൽ ചുട്ടു നീറുന്നതിനും ഉപയോഗിക്കുന്നു. ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് സമം തേൻ ചേർത്ത് കഴിച്ചാൽ സ്ത്രീകളുടെ അമിത രക്തസ്രാവത്തിനു ശമനം ഉണ്ടാകും. സ്ഥിരമായി ഉണ്ടാകുന്ന പുളിച്ചു തികട്ടലിനും വയറു വേദനയ്ക്കും ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15 മില്ലിയും സമം വെള്ളവും ചേർത്ത് രണ്ടു നേരം പതിവായി കഴിച്ചാൽ മതിയാകും.

കിഴങ്ങ് അരച്ച് പാലിൽ ചേർത്തു കഴിക്കുന്നത് വയറുകടിയ്ക്ക് ഉത്തമ ഔഷധമാണ്. കൂടാതെ മൂത്ര തടസം,മൂത്രം ചുടീൽ എന്നിവയും ഈ ഔഷധ പ്രയോഗത്താൽ ശമിക്കും. വാത-പിത്ത ശമനകരമായ ഈ അരുമ സസ്യം ഗൃഹാലങ്കാര സസ്യമായും ഉപയോഗിക്കുന്നു.

shatavari root
ശതാവരിക്കിഴങ്ങ്

സ്ത്രീകളുടെ അസ്ഥിസ്രാവത്തിനും പുരുഷ വന്ധ്യതയ്ക്കും ശതാവരിക്കിഴങ്ങ് അത്യുത്തമം.

ഒരു ടേബിൾസ്പൂൺ ശതാവരിക്കിഴങ്ങ് നീര് നേർപ്പിച്ചു സേവിച്ചാൽ ദഹന പ്രശ്നങ്ങൾക്ക് പരിഹാരമാകും.

മുലപ്പാലുണ്ടാകാൻ ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേർത്തു കഴിക്കുക.

മൂത്ര തടസം, മൂത്രം ചുടീൽ എന്നിവയ്ക്ക് ശതാവരിക്കിഴങ്ങ് നീര് ശർക്കര ചേർത്തു കഴിക്കുക.

പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, വൈറ്റമിൻ എ, വൈറ്റമിൻ ബി, വൈറ്റമിൻ സി എന്നിവയാൽ സമ്പന്നമാണ് ശതാവരിക്കിഴങ്ങ്. വേനൽക്കാലത്ത് നല്ലൊരു ദാഹശമനിയായി ഇതുപയോഗിച്ചു വരുന്നു.

സ്ത്രീകളിൽ ഹോർമോൺ ബാലൻസ് ആവുന്നതിനും ഈസ്ട്രജന്‍റെ അളവ് ശരീരത്തിൽ കൃത്യമാക്കുന്നതിനും സഹായിക്കുന്നതിലൂടെയാണ് ശതാവരി സ്ത്രീ വന്ധ്യതയ്ക്കു പരിഹാരമാകുന്നത്. അതോടൊപ്പം മുറ തെറ്റി വരുന്ന ആർ‌ത്തവം കൃത്യമാക്കുന്നതിനും സഹായിക്കുന്നു.

പുരുഷ വന്ധ്യതയ്ക്കു കാരണമാകുന്ന ബീജാരോഗ്യക്കുറവ്, എണ്ണക്കുറവ് തുടങ്ങിയവയ്ക്കൊക്കെ ശതാവരിക്കിഴങ്ങ് പ്രതിവിധിയാണ്. പുരുഷന്മാരിലുണ്ടാകുന്ന തളർച്ച, ക്ഷീണം എന്നിവയെ പ്രതിരോധിക്കുന്നതിനും ഇത് സഹായകമാകുന്നു. അങ്ങനെ പുരുഷ വന്ധ്യതയ്ക്ക് പരിഹാരമാകുന്നു.

നമ്മുടെ മാനസിക സമ്മർദ്ദത്തിനു പരിഹാരമായും കുളിർമ നൽകുന്ന ശതാവരിക്കിഴങ്ങ് ഉപയോഗിക്കാം. പതിവായി മിതമായ അളവിൽ ശതാവരിക്കിഴങ്ങ് ഉപയോഗിച്ചു പോന്നാൽ ഉത്കണ്ഠ നീങ്ങും. അതിനു കാരണമായ ഹോർമോൺ വ്യതിയാനങ്ങൾക്ക് പരിഹാരമാകും.

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനു സഹായിക്കുന്നതിനാൽ സ്ഥിരമായ ഉപയോഗം മൂലം ശ്വസന സംബന്ധമായ പ്രശ്നങ്ങൾ, ചുമ, തുമ്മൽ, പനി, ശ്വാസം മുട്ടൽ എന്നിവയ്ക്കെല്ലാം ഇത് പരിഹാരമാകുന്നു.

എന്നാാൽ ചില രോഗികൾക്ക് ഇത് വർജ്യമാണ്. കിഡ്നി രോഗികൾ, എൻഡോമെട്രിയോസിസ് രോഗികൾ, ഫൈബ്രോയിഡ് ഉള്ളവർ തുടങ്ങിയവരൊന്നും ശതാവരി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

ഇനി ഇതു കൊണ്ടൊരു ഔഷധ അച്ചാർ പരിചയപ്പെടാം:

വേണ്ട സാധനങ്ങൾ:

ശതാവരിക്കിഴങ്ങ്: 250 ഗ്രാം

കടുക്: ഒരു ടീസ്പൂൺ

ഉലുവ: ഒരു നുള്ള്

എള്ളെണ്ണ: പാകത്തിന്

മഞ്ഞൾപ്പൊടി: അര ടീസ്പൂൺ

കാശ്മീരി മുളകു പൊടി: രണ്ടു ടീസ്പൂൺ

നാരങ്ങ നീര്: രണ്ടു നാരങ്ങയുടെ നീര്

കായം : അര ടീസ്പൂൺ

വെളുത്തുള്ളി: ഒരു കുടം

പാചകം ചെയ്യുന്ന വിധം

ആദ്യം തന്നെ ശതാവരിക്കിഴങ്ങ് കഴുകിയെടുത്ത് പുറം തൊലിയും അകത്തെ നാരും കളഞ്ഞ് അരിഞ്ഞെടുക്കുക. ഇത് ആവിയിൽ അഞ്ചു മിനിറ്റ് പുഴുങ്ങിയെടുക്കുക.

എള്ളെണ്ണ ചൂടായി വരുമ്പോൾ അതിൽ കടുകും ഉലുവയുമിട്ട് പൊട്ടി വരുമ്പോൾ വെളുത്തുള്ളിയും കൂടി ചേർത്ത് വഴറ്റി അതിലേയ്ക്ക് ശതാവരിയും ചേർത്ത് കാശ്മീരി മുളകും കായവും ചേർത്ത് ഇളക്കി യോജിപ്പിച്ച് രണ്ടു മിനിറ്റ് കഴിഞ്ഞ് മൂടി വച്ച ശേഷം ഉപയോഗിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com