
രാജ്യത്ത് നിന്ന് ക്ഷയരോഗം എന്നെന്നേക്കുമായി തുടച്ചുനീക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം നൽകുകയുണ്ടായി. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ക്ഷയരോഗ ചികിത്സയ്ക്ക് നവീന മാതൃക സ്വീകരിച്ച ഇന്ത്യ ക്ഷയരോഗ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നീ മേഖലകളിൽ മാതൃകാപരമായ പരിവർത്തനം സാധ്യമാക്കാനുതകുന്ന ഒട്ടേറെ നൂതന സമീപനങ്ങൾക്കും കഴിഞ്ഞ വർഷങ്ങളിൽ തുടക്കമിട്ടു. ഇതുവരെ സ്വീകരിച്ച സമീപനത്തിന്‍റെ ഫലപ്രാപ്തി അംഗീകരിക്കുന്നവയാണ് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ടിബി റിപ്പോർട്ട് 2024ലെ കണ്ടെത്തലുകൾ. 2015 മുതൽ 2023 വരെ ഇന്ത്യയിലെ ക്ഷയരോഗബാധിതരിൽ 17.7% ഇടിവ് രേഖപ്പെടുത്തി- ആഗോളതലത്തിൽ സംഭവിച്ച ഇടിവിന്‍റെ ഇരട്ടിയാണിതെന്ന് മാത്രമല്ല, രാജ്യത്താകമാനം 25.1 ലക്ഷം രോഗബാധിതരെ കണ്ടെത്താനുമായി. ഇതോടെ രാജ്യത്ത് ക്ഷയരോഗ ചികിത്സാ പരിധിയിലുള്ളവരുടെ ശതമാനം 2015 ലെ 59% ൽ നിന്ന് 2023 ൽ 85% ആയി ഉയർന്നു.
പ്രധാനമന്ത്രിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസംബർ 7ന്, ക്ഷയ രോഗ നിർമാർജന തന്ത്രത്തിൽ വേറിട്ടൊരു പരിവർത്തനത്തിനും ഇന്ത്യ സാക്ഷ്യം വഹിച്ചു. ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിലെ പ്രതികരണം ത്വരിതപ്പെടുത്തുന്നതിന്, രാജ്യത്ത് ക്ഷയരോഗബാധ ഏറ്റവും കൂടുതലുള്ള 347 ജില്ലകളിൽ നടപ്പാക്കുന്ന 100 ദിവസത്തെ പ്രചാരണം പഞ്ച്കുലയിൽ ആരംഭിച്ചു. രോഗസാധ്യതയുള്ള ജനവിഭാഗങ്ങളിലേക്ക് എത്തിച്ചേരുകയും അവർക്ക് സമയബന്ധിതമായി, ഗുണനിലവാരമുള്ള ചികിത്സ ആവശ്യാനുസരണം ലഭ്യമാക്കുകയും ചെയ്ത് രോഗബാധിതരെ കഴിവതും നേരത്തേ തിരിച്ചറിയാനും ചികിത്സിക്കാനുമുള്ള നമ്മുടെ ദൃഢനിശ്ചയം ഈ സംരംഭം ശക്തിപ്പെടുത്തുന്നു. ജനപങ്കാളിത്തത്തിന്‍റെ (ജൻ ഭാഗിദാരി) യഥാർഥ ചൈതന്യം ഉൾക്കൊണ്ട് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊതുസമൂഹം, കോർപ്പറേറ്റുകൾ, സാമൂഹിക വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവരും ഈ പ്രചാരണം വൻ വിജയമാക്കാൻ സഹകരിച്ചു.
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സജീവമായ സഹകരണത്തോടെയുള്ള, ഈ നൂതന പ്രചാരണം ക്ഷയ രോഗ നിർമാർജനത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുമെന്ന് ഉറപ്പാണ്.
