
ഡോ. ഗിഡിയൻ ലാക്ക്
file photo
നിലക്കടല കുഞ്ഞുങ്ങളിൽ പലപ്പോഴും അലർജി ഉണ്ടാക്കുന്ന ഭക്ഷ്യ വസ്തുവാണ്. അതുകൊണ്ടു തന്നെ കൊച്ചു കുട്ടികൾക്ക് അതു നൽകാൻ ആരുമത്ര പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ നിലക്കടല അലർജിക്ക് പ്രതിവിധിയും നിലക്കടല തന്നെ എന്നതാണ് പുതിയ കണ്ടെത്തൽ തെളിയിച്ചിരിക്കുന്നത്. മൂന്നു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ നിലക്കടല നൽകി ശീലിപ്പിച്ചാൽ അവർക്ക് നിലക്കടല കൊണ്ടു മാത്രമല്ല, എല്ലാ ഭക്ഷ്യ അലർജിയും ഒഴിവാക്കാൻ സഹായിക്കുമെന്നു പുതിയ പഠനം കണ്ടെത്തി.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ പരീക്ഷണത്തിന്‍റെ ഭാഗമായി 60,000 കുട്ടികളിൽ അലർജി ഒഴിവാക്കാൻ സഹായിച്ചതായി ഈ പഠനം വ്യക്തമാക്കുന്നു. കുഞ്ഞുങ്ങൾക്ക് ഭീഷണിയായ അലർജികളുടെ വികസനം തടയാൻ നിലക്കടലയ്ക്ക് സാധിക്കുമെന്ന കണ്ടെത്തൽ ശിശു ചികിത്സാ രംഗത്തു തന്നെ വലിയ മാറ്റങ്ങളുണ്ടാക്കിയതായി പുതിയ ഗവേഷണങ്ങൾ പറയുന്നു.
2015 ലാണ് ഈ പരീക്ഷണം ആദ്യമായി തുടങ്ങിയത്. അന്ന് നാലു മാസം പ്രായമുള്ള കുഞ്ഞുങ്ങളിൽ മുതൽ ഈ പരീക്ഷണം തുടങ്ങിയിരുന്നത്രെ. പരീക്ഷണം തുടങ്ങുന്നതിനു മുമ്പും പിമ്പും കുഞ്ഞുങ്ങളുടെ ഭക്ഷണ അലർജിയുടെ രോഗനിർണയം ട്രാക്ക് ചെയ്യാനായി ഡസൻ കണക്കിനു പീഡിയാട്രിക് പ്രാക്റ്റീസുകളിൽ നിന്നുള്ള ഇലക്‌ട്രോണിക് ഹെൽത്ത് റെക്കോർഡുകളാണ് ഡോ.ഡേവിഡ് ഹില്ലും സഹപ്രവർത്തകരും വിശകലനം ചെയ്തത്.
എന്നാൽ മുമ്പ് മൂന്നു വയസു വരെയുള്ള കുട്ടികൾക്ക് നിലക്കടലയും അലർജി ഉണ്ടാക്കാൻ സാധ്യതയുള്ള മറ്റു ഭക്ഷണങ്ങളും നൽകരുത് എന്നായിരുന്നു ഡോക്റ്റർമാർ ശുപാർശ ചെയ്തിരുന്നത്. 2015ൽ ലണ്ടനിലെ കിങ്സ് കോളെജിലെ ഗിഡിയൻ ലാക്ക് എന്ന ഗവേഷകൻ ലേണിങ് ഏർലി എബൗട്ട് പീനട്ട് അലർജി അഥവാ LEAP എന്ന വിപ്ലവകരമായ പരീക്ഷണം പ്രസിദ്ധീകരിച്ചതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
ശൈശവാവസ്ഥയിൽ തന്നെ നിലക്കടല ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നത് ഭാവിയിൽ ഭക്ഷ്യ അലർജികൾ ഉണ്ടാകാനുള്ള സാധ്യത 80 ശതമാനത്തിലധികം കുറച്ചതായി ലാക്കും സഹപ്രവർത്തകരും തെളിയിച്ചു. ചെറുപ്പത്തിൽ ഇങ്ങനെ നിലക്കടല ശീലിച്ച കൗമാരത്തിലേയ്ക്കെത്തുന്ന 70 ശതമാനം കുട്ടികളിലും ഈ സംരക്ഷണം നിലനിൽക്കുന്നുണ്ടെന്നും പിന്നീടു നടത്തിയ വിശകലനത്തിൽ തെളിഞ്ഞു.