

ചർമം തിളങ്ങാൻ വൈറ്റമിൻ സി
കൊച്ചി: മൃദുലമായ തിളക്കമുള്ള ചർമം ആരാണ് ആഗ്രഹിക്കാത്തത്. പരസ്യങ്ങളിൽ ഐശ്വര്യറായും, മഞ്ജു വാര്യരും ആടി തകർക്കുമ്പോൾ വാ പൊളിച്ച് നിന്നുപോകാറുണ്ട്. ഗൂഗിളിൽ ഇവരുടെ ഡയറ്റ് പ്ലാൻ നോക്കാത്ത മലയാളികൾ കുറവാണെന്ന് പറയാം. പ്രായം 40 പിന്നിടുമ്പോൾ തന്നെ മുഖത്തും കൈകാലുകളിലും ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണഅ. ഇതിനൊരു പരിഹാരമാർഗമാണ് വൈറ്റമിൻ സി യുടെ ഉപയോഗം. ഡോക്റ്റർമാരുടെ നിർദേശപ്രകാരം വൈറ്റമിൻ സി ഉപയോഗിക്കുന്നത് ചർമത്തിന് ഗുണകരമാണ്.
ആഴ്ചയിലുളള വൈറ്റമിൻ സിയുടെ ഉപയോഗം ചർമത്തെ തിളക്കമുളളതാക്കാൻ സഹായിക്കും. വൈറ്റമിൻ സി ഒരു പ്രകൃതിദത്ത ഓക്സിഡൻറാണ്. മനുഷ്യന്‍റെ ആരോഗ്യം നില നിർത്താനും, നന്നായി പ്രവർത്തിക്കാനും വൈറ്റമിൻ സി ആവശ്യമാണ്.
ചർമം, എല്ലുകൾ, രക്തക്കുഴലുകൾ, ബന്ധിത ടിഷ്യു എന്നിവ ആരോഗ്യകരമായി നിലനിർത്താനും ഇത് സഹായിക്കും. മുറിവുകൾ ഉണങ്ങാനും വൈറ്റമിൻ സി സഹായിക്കുന്നു. വേറൊരു പ്രത്യേക്ത എന്നുവെച്ചാൽ കടുത്ത ജലദോഷത്തിന്‍റെ ദൈർഘ്യത്തെ കുറയ്ക്കാൻ സഹായിക്കുമെന്ന് അടുത്തിടെ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. വൈറ്റമിൻ സി ഗുളികകൾ ഫാർമസികളിൽ ലഭ്യമാണ്. ഗുളികയുടെ ഉപയോഗം വേഗത്തിൽ ഫലം കിട്ടാൻ സഹായിക്കും.
കൂടാതെ വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയും ഇത് നമ്മുടെ ശരീരത്തിലെത്തും. മുന്തിരി, ഓറഞ്ച്, തക്കാളി, പേരയ്ക്ക, കിവി എന്നിവയിലും കാപ്സിക്കം, കാബേജ്, ഉരുളൻക്കിഴങ്ങ്, കോളിഫ്ളവർ, ബ്രോക്കോളി എന്നീ പച്ചക്കറികളും വൈറ്റമിൻ സി കൂടുതലായിട്ടുണ്ട്.
ഗുളിക രൂപത്തിലുളള വൈറ്റമിൻ സിയെയാണ് പലരും ആശ്രയിക്കുന്നത്. ഗുളിക രൂപത്തിലുളളതിന് പെട്ടെന്ന് ഫലം കിട്ടുമെന്നതിനാലാണ് ഇത്. ഫല-പച്ചക്കറിയിലുളളതിൽ വൈറ്റമിൻ സി യുടെ അളവിൽ വ്യത്യാസം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ ഇനി ക്രീമും, ഫേസ് പാക്കും വാങ്ങി പണം കളയാതെ ഡോക്‌ടറുടെ നിർദ്ദേശത്തോടെ വൈറ്റമിൻ സി ഉപയോഗിക്കൂ.