ഇന്ത്യയുടെ സാമൂഹിക സമീപനം
വിപുലമായ രോഗനിർണയ ഉദ്യമങ്ങൾ പൂർത്തീകരിക്കുന്നതിനും ക്ഷയരോഗികളുടെ പരിപൂർണ രോഗമുക്തിയെ പിന്തുണയ്ക്കുന്നതിനുള്ള പോഷണ പിന്തുണാ പദ്ധതിയായ നി-ക്ഷയ് പോഷൺ യോജന (NPY) എന്ന ആശയം ഇന്ത്യ രൂപപ്പെടുത്തുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്തു.2018 ഏപ്രിൽ മുതൽ 1.16 കോടി ഗുണഭോക്താക്കൾക്ക് NPY യുടെ കീഴിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ 3,295 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ക്ഷയരോഗ നിർമാർജനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കും വിധം പദ്ധതിയ്ക്ക് കീഴിലുള്ള പ്രതിമാസ സാമ്പത്തിക പിന്തുണ 2024 നവംബർ മുതൽ നിലവിലുള്ള ₹500ൽ നിന്ന് ₹1,000 ആയി ഉയർത്തുകയുണ്ടായി.
ടിബി മുക്ത് ഭാരത് അഭിയാൻ പോഷകാഹാര വെല്ലുവിളി നേരിടാൻ മാത്രമല്ല സാമൂഹികാവബോധം സൃഷ്ടിക്കുന്നതിനും സഹായകമായിട്ടുണ്ടെന്നതാണ് മറ്റൊരു നിർണായക വശം. അവബോധം വർധിപ്പിക്കുന്നതിനും ക്ഷയരോഗികൾക്ക് പോഷകപരവും തൊഴിൽപരവും മാനസികവുമായ പിന്തുണ നൽകുന്നതിനുനുമുള്ള ഒരു ബഹുജന മുന്നേറ്റം സൃഷ്ടിക്കുന്നതിൽ വിവിധ സാമൂഹിക വിഭാഗങ്ങൾ ഒന്നിച്ചു. ജനപങ്കാളിത്തത്തിന്‍റെ ആത്മാവ് തൊട്ടറിഞ്ഞ ഈ സർക്കാർ പൗര സഹകരണ സംരംഭം ത്തുടനീളമുള്ള രോഗികൾക്ക് 21 ലക്ഷം ഫുഡ് ബാസ്‌ക്കറ്റുകൾ നൽകാൻ 1.75 ലക്ഷം നി-ക്ഷയ് മിത്രമാർക്ക് പ്രചോദനമായി.
നൂതന യജ്ഞം
ചികിത്സാ വിജയ നിരക്ക് മെച്ചപ്പെടുത്താൻ ഇന്ത്യ ബെഡാക്വിലിൻ, ഡെലാമനിഡ് തുടങ്ങിയ പുതിയ മരുന്നുകൾ അവതരിപ്പിച്ചു. മരുന്നിനെ പ്രതിരോധിക്കുന്ന വകഭേദങ്ങൾ ബാധിച്ച രോഗികൾക്ക് ചികിത്സ പൂർത്തീകരിക്കുന്നതിലെ വെല്ലുവിളികൾ കണക്കിലെടുത്ത്, ഒരു പുതിയ ഹ്രസ്വ സമ്പ്രദായമായ BPaLM അവതരിപ്പിച്ചിട്ടുണ്ട്. ഇത് നിലവിലുള്ള സംവിധാനത്തേക്കാൾ ഫലപ്രദമാണ്. 19-20 മാസത്തെ പരമ്പരാഗത വ്യവസ്ഥയ്‌ക്കൊപ്പം 9-11 മാസത്തെ ചികിത്സാ സമ്പ്രദായവും ലഭ്യമാണെങ്കിലും, BPaLM വ്യവസ്ഥയിൽ രോഗികൾക്ക് ഇപ്പോൾ വെറും 6 മാസത്തിനുള്ളിൽ ചികിത്സ പൂർത്തിയാക്കാം!
