
ദുബായ്: ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ കാലയളവിൽ ദുബായ് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ 25 ശതമാനം വരെ വർധനയുണ്ടാവുമെന്ന് വിനോദ സഞ്ചാര മേഖലയിലെ വിദഗ്ധർ. മുൻ വർഷങ്ങളിൽ ഡിഎസ്എഫ് സമയത്ത് സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നുവെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
2024 അവസാന പാദത്തിൽ സന്ദർശക വിസകളുടെ അംഗീകാര നിരക്ക് 5-6 ശതമാനം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. യുഎഇയിലേക്ക് വരുന്ന സന്ദർശകർ മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ്, താമസത്തിൻ്റെ തെളിവ്, നിശ്ചിത തുക എന്നിവ കൈവശം വയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
നിയമപരമായ രേഖകൾ നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ നിരവധി പേരുടെ വിസ അപേക്ഷകൾ നിരസിക്കപ്പെട്ടിരുന്നു. ദക്ഷിണേഷ്യയിൽ നിന്നുള്ളവരുടെ സന്ദർശക വിസകളാണ് നിരസിക്കപ്പെട്ടതിൽ ഏറെയും. ഇതെ തുടർന്ന് അധികൃതരും ട്രാവൽ ഏജൻസികളും നടത്തിയ ബോധവൽക്കരണം ഫലം കണ്ടുവെന്നും ഇപ്പോൾ സന്ദർശക വിസ നിരസിക്കുന്നതിന്‍റെ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നതെങ്കിൽ എമിറേറ്റ്‌സ് ഐഡി കാർഡ്, താമസ കരാർ എന്നിവ നൽകണമെന്നും ട്രാവൽ ആൻഡ് ടുറിസം രംഗത്തെ പ്രമുഖർ അറിയിച്ചു. അകാരണമായി വിസ അപേക്ഷകൾ നിരസിക്കപ്പെടില്ല എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
2024ലെ ആദ്യ 11 മാസങ്ങളിൽ 16.79 ദശലക്ഷം വിനോദസഞ്ചാരികളാണ് ദുബായിൽ എത്തിയത്. 2023 ലേക്കാൾ 9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മൊത്തം സന്ദർശകരുടെ എണ്ണത്തിൻ്റെ 20 ശതമാനം പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണെത്തിയത്. രണ്ടാം സ്ഥാനം ഏഷ്യൻ രാജ്യങ്ങൾക്കാണ്.17 ശതമാനമാണ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം.