ശ്വാസകോശത്തെ മാത്രമല്ല; പുകയില നിങ്ങളുടെ തലച്ചോറിനെയും കാർന്നുതിന്നുന്നു

പുകവലി എങ്ങനെയാണ് നിശബ്ദമായി തലച്ചോറിനെ നശിപ്പിക്കുന്നതെന്ന് നോക്കാം
Tobacco not only affects our lungs but also brain

ഡോ. ജോസഫ് ഷിബു, കൺസൾട്ടന്‍റ് ഇന്‍റെർവെൻഷനൽ ന്യൂറോളജിസ്റ്റ് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ അങ്കമാലി

Updated on

പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പറയുമ്പോൾ മിക്കവരുടെയും ഉള്ളിൽ ആദ്യം തെളിയുന്നത് ശ്വാസകോശ അർബുദമോ ഹൃദ്രോഗമോ ആയിരിക്കും. എന്നാൽ അതുപോലെതന്നെ ഗൗരവകരമായ മറ്റൊരു സത്യമാണ്: ഓരോ സിഗരറ്റും നിങ്ങളുടെ തലച്ചോറിന്‍റെ വലിപ്പം കുറച്ചുകൊണ്ടിരിക്കുകയാണ്. പുകവലി എങ്ങനെയാണ് നിശബ്ദമായി തലച്ചോറിനെ നശിപ്പിക്കുന്നതെന്ന് നോക്കാം .

തലച്ചോറിന്‍റെ വലിപ്പം കുറക്കുന്നു

വാർദ്ധക്യസഹജമായി തലച്ചോറിന് നേരിയ തോതിൽ വലിപ്പക്കുറവ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പുകവലിക്കുന്നവരിൽ ഈ പ്രക്രിയ വളരെ വേഗത്തിലാകുന്നു (Accelerated Brain Aging). തലച്ചോറിലെ സാരമായ വിവരങ്ങൾ കൈമാറുന്ന 'ഗ്രേ മാറ്റർ', 'വൈറ്റ് മാറ്റർ' എന്നിവയുടെ അളവ് കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ലളിതമായി പറഞ്ഞാൽ, പുകയിലയിലെ രാസവസ്തുക്കൾ തലച്ചോറിലെ കോശങ്ങളെ നേരിട്ട് നശിപ്പിക്കുകയും തലച്ചോർ ചുരുങ്ങാൻ കാരണമാവുകയും ചെയ്യുന്നു.

മൈക്രോ വാസ്കുലർ നാശനഷ്ടങ്ങൾ

നമ്മുടെ തലച്ചോറിലെ കോടിക്കണക്കിന് കോശങ്ങളിലേക്ക് രക്തമെത്തിക്കുന്നത് അതിസൂക്ഷ്മമായ രക്തക്കുഴലുകളാണ്. പുകയിലയിലെ വിഷാംശങ്ങൾ ഈ സൂക്ഷ്മ രക്തക്കുഴലുകളെ കഠിനമാക്കുകയും അവയിലൂടെയുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെ മൈക്രോ വാസ്കുലർ ബ്രെയിൻ ഡിസീസ് എന്ന് വിളിക്കുന്നു. ഇത് തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് തടയുന്നു.

അനൂറിസം എന്ന ടൈം ബോംബ്

പുകവലിക്കുന്നവരിൽ കാണപ്പെടുന്ന ഏറ്റവും അപകടകരമായ ഒന്നാണ് സെറിബ്രൽ അനൂറിസം (Cerebral Aneurysm). രക്തക്കുഴലുകളുടെ ഭിത്തികൾ ബലഹീനമായി ഒരു ബലൂൺ പോലെ വീർക്കുന്ന അവസ്ഥയാണിത്. പുകവലി ഈ അവസ്ഥയ്ക്കുള്ള സാധ്യത നാലിരട്ടിയോളം വർധിപ്പിക്കുന്നു. ഇത് പൊട്ടിയാൽ തലച്ചോറിൽ രക്തസ്രാവം (Subarachnoid Hemorrhage) ഉണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.