എല്ലാ രോഗികളെയും എത്രയും വേഗം കണ്ടെത്തി ചികിത്സിക്കാനുള്ള വിപുലമായ സംവിധാനങ്ങൾ അടിസ്ഥാന തലത്തിൽ ലഭ്യമാണെന്ന് ഉറപ്പാക്കാൻ നാം സ്ഥിരതയോടെ പരിശ്രമിക്കുന്നു. ഇത് പ്രവർത്തനക്ഷമമാക്കാൻ മോളികുലാർ ടെസ്റ്റ് പോലുള്ള കൂടുതൽ കാര്യക്ഷമവും കൃത്യവുമായ രോഗനിർണയ സംവിധാനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 2014-15ൽ നൂറുകണക്കിന് മെഷീനുകളാണുണ്ടായിരുന്നതെങ്കിൽ ഇന്ന് എല്ലാ ജില്ലകളിലുമായി 8,293 മോളിക്യുലാർ ഡയഗ്നോസ്റ്റിക് മെഷീനുകൾ ലഭ്യമാണ്.
"മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തദ്ദേശീയ മോളികുലാർ ടെസ്റ്റ് അവതരിപ്പിക്കുകയും ഫീൽഡ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ക്ഷയ രോഗനിർണയത്തിന് എടുക്കുന്ന സമയം കുറയ്ക്കാൻ മാത്രമല്ല, പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള ചെലവുകൾ ഗണ്യമായി കുറയ്ക്കാനും സാധിച്ചു. തദ്ദേശീയ പരിശോധനകൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുകയും ലോകമെമ്പാടും ഉപയോഗിക്കുകയും ചെയ്തു പോരുന്നു. ഈ സംരംഭങ്ങൾ ആഗോള ക്ഷയരോഗ പ്രതികരണത്തിൽ ഇന്ത്യയെ ഒരു യഥാർഥ ജേതാവായി അംഗീകരിക്കാൻ കാരണമായി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) 2018 മുതൽ ലോകമെമ്പാടുമുള്ള ക്ഷയരോഗ ഗവേഷണത്തിന്‍റെ മുൻനിര ധനവിനിയോഗ ഗണത്തിൽ സ്ഥിരമായി ഉൾപ്പെടുന്നു എന്ന വസ്തുതയിലും നാം അഭിമാനിക്കേണ്ടതുണ്ട്. കൂടുതൽ കാര്യക്ഷമമായ പോയിന്‍റ്- ഓഫ്- കെയർ ഡയഗ്‌നോസ്റ്റിക്‌സ് ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ വേഗത്തിൽ വികസിപ്പിക്കുന്നതിനും പുറത്തിറക്കുന്നതിനുനുമുള്ള നിക്ഷേപവും തുടരും.
ഭാവി പ്രതീക്ഷകൾ
ക്ഷയരോഗ നിർമാർജനത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണം, വിവിധ മേഖലകളിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകൾ ദ്രുതഗതിയിൽ ലഭ്യമാക്കുന്നതിലും ഉള്ള രാജ്യത്തിന്‍റെ ശേഷിക്കു തെളിവാണ്. വിപുലമായ രോഗനിർണയത്തിലേക്കും ചികിത്സയിലേക്കും നയിച്ച മുൻനിര ഗവേഷണം മുതൽ സാർവത്രിക സാമൂഹിക പിന്തുണ വരെ, ആഗോള ക്ഷയരോഗ പ്രതികരണത്തിൽ ഇന്ത്യയെ മുൻനിരയിൽ എത്തിച്ചിരിക്കുന്നു.
ക്ഷയരോഗം തിരിച്ചറിയൽ, രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവയിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ക്ഷയരോഗ നിർമാർജനത്തിനുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധതയുടെ തെളിവാണ് ഈ 100 ദിന പ്രത്യേക പ്രചാരണം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലും ബന്ധപ്പെട്ടവരുടെ പൂർണ പങ്കാളിത്തത്തിലും മാനവരാശിയുടെ ഈ മഹാ ശത്രുവിനെ പരാജയപ്പെടുത്തി ആരോഗ്യപൂർണമായ ഒരു ഭാവി സൃഷ്ടിക്കാനുകുമെന്ന് എനിക്ക് ഉറപ്പുണ്ട്.