ഓർമകൾ നഷ്ടപ്പെട്ടവരെ ഓർമിക്കാനൊരു ദിനം

ഇന്ന് ലോക അൽഹൈമേഴ്സ് ദിനം
Today is World Alzheimer's Day

ഇന്ന് ലോക അൽഹൈമേഴ്സ് ദിനം

symbolic picture

Updated on

ഓർമകൾ നഷ്ടപ്പെട്ടു പോയവരെ ഓർമിക്കാനായുള്ള ദിവസമായിട്ടാണ് ലോകം സെപ്റ്റംബർ 21 ലോക അൽഹൈമേഴ്സ് ദിനമായി ആചരിക്കുന്നത്. കേരളത്തിൽ അൽഹൈമേഴ്സ് ബാധിതർ ഏതാണ്ട് 20 ശതമാനത്തോട് അടുക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അൽഹൈമേഴ്സ് അഥവാ മറവി രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനും വിദഗ്ധ ചികിത്സയിലൂടെ നിയന്ത്രിച്ചു നിർത്തുന്നതിനും സർക്കാർ ആരോഗ്യ വകുപ്പിന്‍റെ കീഴിൽ വിവിധ സംവിധാനങ്ങളുണ്ട്.

മെഡിക്കൽ കോളെജ് ന്യൂറോളജി, സൈക്യാട്രി വിഭാഗങ്ങൾ, ജില്ലാ-ജനറൽ ആശുപത്രികളിലെ സെക്യാട്രി യൂണിറ്റുകൾ, മാനസികാരോഗ്യ പരിപാടി ക്ലിനിക്കുകൾ എന്നിവിടങ്ങളിലെല്ലാം ഇതിനുള്ള സൗകര്യം ലഭ്യമാണ്. മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളിൽ ഒന്നു മാത്രമാണ് എല്ലാവരും മറവി രോഗം എന്നു വിളിക്കുന്ന അൽഹൈമേഴ്സ് (Alzheimer’s disease). അൽഷിമേഴ്സിനു പുറമേ പക്ഷാഘാതം, തലച്ചോറിലെ മുഴകൾ, എച്ച്ഐവി അണുബാധ, പാർക്കിൻസൺസ് രോഗം, രക്താർബുദമായ ലിംഫോമ തുടങ്ങി നിരവധി രോഗങ്ങളുടെ ഭാഗമായി രോഗിക്ക് മറവി ഉണ്ടാകാം.

മസ്തിഷ്കത്തിലുള്ള നാഡീകോശങ്ങൾ ക്രമേണ ദ്രവിക്കുകയും തുടർന്ന് പ്രവർത്തന രഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാൾ അൽഹൈമേഴ്സ് രോഗിയായിത്തീരുന്നത്. ഒരിക്കൽ നശിച്ചു പോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനർജീവിപ്പിക്കാൻ കഴിയാത്തതു കൊണ്ടു തന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായൊരു ചികിത്സ നിലവിലില്ല. രോഗഹേതു ഇന്നു വരെ കണ്ടെത്തിയിട്ടില്ല.

എന്നാൽ ആയുർവേദത്തിൽ ചില കൃത്യമായ ജീവിത ശൈലിയിലൂടെ ബുദ്ധിക്ഷീണം മാറ്റാനും ബുദ്ധിക്ക് ഉണർവേകാനുമുള്ള വിധികൾ പറയുന്നുണ്ട്. ഇതിൽ മുഖ്യമാണ് കുടകൻ അഥവാ മുത്തിൾ ഇലകൾ. ഈരണ്ടു മുത്തിളില സ്ഥിരമായി കഴിച്ചാൽ മറവി മാറുകയും നല്ല ഓർമശക്തിയുണ്ടാകുകയും ചെയ്യും. കുടകൻ ചമ്മന്തിയാക്കി കഴിക്കുന്നതും തലച്ചോറിലെ നാഡീകോശങ്ങൾക്ക് വളരെ നല്ലതാണ്. കൂടാതെ പ്രമേഹം, കൊളസ്ട്രോൾ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്കും കുടകന്‍റെ മിതമായ അളവിലുള്ള സ്ഥിരമായ ഉപയോഗം പരിഹാരമാണ്.