നേരത്തെയുള്ള ഓർമക്കുറവും ബുദ്ധിമാന്ദ്യവും

പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന മറവിരോഗമായ അൽഷിമേഴ്സ് , ഡിമെൻഷ്യ എന്നിവ പുകവലിക്കുന്നവരിൽ വളരെ നേരത്തെ തന്നെ കണ്ടുതുടങ്ങുന്നു. കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ്, പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള ശേഷി, ഏകാഗ്രത എന്നിവയിൽ വലിയ ഇടിവ് പുകവലി മൂലമുണ്ടാകുന്നു.

സ്ട്രോക്കും പുകവലിയും:

ഒരു ന്യൂറോളജിസ്റ്റ് എന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് പുകവലി മൂലമുണ്ടാകുന്ന സ്ട്രോക്കിനെയാണ്. പുകവലിക്കാത്തവരേക്കാൾ രണ്ടിരട്ടിയിലധികം സ്ട്രോക്ക് സാധ്യത പുകവലിക്കുന്നവർക്കുണ്ട്. പ്രധാനമായും രണ്ട് രീതിയിലാണ് പുകയില തലച്ചോറിൽ സ്ട്രോക്കിന് കാരണമാകുന്നത്:

രക്തം കട്ടപിടിക്കൽ (Ischemic Stroke): പുകയിലയിലെ കെമിക്കലുകൾ രക്തത്തിന്‍റെ സാന്ദ്രത വർദ്ധിപ്പിക്കുകയും പ്ലേറ്റ്‌ലെറ്റുകൾ തമ്മിൽ ഒട്ടിപ്പിടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്കുള്ള ചെറിയ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാൻ ഇടയാക്കുന്നു. രക്തപ്രവാഹം നിലയ്ക്കുന്നതോടെ ആ ഭാഗത്തെ കോശങ്ങൾ മിനിറ്റുകൾക്കുള്ളിൽ ചത്തുപോകുന്നു.

രക്തക്കുഴലുകൾ പൊട്ടൽ (Hemorrhagic Stroke): പുകവലി രക്തസമ്മർദം പെട്ടെന്ന് വർദ്ധിപ്പിക്കുന്നു. ബലഹീനമായ രക്തക്കുഴലുകൾ ഈ സമ്മർദം താങ്ങാനാവാതെ പൊട്ടുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.

കൊളസ്ട്രോൾ അടിഞ്ഞുകൂടൽ: രക്തക്കുഴലുകളുടെ ഉൾഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ പുകയിലയിലെ കാർബൺ മോണോക്സൈഡും നിക്കോട്ടിനും കാരണമാകുന്നു. ഇത് തലച്ചോറിലേക്കുള്ള പാത ഇടുങ്ങിയതാക്കുന്നു. നിർത്തി 5 വർഷത്തിനുള്ളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത, പുകവലിക്കാത്ത ഒരാളുടേതിന് തുല്യമായി കുറയുന്നു. അതുകൊണ്ട് തന്നെ തിരിച്ചുനടക്കാൻ ഒട്ടും വൈകിയിട്ടില്ല.

പുകവലി ഉപേക്ഷിച്ചാൽ തലച്ചോറിലുണ്ടാകുന്ന വീക്കം കുറയ്ക്കാനും രക്തപ്രവാഹം മെച്ചപ്പെടുത്താനും സാധിക്കും. പൂർണ്ണമായും നശിച്ച കോശങ്ങളെ തിരികെ ലഭിക്കില്ലെങ്കിലും, ബാക്കിയുള്ളവയുടെ ആരോഗ്യം സംരക്ഷിക്കാൻ 'ക്വിറ്റ്' ചെയ്യുക എന്നത് മാത്രമാണ് ഏക വഴി.

നിങ്ങളുടെ ചിന്തകളെയും ഓർമകളെയും പുകച്ചു കളയണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ആരോഗ്യകരമായ തലച്ചോറാണ് സന്തോഷകരമായ ജീവിതത്തിന്‍റെ അടിത്തറ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com