മഴ, കട്ടൻചായ, പരിപ്പുവട... കിടിലൻ കോമ്പോ! പക്ഷേ ആരോഗ്യത്തിന് ദോഷം! | Video

ഭക്ഷണത്തിൽ നിന്ന് ദഹിക്കാൻ ബുദ്ധിമുട്ടുള്ള സാധനങ്ങൾ കുറയ്ക്കുന്നത് നന്നായിരിക്കും

മഴ, കട്ടൻചായ, പരിപ്പുവട.. ആഹാ അന്തസ്..!! മഴ പെയ്യാൻ തുടങ്ങുമ്പോൾ മലയാളികളുടെ ആദ്യത്തെ സ്റ്റാറ്റസ് ഇതായിരിക്കും. മഴയത്ത് ഒരു ഗ്ലാസ് ചൂട് കട്ടൻചായയും നല്ല എണ്ണ പലഹാരവും കഴിച്ചിരിക്കാൻ നല്ല രസമാണ് അല്ലേ? എന്നാൽ ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തണുത്ത അന്തരീക്ഷത്തിൽ ഇരുണ്ട ആകാശവും ഇഷ്ടപ്പെട്ട പാട്ടുമൊക്കെ ചായ കുടിക്കാനും ബജി കഴിക്കാനുമൊക്കെ പ്രേരിപ്പിക്കുമെങ്കിലും മൺസൂൺ കാലത്തിന് ചില പ്രശ്‌നങ്ങളുണ്ട്. മൺസൂണിലെ ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കുന്നതിന് നമ്മുടെ നാട്ടിൽ പൊതുവെയുള്ള ചില മിഥ്യാധാരണകളെ ആദ്യം മാറ്റി നിർത്തണം.

വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്നും രക്ഷിക്കുമെങ്കിലും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സമയമാണ് മഴക്കാലം. അണുബാധ, ഭക്ഷ്യവിഷബാധ, ചർമ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, ശ്വാസംമുട്ട് തുടങ്ങി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ഏറ്റവും കൂടുതൽ ജോലിയുണ്ടാക്കുന്ന കാലമാണ് മൺസൂൺ. ഇതിന്‍റെ കൂടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ചില അനാവശ്യ രീതികൾ നമ്മളും പിന്തുടരുന്നത് ശരിയല്ലല്ലോ...എണ്ണയിൽ വറുത്ത, എരിവുള്ള ഭക്ഷണങ്ങൾ തണുത്ത കാലാവസ്ഥയിൽ നമ്മെ രസിപ്പിക്കും എന്നത് ശെരി തന്നെ. പക്ഷെ ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല. മഴക്കാലത്ത് വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങൾ അധികം കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്.

തണുപ്പ് ദഹനപ്രക്രിയ സാവധാനത്തിലാക്കുമെന്ന് പല കാലങ്ങളിലായി പഠനങ്ങൾ തെളിയിച്ച കാര്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ നിന്ന് ദഹിക്കാൻ ബുദ്ധിമുട്ടുള്ള സാധനങ്ങൾ കുറയ്ക്കുന്നത് നന്നായിരിക്കും. നാരുകൾ, പ്രോബയോട്ടിക്കുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ലഘുഭക്ഷണങ്ങൾക്ക് മഴക്കാലത്ത് പ്രാധാന്യം നൽകുക. എണ്ണ പലഹാരങ്ങൾക്ക് പകരം ആവിയിൽ വേവിച്ച ലഘുഭക്ഷണങ്ങൾ, സൂപ്പുകൾ, ഹെർബൽ ടീ എന്നിവ മഴക്കാലത്ത് ശീലമാക്കുന്നത് നല്ലതായിരിക്കും. തണുപ്പത്ത് വിയർപ്പ് സാധാരണമല്ലാത്തതിനാൽ, നിർജ്ജലീകരണത്തിന്‍റെ സാധ്യതയെക്കുറിച്ചുള്ള ചിന്തകൾ നമ്മളിൽ നിന്നും ഇല്ലാതാവുന്നു. എന്നാൽ മഴക്കാലത്തും തിളപ്പിച്ചാറിയതോ, ഫിൽട്ടർ ചെയ്തതോ ആയ വെള്ളം കുടിക്കാൻ ശ്രമിക്കുക. മഴക്കാലത്ത് കടകളിൽ നിന്ന് ശീതള പാനീയങ്ങളോ, ഐസ് ക്യൂബുകളോ വാങ്ങി ഉപയോഗിക്കാതെ ഇരിക്കാന്‍ ശ്രമിക്കുക.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com