ബ്രഹ്മിയാണ് മറ്റൊരു ഔഷധ സസ്യം. കൊച്ചു കുട്ടികൾക്ക് ബ്രഹ്മി നീര് പാലിൽ കലക്കി കൊടുക്കുന്നത് പഴയകാലങ്ങളിൽ സ്ഥിരമായിരുന്നു. ബ്രഹ്മി ചേർത്തുണ്ടാക്കുന്ന ബ്രഹ്മിഘൃതം കുട്ടികളിൽ മാത്രമല്ല, കൂടുതൽ ചിന്തിച്ചു ജോലി ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമാണ്. ബദാം സ്ഥിരമായി ഉപയോഗിക്കുന്നത് തലച്ചോറിലെ നാഡീ കോശങ്ങൾക്ക് കരുത്തു പകരും. ബുദ്ധി കൂടുതൽ ഉപയോഗിച്ചു ജോലി ചെയ്യുന്നവർ -എൻജിനീയർമാർ, എഴുത്തുകാർ, ഗവേഷകർ, ഐടി മേഖലയിലുള്ളവർ തുടങ്ങിയവർക്ക് തുടർച്ചയായുള്ള ജോലിഭാരം മൂലം കടുത്ത തലവേദന, മൂഡ് സ്വിങ്സ്, ഉത്കണ്ഠ, വിഷാദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. ഇത് ബുദ്ധി ക്ഷീണത്തെയാണ് കാണിക്കുന്നത്. കൃത്യമായ പരിചരണം ഈ സാഹചര്യത്തിൽ തലച്ചോറിനു നൽകിയില്ലെങ്കിൽ അത് ഭാവിയിൽ അൽഹൈമേഴ്സിലേയ്ക്കു വഴി തെളിക്കും

. അതിനാൽ ഇത്തരം മേഖലകളിൽ കടുത്ത സമ്മർദ്ദത്തോടെ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ബുദ്ധിക്ഷീണം മാറാൻ ആയുർവേദം അനുശാസിക്കുന്ന ഒരു മാർഗം കൂടി പറയാം. ഇതിനു വേണ്ടത് ബദാം ആണ്. എട്ടു മണിക്കൂർ ഒരു ഗ്ലാസ് വെള്ളത്തിലിട്ട് കുതിർത്ത ബദാം ആണ് ഉപയോഗിക്കേണ്ടത്. ഒന്നാം ദിവസം ഒരു ബദാം, രണ്ടാം ദിവസം രണ്ടെണ്ണം ഇങ്ങനെ നാൽപത്തൊന്നു ദിവസം വരെ ഓരോ ദിവസവും എണ്ണം കൂട്ടിക്കൊണ്ടു വന്ന് കഴിക്കുക. നാൽപത്തൊന്നാം ദിവസം നാൽപത്തൊന്നു ബദാം കഴിക്കാം. ഇനി നാൽപത്തി രണ്ടാം ദിവസം ഒന്നു വീതം കുറച്ച് കഴിക്കുക- നാൽപത്തി രണ്ടാം ദിവസം നാൽപത്തൊന്ന്, നാൽപത്തി മൂന്നാം ദിവസം നാൽപത് എന്നിങ്ങനെ ബദാം കഴിക്കുന്നതിൽ കുറവു വരുത്തി കൊണ്ടു വന്ന് അവസാനിപ്പിക്കുക. ഇത് പ്രതിഭകളായവരെ ഭാവിയിൽ അൽഹൈമേഴ്സിൽ നിന്ന് തടയുന്നതിന് ഉപകരിക്കും. നല്ല ആരോഗ്യമുള്ളവർ മാത്രമേ ഈ വിധി ഉപയോഗിക്കാവൂ എന്നു കൂടി വൈദ്യ വിധിയുണ്ട്.

പാരമ്പര്യ സാധ്യത ഏറെയുള്ള രോഗമായതിനാൽ മാതാപിതാക്കൾക്ക് ഈ രോഗം വന്നിട്ടുണ്ടെങ്കിൽ ബുദ്ധിയെയും തലച്ചോറിനെയും കൂടുതൽ ബുദ്ധിമുട്ടിക്കാതെ മേൽപറഞ്ഞ ആയുർവേദ രീതികളൊക്കെ അനുവർത്തിച്ച് നല്ലൊരു ജീവിതശൈലി രൂപീകരിക്കുന്നതാണ് അൽഹൈമേഴ്സ് പോലുള്ള മാരക രോഗാവസ്ഥയിൽ നിന്നും സ്വസ്ഥ വാർധക്യത്തിൽ എത്തുന്നതിന് നല്ലത്. ഇനി വീടുകളിൽ അങ്ങനെയാരെങ്കിലും ഉണ്ടെങ്കിൽ സ്നേഹത്തോടെയുള്ള പെരുമാറ്റം, പഴയ കാര്യങ്ങൾ രോഗിയോട് ഇടയ്ക്കിടെ സംസാരിക്കുന്നത് എല്ലാം രോഗിയെ ഏറെ ആശ്വസിപ്പിക്കും.

അമെരിക്കയിലെ മിനസോട്ടാ സർവകലാശാലയിലെ കരേൻ ആഷെയും സംഘവും തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു പ്രത്യേകതരം പ്രോട്ടീൻ"അമ്ലോയിഡ് ബീറ്റാ' യാണ് അൽഹൈമേഴ്സ് രോഗത്തിനു നിദാനമെന്ന് കണ്ടെത്തിയിട്ടുണ്ട്. മറവി രോഗത്തെ മറവിയിലാഴ്ത്താൻ ഈ കണ്ടെത്തലിന് ആകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. മരുന്നുകളോ വാക്സിനുകളോ ഉപയോഗിച്ച് ഈ പ്രോട്ടീനെ നിയന്ത്രിക്കാനായാൽ രോഗത്തെ കീഴ്പ്പെടുത്താനാകും എന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com