
കസ്തൂരി വെണ്ട
റീന വർഗീസ് കണ്ണിമല
മഴക്കാലമായി; തിരുവാതിര ഞാറ്റുവേല പാട്ടും പാടി എത്തുകയായി; വെറുതെ എറിഞ്ഞു കളഞ്ഞാൽ പോലും ആർത്തു പിടിക്കും സസ്യങ്ങൾ. അതാണു തിരുവാതിര ഞാറ്റുവേലയുടെ പുണ്യം. വിത്തൊരുക്കി, വളമൊരുക്കി, എല്ലാം നട്ടു പിടിപ്പിക്കാൻ തയാറാവുകയാണ് കർഷകർ.
ഹൈബ്രിഡ് ഇനങ്ങളോടാണ് പുതുതലമുറയ്ക്കു താത്പര്യം. എങ്ങനെയായാലും കിളിർക്കും എന്ന വാദമുയർത്തിയാണ് ഹൈബ്രിഡ് വിത്തുകൾ സോഷ്യൽ മീഡിയയുടെ സഹായത്തോടെ യുവതലമുറ വിറ്റു തീർക്കുന്നത്; നല്ലത്. എന്നാൽ, അന്യംനിന്നു പോകുന്ന പൊൻവിലയുള്ള കാർഷിക വിളകളെ കൂടി സംരക്ഷിക്കേണ്ടേ നമ്മൾ? അത്തരത്തിൽ പൊന്നു വിലയുള്ള ഒരു സസ്യമാണ് കസ്തൂരി വെണ്ട.
ഇന്ത്യയിൽ കാട്ടിലും മേട്ടിലുമെല്ലാം കണ്ടു വന്നിരുന്ന കസ്തൂരി വെണ്ട പേരു പോലെ തന്നെ കസ്തൂരി മാനിനെ തോൽപ്പിക്കുന്ന കസ്തൂരി ഉത്പാദിപ്പിക്കുന്ന സസ്യമാണ്! ഇതറിഞ്ഞിരുന്ന പൂർവികർ കസ്തൂരി വെണ്ടയെ നെഞ്ചോടു ചേർത്തിരുന്നു. മാൽവേസി കുടുംബക്കാരിയാണ് ഇവൾ. ഔഷധ വീര്യം ഏറെയുള്ള കുഞ്ഞു വെണ്ടയ്ക്കയാണിതിന്‍റെ പ്രത്യേകത.
വളർച്ചാ ശൈലിയിലും ബാഹ്യ രൂപത്തിലും വെണ്ടയുമായി ഏറെ സാമ്യമുള്ള സസ്യം. ഇതിന്‍റെ വിത്തിലും ഇലയിലും വേരിലും വേരിന്‍റെ തൊലിയിലുമെല്ലാം നിരവധി രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം കസ്തൂരി വെണ്ടയെ സുപ്രധാനമായ ഔഷധിയാക്കുന്നു.
കുടൽ രോഗങ്ങളിൽ, വദനഗഹ്വര രോഗങ്ങൾ മൂത്രാശയ രോഗങ്ങൾ -പ്രാചീന കാലം മുതൽക്കേ ഇവയുടെ അന്തകയാണ് ഈ കൊച്ചു ചെടി. ഇതിന്‍റെ വിത്തിൽ മാംസ്യവും അന്നജവും അടങ്ങിയിരിക്കുന്നു. സസ്യ ശരീര കോശങ്ങൾ ഒരു പ്രത്യേക ഇനം പശയും ആൽബുമിനും കൊണ്ട് നിറഞ്ഞിരിക്കുന്നു. കൂടാതെ കറയും കട്ടിയുള്ള സ്ഫടിക പദാർഥവും മൃഗ ജന്യ കസ്തൂരിയ്ക്കു സമമായ ഗുണവിശേഷങ്ങളുള്ള കസ്തൂരിയും ഇതിന്‍റെ വിത്തിൽ അടങ്ങിയിരിക്കുന്നു. ലിനോലിക്, ഒലിയിക്, പാൽമിറ്റിക്ക, സ്റ്റിയറിക് എന്നീ അമ്ലങ്ങളും കസ്തൂരി വെണ്ടയ്ക്കയിൽ ഉണ്ട്.
കസ്തൂരി വെണ്ടയുടെ തളിരിലകളും തോരൻ വയ്ക്കാൻ നല്ലതാണ്. ശ്വാസകോശ രോഗ ചികിത്സയിലും ഇതിന്‍റെ ഇല, തണ്ട്, വേര്, വേരിന്മേൽ തൊലി എന്നിവ ശുപാർശ ചെയ്യുന്നു. ഔഷധ ഗുണത്തോടൊപ്പം പോഷക ഗുണവും ഏറെയാണ് കസ്തൂരി വെണ്ടയ്ക്കയ്ക്ക്. ഉണങ്ങിയ വിത്ത് കാപ്പിപ്പൊടിയ്ക്കു പകരവും ഉപയോഗിക്കാറുണ്ട്. തിളച്ച എണ്ണയിൽ ഇതിന്‍റെ വിത്ത് ഇട്ടാൽ എള്ളിനു സമാനമായ രുചിയും മണവുമാണ്.
സന്ധിവേദന, വായ്നാറ്റം, വയറ്റിലുണ്ടാകുന്ന വിലക്കം, രക്തവാതം, എന്നിവയ്ക്കും പഠിക്കുന്ന കുട്ടികൾക്ക് ഏകാഗ്രത വർധിക്കുന്നതിനും കീടനാശിനിയായും കാമോദ്ദീപനത്തിനും ദഹന സഹായിയായിട്ടും ഇത് ആയുർവേദത്തിൽ ഉപയോഗിക്കുന്നു. ഇതിന്‍റെ തോലിൽ നിന്ന് നല്ല ബലമുള്ള നാരും ലഭിക്കും. എങ്കിൽ പിന്നെ എങ്ങനെ... നടുകയല്ലേ ഒരു കസ്തൂരിവെണ്ട തൈ വീട്ടുമുറ്റത്ത്?