

സ്വന്തം ക്യാൻസർ ജീൻ മറച്ചു വച്ച് മക്കൾക്കെല്ലാം ക്യാൻസർ പകർന്ന് ഡാനിഷ് ബീജദാതാവ്
symbolic
യൂറോപ്യൻ ബീജ ബാങ്കിനെ പോലും സമർഥമായി കബളിപ്പിച്ച് ബീജദാതാവ്. ബീജ ദാതാക്കൾക്ക് വേണ്ടിയുള്ള അത്യപൂർവമായ TP53 മ്യൂട്ടേഷൻ സ്ക്രീനിങ് പരിശോധനകളിൽ നിന്നും സമർഥമായി രക്ഷപ്പെട്ട ഇയാൾ വിവിധ രാജ്യങ്ങളിലായി 200ഓളം കുടുംബങ്ങളെയാണ് ശൈശവ ക്യാൻസർ രോഗങ്ങളിലേയ്ക്ക് തള്ളി വിട്ടത്. AFPയാണ് ഇത് റിപ്പോർട്ട് ചെയ്തത്. 2020 ഏപ്രിലിലാണ് ഈ ദാതാവിലൂടെ ഗർഭം ധരിച്ച് ഉണ്ടായ ഒരു കുട്ടിക്ക് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്.
ഇതോടെ ഈ ബീജദാതാവിന്‍റെ ബീജങ്ങൾക്ക് TP53 മ്യൂട്ടേഷൻ ഉള്ളതായി കണ്ടെത്തി. അങ്ങനെയാണ് ആദ്യമായി യൂറോപ്യൻ ബീജ ബാങ്കിന് TP53 മ്യൂട്ടേഷനെ കുറിച്ച് ആദ്യമായി മുന്നറിയിപ്പു ലഭിച്ചത്. ഈ ഡാനിഷ് ബീജദാതാവിന്‍റെ അപൂർവ മ്യൂട്ടേഷൻ പിടിക്കപ്പെട്ടതോടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ ഒരു വലിയ ഫെർട്ടിലിറ്റി അഴിമതിയായി ഇതു മാറിയിരിക്കുകയാണ് ഇപ്പോൾ. വളരെ പെട്ടെന്ന് വ്യാപിക്കുന്ന ആക്രമണാത്മകമായ ക്യാൻസറുകളുമായി ബന്ധപ്പെട്ട അപൂർവ മ്യൂട്ടേഷനുള്ള ഈ ബീജദാതാവ് താൻ പോലും അറിയാതെ തന്നെ ബീജ ബാങ്കുകൾ മുഖേന ലോകമെമ്പാടുംഏറ്റവും കുറഞ്ഞത് 197 കുട്ടികളുടെ പിതാവാണ്.
എന്നാൽ ഈ ബീജദാതാവ് ആരോഗ്യവാനാണെന്നാണ് പരിശോധനകൾ വ്യക്തമാക്കുന്നത്. "Kjeld" എന്ന അപരനാമമാണ് ഈ ദാതാവ് ഉപയോഗിച്ചത്. പതിവു സ്ക്രീനിങ് പരിശോധനകളിൽ എല്ലാം വിജയിച്ച ഈ ബീജദാതാവിന്‍റെ ബീജത്തിന്‍റെ ഒരു ഭാഗത്ത് ലി-ഫ്രോമേനി സിൻഡ്രോമുമായി ബന്ധപ്പെട്ട അപൂർവമായ TP53 മ്യൂട്ടേഷൻ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇത് ബീജവാഹകർക്ക് ജീവിതകാലം മുഴുവൻ ക്യാൻസർ വരാൻ ഉള്ള സാധ്യത 90 ശതമാനമാണെന്നും അത് പ്രത്യേകിച്ചും കുട്ടിക്കാലത്തു തന്നെയായിരിക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ 17 വർഷമായി 14 രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിൽ ഈ ബീജദാതാവിന്‍റെ ബീജം എത്തിയിരുന്നതായി എഎഫ് പിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
TP53 മ്യൂട്ടേഷൻ എന്നാൽ
കോശങ്ങൾ സാധാരണയായി ക്യാൻസർ ആകുന്നത് തടയുന്ന ഒരു ജീൻ മനുഷ്യ ശരീരത്തിലുണ്ട്. ആ ജീനിനെ ഇത് നശിപ്പിക്കുന്നു. ഈ മ്യൂട്ടേഷൻ സംഭവിച്ചാൽ ഈ മ്യൂട്ടേഷൻ വാഹകർ വളരെ ചെറുപ്പത്തിൽ തന്നെ 90 ശതമാനം വരെ ആജീവനാന്ത ക്യാൻസർ സാധ്യത വഹിക്കുന്ന ലി-ഫ്രോമെനി സിൻഡ്രോം ബാധിതരായി മാറും. അതു കൊണ്ടു തന്നെ ഇങ്ങനെ ഉണ്ടായ കുട്ടികളിൽ നന്നേ ചെറുപ്പത്തിൽ തന്നെ ക്യാൻസറിനുള്ള ഉയർന്ന സാധ്യത, അസ്ഥി, രക്തം, തലച്ചോറ്, മൃദുവായ ടിഷ്യു ക്യാൻസറുകൾ എന്നിവയ്ക്കുള്ള ഉയർന്ന ആയുഷ്കാല സാധ്യത എന്നിവയുണ്ട്.
ഇത്തരം ബീജദാതാക്കളിൽ നിന്നും ജന്മം കൊണ്ട പെൺകുട്ടികളിൽ കൗമാര പ്രായത്തിലും മുതിർന്നു കഴിഞ്ഞാലും സ്തനാർബുദ സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാർ എല്ലാ വർഷവും ശരീരം മുഴുവനുള്ള എംആർഐ സ്കാനുകൾ എടുക്കേണ്ടതായി വരും. ചിലർക്ക് അവരുടെ ജീവിതകാലത്ത് ഒന്നിലധികം കാൻസറുകൾ ഉണ്ടാകാം. ഇത്തരം മ്യൂട്ടേഷൻ വഹിക്കുന്ന ബീജകോശങ്ങളിൽ നിന്നു ഗർഭം ധരിച്ച കുട്ടികൾക്കാണ് ക്യാൻസർ ഉണ്ടായത്.
ഇതിൽ ചില കുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി. ദാതാവ് ആരോഗ്യവാനാണ് ഇപ്പോഴും. മൊസൈസിസം എന്നറിയപ്പെടുന്ന ഈ അപൂർവ സംഭവം സ്റ്റാൻഡേർഡ് സ്ക്രീനിങ് അത് കണ്ടെത്തില്ല എന്നാണ് അർഥമാക്കുന്നത് എന്ന് യൂറോപ്യൻ ബീജ ബാങ്ക് ഊന്നിപ്പറയുന്നു. സുരക്ഷിതമല്ലാത്ത ബീജം നൽകിയതായി മ്യൂട്ടേഷൻ വഴി ക്യാൻസർ ബാധിതരായ കുട്ടികളുടെ മാതാക്കൾ യൂറോപ്യൻ ബീജബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.